Site iconSite icon Janayugom Online

ബിജെപി സംസ്ഥാനങ്ങളില്‍ എസ്ഐആറില്ല

ബിജെപിയിതര സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്ഐആര്‍) നടത്തുന്ന ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എസ്ഐആറില്‍ വെള്ളം ചേര്‍ക്കുന്നു. ഭരണകക്ഷിക്ക് അനുകൂലമായി അസമില്‍ വോട്ടര്‍ പട്ടികയുടെ പ്രത്യേക പുനരവലോകനം (എസ്ആര്‍) മാത്രമാണ് നടത്തുന്നത്.
എസ്ഐആറിനും പ്രത്യേക വാര്‍ഷിക സംഗ്രഹ പരിശോധനയ്ക്കും ഇടയിലുള്ള നടപടിയാണ് പ്രത്യേക പുനരവലോകനം എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതുപ്രകാരം എന്യൂമറല്‍ ഫോമുകള്‍ക്ക് പകരം മുന്‍കൂട്ടി പൂരിപ്പിച്ച രജിസ്റ്ററുമായി ബൂത്ത് ലെവല്‍ ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി വോട്ടര്‍മാരുടെ വിവരങ്ങള്‍ പരിശോധിക്കും. വീടുവീടാന്തരമുള്ള സര്‍വേ നടത്തി വോട്ടര്‍മാരില്‍ നിന്നോ ഗൃഹനാഥനില്‍ നിന്നോ വിശദാംശങ്ങള്‍ പരിശോധിച്ചുറപ്പിക്കുകയോ, തിരുത്തുകയോ ചെയ്യും. സംശയാസ്പദമായ വോട്ടര്‍മാരുടെ (ഡി- വോട്ടര്‍മാര്‍) വിവരങ്ങള്‍ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തില്ലെന്നും അധികൃതര്‍ പറഞ്ഞു.
മതിയായ രേഖകളില്ലാത്തതിനാല്‍ വോട്ടര്‍മാരായി അംഗീകരിക്കാത്ത അസം സ്വദേശികളാണ് ഡി ‑വോട്ടര്‍മാര്‍. 1946ലെ വിദേശി നിയമപ്രകാരം പ്രത്യേക ട്രിബ്യൂണലുകളാണ് ഡി- വോട്ടര്‍മാരെ നിര്‍ണയിക്കുന്നത്. ഇത്തരക്കാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തിരിച്ചറിയില്‍ കാര്‍ഡ് നല്‍കില്ല. ഇവരുടെ പേര്, പ്രായം, ഫോട്ടോ തുടങ്ങിയ എല്ലാ വിവരങ്ങളും യാതൊരു മാറ്റവുമില്ലാതെ കരട് പട്ടികയില്‍ ഉള്‍പ്പെടുത്തും. വിദേശി ട്രിബ്യൂണലില്‍ നിന്നോ, കോടതിയില്‍ നിന്നോ ഉത്തരവ് ലഭിച്ചാല്‍ ഇവരെ ഒഴിവാക്കുന്നതോ നീക്കം ചെയ്യുന്നതോ ഉള്‍പ്പെടുത്തുന്നതോ അടക്കമുള്ള നടപടികള്‍ സ്വീകരിക്കും.
അസമില്‍ അടുത്തവര്‍ഷമാണ് തെരഞ്ഞെടുപ്പ്. നവംബര്‍ 22 മുതല്‍ അടുത്തമാസം 20 വരെയാണ് എസ്ആര്‍ നടപടി. കരട് വോട്ടര്‍ പട്ടിക ഡിസംബര്‍ 27നും അന്തിമ പട്ടിക ഫെബ്രുവരി 10നും പ്രസിദ്ധീകരിക്കും. അസമിന് പൗരത്വനിയമത്തിലെ പ്രത്യേക വ്യവസ്ഥകള്‍ ബാധകമായതിനാലും സുപ്രീം കോടതിയുടെ പരിഗണനയിലുള്ളതിനാലുമാണ് എസ്ആര്‍ നടത്തുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം.
ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, കേരളം, മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്‍നാട്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദീപുകള്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ എസ്ഐആര്‍ നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു. കേരളം, തമിഴ‍്നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലും അടുത്തവര്‍ഷമാണ് തെരഞ്ഞെടുപ്പ്.

Exit mobile version