ഇന്ത്യയിലേക്ക് എന്ന് മടങ്ങിവരാൻ സാധിക്കുമെന്ന് കൃത്യമായി പറയാനാകില്ലെന്ന് വ്യവസായി വിജയ് മല്യ ബോംബെ ഹൈക്കോടതിയെ അറിയിച്ചു. പാസ്‌പോർട്ട് ഉൾപ്പെടെയുള്ള യാത്രാരേഖകൾ കൈവശമില്ലാത്തതാണ് ഇതിന് കാരണമായി അഭിഭാഷകൻ മുഖേന മല്യ കോടതിയിൽ ബോധിപ്പിച്ചത്. ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ, ജസ്റ്റിസ് ഗൗതം അൻഖാദ് എന്നിവരടങ്ങിയ ബെഞ്ചാണ് മല്യ നൽകിയ ഹർജി പരിഗണിച്ചത്.
വിജയ് മല്യ നേരിട്ട് ഹാജരാകാതെ, സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചതിനെതിരായ ഹർജി പരിഗണിക്കില്ലെന്ന് കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തന്നെ പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളി ആയി പ്രഖ്യാപിച്ച ഉത്തരവിനെയും സാമ്പത്തിക കുറ്റവാളി നിയമത്തിന്റെ ഭരണഘടനാപരമായ സാധുതയെയും ചോദ്യം ചെയ്തുകൊണ്ടാണ് മല്യ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, എപ്പോൾ കോടതിയിൽ ഹാജരാകുമെന്ന് ബെഞ്ച് ആവർത്തിച്ച് ചോദിച്ചപ്പോഴാണ് രേഖകളില്ലാത്തതിനാൽ മടക്കം അനിശ്ചിതത്വത്തിലാണെന്ന മറുപടി മല്യ നൽകിയത്.

