Site iconSite icon Janayugom Online

മലയാള സിനിമയിൽ പ്രവർത്തിക്കുന്നവർക്ക് സുരക്ഷിതത്വമില്ല; സെറ്റിൽ അതിരുവിടുന്നുവെന്നും സുഹാസിനി

മറ്റ് സിനിമ ഇൻഡസ്ട്രികളെ അപേക്ഷിച്ച് മലയാള സിനിമയിൽ പ്രവർത്തിക്കുന്നവർക്ക് സുരക്ഷിതത്വമില്ലെന്ന് നടി സുഹാസിനി. ​ മലയാള സിനിമയിൽ അതിർവരമ്പുകൾ ഭേദിക്കപ്പെടുകയാണെന്നും അവർ പറഞ്ഞു. ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി ‘സ്ത്രീ സുരക്ഷയും സിനിമയും’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു താരം. മറ്റ് തൊഴില്‍ മേഖലകളില്‍ നിന്ന് വ്യത്യസ്തമാണ് സിനിമാ മേഖല. മറ്റ് മേഖലകളില്‍ ജോലി കഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് തിരിച്ചുവരാം. എന്നാല്‍ സിനിമയില്‍ അങ്ങനെയല്ല. ഇരുന്നൂറോ മുന്നൂറോ പേര്‍ ഒരു സ്ഥലത്തേക്ക് പോവുകയും കുടുംബം പോലെ അവിടെ താമസിക്കുകയുമാണ് ചെയ്യുന്നത്. 

അങ്ങനെയുള്ളിടത്ത് ചിലപ്പോള്‍ അറിഞ്ഞോ അറിയാതെയോ അതിര്‍ത്തിരേഖകള്‍ മറികടക്കപ്പെടും. ഒരു ​ഗ്രാമത്തിൽ യാതൊരു നിയമങ്ങൾക്കും വിധേയരാകാതെ 200 പേരുണ്ടെങ്കിൽ അതിരുകൾ മറികടക്കാൻ സാധ്യതയുണ്ട്. അവിടെയാണ് യഥാർത്ഥ പ്രശ്നം. മലയാള സിനിമയിൽ പോലും ഇതേ കാര്യം നടക്കുന്നുണ്ട്. തമിഴ് സിനിമയാണെങ്കിൽ ഷൂട്ട് കഴിഞ്ഞ് ചെന്നൈക്ക് പോകും. തെലുങ്കിലാണെങ്കിൽ ഹൈദരാബാദിലേക്കും കന്നഡയിലാണെങ്കിൽ ബാം​ഗളൂരുവിലേക്കും ഷൂട്ട് കഴിഞ്ഞ് പോകും. എന്നാൽ മലയാളത്തിൽ അങ്ങനെയല്ല. 

അതാത് ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞാൽ തിരികെ വീട്ടിലേക്ക് തിരിച്ചുപോകാനാവില്ല. കാരണം അവിടെ അങ്ങനെയൊരു സ്ഥലമില്ല എന്നതുതന്നെ. അതുകൊണ്ടാണ് അവിടങ്ങളിൽ അതിർവരമ്പുകൾ ഭേദിക്കപ്പെടുന്നതെന്നും സുഹാസിനി കൂട്ടിച്ചേർത്തു. സെറ്റിൽ അതിരുവിടുന്നവരെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് താൻ ഭർത്താവ് മണിരത്നത്തോട് ചോദിച്ചിട്ടുണ്ട്. അങ്ങനെ ചെയ്ത ഒരാളെ സെറ്റിൽനിന്നുതന്നെ പുറത്താക്കിയ സംഭവമാണ് അതിന് മറുപടിയായി അദ്ദേഹം പറഞ്ഞുതന്നത്. ഭൂരിഭാ​ഗം പേരെയും പുറത്തേക്കെറിയണമെന്ന് അദ്ദേഹം പറഞ്ഞെന്നും സുഹാസിനി കൂട്ടിച്ചേർത്തു. 

Exit mobile version