Site iconSite icon Janayugom Online

വഴുതക്കാട് വാര്‍ഡില്‍ കുടിവെള്ളമില്ല; ജലഭവനു മുന്നില്‍ പ്രദേശവാസികള്‍ പ്രതിഷേധിച്ചു

antony rajuantony raju

ഒരാഴ്ചയായി കുടിവെള്ളം ലഭിക്കാത്ത വഴുതക്കാട് വാര്‍ഡിലെ പ്രദേശവാസികള്‍ ജലഭവനു മുന്നില്‍ പ്രതിഷേധിച്ചു. വിവിധ റസിഡന്‍സ് അസോസിയേഷനുകളുടെ നേതൃത്വത്തിലാണ് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചത്. ആന്റണി രാജു എംഎല്‍എ ധര്‍ണ ഉദ്ഘാടനം ചെയ്തു. വഴുതക്കാട് വാര്‍ഡ് കൗണ്‍സിലര്‍ രാഖി രവികുമാര്‍ അധ്യക്ഷത വഹിച്ചു. സി ജയദേവന്‍ സ്വാഗതം പറഞ്ഞു. പ്രദീപ് ജി എം, ഭുവനചന്ദ്രന്‍, ഗോപകുമാര്‍, സുരേഷ് കുമാര്‍, കെ കെ രവീന്ദ്രക്കുറുപ്പ്, മുരളി പ്രതാപ്, പാളയം ബാബു, അനില്‍കുമാര്‍, ജീവന്‍, നാരായണ ശര്‍മ്മ, ദത്ത, ഹരികുമാര്‍, മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. 

സമീപകാലത്ത് സ്മാര്‍ട്ട് റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ വഴുതക്കാട് മേഖലയില്‍ കുടിവെള്ള പ്രശ്നം അതിരൂക്ഷമായി തുടരുകയാണ്. പ്രശ്നം പരിഹരിക്കാനായി നിരന്തരമായ മീറ്റിങ്ങുകളും ഇടപെടലുകളും വാര്‍ഡ് കൗണ്‍സിലര്‍ രാഖി രവികുമാര്‍ നടത്തിയെങ്കിലും വാട്ടര്‍ അതോറിട്ടി ഉദ്യാഗസ്ഥരുടെ ഉദാസീനതയും അലംഭാവവും കാരണം പ്രശ്നം പരിഹരിക്കപ്പെട്ടില്ല. തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലറും റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികളും ആന്റണി രാജു എംഎല്‍എയ്ക്ക് പരാതി നല്‍കി. ഇതിന്റെ അടസ്ഥാനത്തില്‍ നേരിട്ട് ഒരു മീറ്റിങ്ങും അതിനുശേഷം മൂന്ന് റിവ്യൂ മീറ്റിങ്ങുകളും നടത്തിയെങ്കിലും വഴുതക്കാട് മേഖലയില്‍ കുടിവെള്ള പ്രശ്നം അതിരൂക്ഷമായി തുടരുകയും പുതിയ സ്ഥലങ്ങളില്‍ പുതുതായി രൂപപ്പെടുകയും ചെയ്യുകയായിരുന്നു. മൂന്നും നാലും ദിവസം കുടിവെള്ളം ലഭിക്കാത്ത പല ഭാഗങ്ങളിലും ആളുകളുടെ ജീവിതം തന്നെ വഴി മുട്ടിയ അവസ്ഥയിലായെന്ന് രാഖി രവികുമാര്‍ പറഞ്ഞു. പ്രായമേറിയ ആളുകള്‍ താമസിക്കുന്ന വഴുതക്കാട് ടാങ്കര്‍ എത്തുന്ന സ്ഥലങ്ങളില്‍ വെള്ളം എത്തിച്ചെങ്കിലും പ്രായാധിക്യത്താല്‍ കുടിവെള്ളം ചുമന്ന് വീട്ടിലേക്ക് എത്തിക്കാന്‍ പലര്‍ക്കും സാധിച്ചില്ല. 

കൂടാതെ ചെറിയ ഇടവഴികളില്‍ കുടിവെള്ളം എത്തിക്കാന്‍ വാട്ടര്‍ അതോറിട്ടി യാതൊരു സംവിധാനവും നാളിതുവരെ ഏര്‍പ്പെടുത്തിയില്ല. നിരന്തരമായ പൈപ്പ് പൊട്ടലുകള്‍, പല ഭാഗത്തുള്ള വെള്ള ചോര്‍ച്ചകള്‍, ജീവനക്കാര്‍ക്കു പോലും ബോധ്യപ്പെടാത്ത പല പൈപ്പ് ലൈനുകള്‍ എന്നിവയെല്ലാം പ്രശ്നം സങ്കീര്‍ണതയിലെത്തിച്ചു. പ്രദേശവാസികളുടെ ജീവിതം തന്നെ ദുസഹമാകുന്ന സാഹചര്യത്തിലാണ് രാഖി രവികുമാറിന്റെ നേതൃത്വത്തില്‍ ആല്‍ത്തറ, സിഎസ്എം നഗര്‍, ഉദാരശിരോമണി , പാലോട്ടുകോണം, തമ്പുരാന്‍ നഗര്‍, ശ്രീലൈന്‍, ഗാന്ധിനഗര്‍, ടാഗോര്‍ നഗര്‍, വഴുതക്കാട്, ഫോറസ്റ്റ് ഓഫിസ് ലൈന്‍ തുടങ്ങിയ റസിഡന്‍സ് അസോസിയേഷനുകളും കോട്ടണ്‍ ഹില്‍ സ്കൂള്‍ അധികൃതര്‍ ചേര്‍ന്നാണ് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്നാണ് ഇന്നലെ ജലഭവനു മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചത്. തുടര്‍ന്ന് ജലഭവന്‍ ഉദ്യോഗസ്ഥരുമായി വാര്‍ഡ് കൗണ്‍സിലറും പ്രതിനിധികളും ചര്‍ച്ച നടത്തി.
പ്രശ്നം പരിഹരിക്കാന്‍ വഴുതക്കാട് പ്രദേശത്തും സമീപ മേഖലകളിലും മതിയായ ഉദ്യോഗസ്ഥരെ വിന്യസിക്കാന്‍ തീരുമാനമായി. രാത്രി കാലങ്ങളില്‍ കുടിവെള്ളം എല്ലാ പ്രദേശത്തും എല്ലാ ദിവസവും എത്തിക്കാനും നിര്‍ദ്ദേശം നല്‍കി. ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താമെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടുള്ള ഉറപ്പ്. അത് പാലിക്കാത്ത പക്ഷം കടുത്ത പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് സമരസമിതിയുടെ തീരുമാനം.

Exit mobile version