Site iconSite icon Janayugom Online

വിദ്യാഭ്യാസത്തിന് അര്‍ഹമായ വിഹിതമില്ല

പ്രഖ്യാപനം കാവിവല്കരണത്തിന്റെ തുടര്‍ച്ച

വിദ്യാഭ്യാസ മേഖലയിൽ പ്രഖാപിച്ചിട്ടുള്ള ബജറ്റ് നിർദേശങ്ങൾ ഈ മേഖലയിൽ മോഡി സർക്കാർ നടത്തുന്ന കാവിവല്കരണത്തിന്റെ തുടർച്ചയെന്ന് സൂചന. അതേസമയം അര്‍ഹമായ ബജറ്റ് വിഹിതം വിദ്യാഭ്യാസ മേഖലക്ക് ഇത്തവണയും അനുവദിച്ചിട്ടില്ല. വിദ്യാഭ്യാസത്തിന് 1,04,278 കോടി രൂപയാണ് ബജറ്റ് അനുവദിച്ചത്. കഴിഞ്ഞ വര്‍ഷത്തെക്കാൾ 11,054 കോടി രൂപ കൂടുതലാണിത്. ബജറ്റ് വിഹിതത്തിൽ 11.86 ശതമാനം വർധനവുണ്ടായെന്ന് തോന്നാമെങ്കിലും മേഖലക്ക് അര്‍ഹമായ തുക അനുവദിച്ചില്ല. 1965 ലെ കോത്താരി കമ്മിഷനും തുടർന്നുള്ള ദേശീയ വിദ്യാഭ്യാസ കമ്മിഷനുകളും രാജ്യത്തിന്റെ ജിഡിപിയുടെ ആറ് ശതമാനം വിദ്യാഭ്യാസത്തിനായി ചെലവഴിക്കണമെന്ന് നല്കിയ ശുപാർശ ഇത്തവണയും പ്രാവര്‍ത്തികമായില്ല. ജനുവരി 31 ന് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച സാമ്പത്തിക സർവേ പ്രകാരം, ജിഡിപിയുടെ 3.1 ശതമാനമാണ് ഇത്തവണത്തെ വിഹിതം. അതേസമയം ബജറ്റിലെ നിര്‍ദേശങ്ങള്‍ കാവിവല്കരണ അജണ്ട നടപ്പാക്കാനുള്ള നീക്കത്തിന് ശക്തിപകരുന്നതാണെന്ന് സചന. 15,000 പുതിയ സ്കൂളുകൾ എൻജിഒകളുടെ സഹായത്തോടെ വരുമെന്നാണ് പറയുന്നത്. ആർഎസ്എസ് പങ്കാളിത്തമുള്ള സംഘടനകളാണ് ഈ എൻജിഒകൾ എന്നാണ് സൂചന. പാഠപുസ്തക പരിഷ്കരണം പോലുള്ള ഗൗരവമായ വിഷയത്തിൽ പോലും സംഘപരിവാർ സംഘടനയായ ഭാരതീയ ശിക്ഷൺ മണ്ഡലിനെയാണ് സർക്കാർ ഒപ്പം നിർത്തുന്നത്. ഉന്നത വിദ്യാഭ്യാസ കമ്മിഷൻ, ദേശീയ റിസർച്ച് ഫൗണ്ടേഷൻ എന്നിവ സംബന്ധിച്ചും ഇത്തവണ പ്രഖ്യാപനമുണ്ട്. ദേശീയ വിദ്യാഭ്യാസത്തിന്റെ പേരിൽ നടപ്പാക്കുന്ന ഏകപക്ഷീയമായ വിദ്യാഭ്യാസരീതിക്ക് ശക്തിപകരുന്നവയാകും ഈ സംവിധാനങ്ങൾ. അക്കാദമിക് സ്ഥാപനങ്ങളിൽ, പ്രത്യേകിച്ച് സർവകലാശാലകളിലും കോളേജുകളിലും ഗവേഷണം സുഗമമാക്കുക എന്നതാണ് ദേശീയ റിസർച്ച് ഫൗണ്ടേഷൻ ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപധാൻ കഴിഞ്ഞ വർഷം വ്യക്തമാക്കിയിരുന്നു. ന്യൂനപക്ഷ വിദ്യഭ്യാസ പദ്ധതികൾക്ക് പ്രത്യേക പദ്ധതികൾ പ്രഖ്യാപനത്തിൽ കണ്ടില്ല. കഴിഞ്ഞ തവണ 310 കോടി ഉണ്ടായിരുന്നു. മൗലാനാ ആസാദ് നാഷണൽ ഫെലോഷിപ്പ് അടക്കമുള്ള ന്യൂനപക്ഷ ഫെല്ലോഷിപ്പുകളും പോസ്റ്റ് മെട്രിക് സ്കോളർഷിപ്പുകളുമെല്ലാം സർക്കാർ വെട്ടിക്കുറച്ചു. പട്ടിക ജാതി/വർഗ വിഭാഗങ്ങളിൽ നിന്നുള്ള ഗവേഷക വിദ്യാർത്ഥികൾക്കുള്ള നാഷണൽ ഫെല്ലോഷിപ് ഫോർ എസ്‍ടി, നാഷണൽ ഫെല്ലോഷിപ്പ് ഫോർ ഒബിസി തുടങ്ങിയവയ്ക്കും വിഹിതം നീക്കിവെച്ചിട്ടില്ല.

