ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ സിനിമ മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന ചൂഷണങ്ങളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പുറത്ത് വരുന്നത്. ലൊക്കേഷനിൽ നടിമാർക്ക് ശുചിമുറി ഒരുക്കാറില്ലെന്ന വിവരവും റിപ്പോർട്ടിലുണ്ട്. മൂത്രമൊഴിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ സെറ്റില്‍ സ്ത്രീകള്‍ വെള്ളം കുടിക്കാതെ നില്‍ക്കുകയും. പലര്‍ക്കും യൂറിനറി ഇന്‍ഫെക്ഷന്‍ ഉണ്ടായെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. നടിമാർ താമസിക്കുന്ന ഹോട്ടൽ മുറി തുറക്കാൻ വിസമ്മതിച്ചാൽ ബലം പ്രയോഗിക്കുന്ന അവസ്ഥയുണ്ടായിട്ടുണ്ടെന്നും മൊഴിയുണ്ട്. ഷൂട്ടിങ് സെറ്റുകളിൽ കുടുംബത്തിൽ ഉള്ളവരെ ഒപ്പം കൊണ്ട് പോകേണ്ട അവസ്ഥയുണ്ടെന്നും നടിമാർ മൊഴിയില്‍ പറയുന്നു.
സ്ത്രീകൾക്കെതിരെ അതിക്രമ പരാതികൾ നൽകുന്നതിനുള്ള ആഭ്യന്തര പരാതി പരിഹാര സെൽ സിനിമാ സെറ്റുകളിൽ പ്രവർത്തിക്കുന്നില്ല. അതുകൊണ്ടുതന്നെ ബദലായ സ്വതന്ത്ര സംവിധാനം അനിവാര്യമാണെന്നും ഹേമ കമ്മീഷൻ നിർദേശിക്കുന്നു. സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സ്വതന്ത്ര സംവിധാനം വേണം. സ്വതന്ത്ര സംവിധാനം സർക്കാർ നേരിട്ട് രൂപീകരിക്കണമെന്നും നിയമപരമായിരിക്കണം ആ പരാതി പരിഹാര സംവിധാനമെന്നും ഹേമ കമ്മിറ്റി നാലര വർഷം മുൻപ് നിർദ്ദേശിച്ചിരുന്നു.
സഹകരിക്കുന്ന നടിമാർ പ്രത്യേക കോഡ് പേരുകളിലാണ് സിനിമാ മേഖലയിൽ അറിയപ്പെടുന്നത്. സഹകരിക്കാത്തവരെ പ്രശ്നക്കാരെന്ന് പറഞ്ഞ് ഒഴിവാക്കുകയും ചെയ്യും. വഴിവിട്ട കാര്യങ്ങൾക്ക് നിർബന്ധിക്കുന്നതും പതിവാണ്. നടിമാർക്ക് പുറമെ അവരുടെ ബന്ധുക്കൾക്ക് പോലും വഴങ്ങേണ്ട സ്ഥിതിയുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമുണ്ട്.
വഴങ്ങാത്ത നടിമാർക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്നത് റിപ്പോർട്ടിലുണ്ട്. നടിമാര്‍ അഭിനയിക്കുമ്പോൾ അനാവശ്യമായി റിപ്പീറ്റ് ഷോട്ട് എടുക്കാറുണ്ട്. അവസരങ്ങൾ ഇല്ലാതാക്കി സിനിമാ മേഖലയിൽനിന്ന് പുറത്താക്കാനുള്ള ശ്രമവും നടക്കാറുണ്ട്. പരാതിപ്പെട്ടാൽ സമൂഹമാധ്യമത്തിലൂടെ അപമാനിക്കുന്ന സംഭവവും ഉണ്ടായിട്ടുണ്ട്. ഡബ്ലുസിസിയിൽ അംഗത്വം എടുത്തതിന് തൊഴിൽ നിഷേധിച്ചതായും ഒരു നടി മൊഴി നൽകിയിട്ടുണ്ട്.