 

ഭക്ഷണത്തിലും പിടിമുറുക്കി മോഡി സര്‍ക്കാര്‍

ന്യൂഡല്‍ഹി: പട്ടിണിപ്പാവങ്ങള്‍ക്കുള്ള ഭക്ഷ്യധാന്യങ്ങളുടെ വിതരണം വെട്ടിക്കുറയ്ക്കുന്ന മോഡി സര്‍ക്കാരിന്റെ നയങ്ങളുടെ നേര്‍സാക്ഷ്യമായി ബജറ്റ്. ഭക്ഷ്യ സബ്സിഡിക്കുള്ള തുക 28 ശതമാനത്തോളം വെട്ടിക്കുറച്ചു. ഭക്ഷ്യധാന്യങ്ങളുടെ വില കൂട്ടണമെന്ന സാമ്പത്തിക സര്‍വേയിലെ സൂചന വെെകാതെ നടപ്പാകുമെന്നാണ് ബജറ്റ് സൂചിപ്പിക്കുന്നത്. 2021–22ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 2.9 ലക്ഷം കോടി രൂപയായിരുന്ന ഭക്ഷ്യധാന്യ സബ്സിഡി ഇപ്പോൾ 2.1 ലക്ഷം കോടി രൂപയായി കുറഞ്ഞു. 27.59 ശതമാനമാണ് ഇടിവ്. വളം സബ്സിഡിയുടെ കാര്യത്തിലും കഴിഞ്ഞ വർഷത്തെ 1.40 ലക്ഷം കോടിയിൽ നിന്ന് 1.05 ലക്ഷം കോടിയായി കുറഞ്ഞു. ഏകദേശം 25 ശതമാനമണ് കറച്ചത്. ഭക്ഷ്യ സബ്സിഡി കാർഷിക സബ്സിഡി എന്നിവയുടെ തുക വെട്ടിക്കുറച്ചതും കോവിഡ് പ്രതിരോധത്തിന്റെ തുക കുറച്ചതും എല്ലാം സാധാരണ ജനങ്ങളുടെ മുതുകിലേക്കുള്ള ഭാരങ്ങളാണ്. ഭക്ഷ്യ സബ്സിഡി പരിധിയിലേറെ വർധിക്കുന്ന സാഹചര്യത്തിൽ റേഷൻ കടകൾ വഴിയുള്ള ഭക്ഷ്യധാന്യങ്ങളുടെ വില്പന വില സർക്കാർ കൂട്ടണമെന്നാണ് കഴിഞ്ഞദിവസം അവതരിപ്പിച്ച സാമ്പത്തിക സര്‍വേയിലെ പ്രധാന നിർദ്ദേശമായിരുന്നു. നിലവിൽ അരി കിലോയ്ക്ക് മൂന്നു രൂപ സബ്സിഡി നിരക്കിലാണ് റേഷൻ കടകൾ വിതരണം ചെയ്യുന്നത്. ഗോതമ്പിന് രണ്ടു രൂപയും ഭക്ഷ്യധാന്യങ്ങൾക്ക് കിലോ ഒരു രൂപയുമാണ് സബ്സിഡി നിരക്ക്. സബ്സിഡി ഇനത്തിൽ കേന്ദ്രം വലിയ ബാധ്യത ഏറ്റെടുക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ പൊതുവിതരണ കേന്ദ്രങ്ങൾ വഴിയുള്ള ഭക്ഷ്യവസ്തുക്കളുടെ സബ്സിഡി നിരക്ക് ഭേദഗതി ചെയ്യണമെന്ന് സാമ്പത്തിക സർവേ ശുപാർശ ചെയ്തിരുന്നു. നിലവിൽ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിലാണ് കേന്ദ്രം റേഷൻ കടകളിലൂടെ സമൂഹത്തിലെ പാവപ്പെട്ടവരക്ക് ഭക്ഷ്യസാമഗ്രികൾ ഉറപ്പുവരുത്തുന്നത്. 2013 ൽ ഭക്ഷ്യസുരക്ഷാ നിയമം വന്നതിന് ശേഷം അരിയുടെയും ഗോതമ്പിന്റെയും സബ്സിഡി നിരക്കുകൾ സർക്കാർ പുതുക്കിയിട്ടില്ല. 2020 ലെ കേന്ദ്ര ബജറ്റിൽ 1.15 ലക്ഷം കോടിയാണ് പൊതുവിതരണ കേന്ദ്രങ്ങൾ വഴി ഭക്ഷ്യധാന്യങ്ങൾ എത്തിക്കാനും ക്ഷേമനിധി പദ്ധതികൾക്കുമായി സർക്കാർ വകയിരുത്തിയത്. ഈ കാലഘട്ടത്തിൽ ഉല്പാദനത്തിനും വിതരണത്തിനും ചെലവേറിയെന്നും വില കൂട്ടണമെന്നുമായിരുന്നു ശുപാര്‍ശ. ബജറ്റ് വിഹിതം കുറച്ചത് അതിന്റെ മുന്നോടിയാണെന്നാണ് സൂചന.

 

വാക്സിനേഷന് 5,000 കോടി മാത്രം

കോവിഡ് പിടിവിടാത്ത ആരോഗ്യ കുടുംബക്ഷേമ മേഖലയ്ക്ക് ഈ വര്‍ഷത്തെ ബജറ്റില്‍ കാര്യമായ പരിഗണന ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വളരെ തുച്ഛമായ വര്‍ധനയാണ് ബജറ്റ് വിഹിതത്തില്‍ ഈ മേഖലയ്ക്കുണ്ടായിട്ടുള്ളത്. 86,200. 65 കോടിയാണ് ആരോഗ്യ കുടുംബക്ഷേമ മേഖലയ്ക്ക് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷമിത് 86,000. 65 കോടിയായിരുന്നു. പുതിയ പദ്ധതികളൊന്നും ആരോഗ്യ മേഖലയ്ക്കായി പ്രഖ്യാപിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. വാക്സിനേഷന്‍ പദ്ധതിക്കും വളരെ തുച്ഛമായ തുക മാത്രമാണ് അനുവദിച്ചിരിക്കുന്നത്. 2021–22 സാമ്പത്തിക വര്‍ഷത്തില്‍ 35,000 കോടിയാണ് ബജറ്റില്‍ അനുവദിച്ചിരുന്നതെങ്കിലും പിന്നീടിത് 39,000 കോടിയായി പുതുക്കി നിശ്ചയിക്കുകയായിരുന്നു. എന്നാല്‍ ഈ വര്‍ഷം വെറും 5,000 കോടി മാത്രമാണ് വാക്സിനേഷന്‍ പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. ഇതുവരെ 167 കോടി ഡോസ് വാക്സിനുകളാണ് രാജ്യത്ത് വിതരണം ചെയ്തത്. വാക്സിനെടുക്കേണ്ട ജനസംഖ്യയുടെ 95 ശതമാനത്തിന് ഒരു ഡോസും 75 ശതമാനത്തിന് രണ്ട് ഡോസും നല്‍കി.

Exit mobile version