Site icon Janayugom Online

വൈദ്യുതി പ്രതിസന്ധി ഗുരുതരം: രാജ്യം സ്തംഭിക്കുന്നു

coal

കല്‍ക്കരിക്ഷാമത്തെ തുടര്‍ന്നുള്ള കടുത്ത വൈദ്യുത പ്രതിസന്ധിയില്‍ രാജ്യം നിശ്ചലമാകുന്നു. താപവൈദ്യുത നിലയങ്ങള്‍ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയതോടെ രാഷ്ട്രതലസ്ഥാനമായ ഡല്‍ഹിക്ക് പുറമെ പഞ്ചാബ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളും കടുത്ത വൈദ്യുതി നിയന്ത്രണങ്ങളിലേക്ക് കടന്നു.
ചൂട് കൂടിയതിനാല്‍ ഉപഭോഗം കുതിച്ചുയര്‍ന്ന അവസ്ഥയില്‍ കല്‍ക്കരി ക്ഷാമത്തെത്തുടര്‍ന്ന് വൈദ്യുതി ആവശ്യകത നിറവേറ്റാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. പ്രതിദിന ഉപഭോഗത്തില്‍ 623 ദശലക്ഷം യൂണിറ്റിന്റെ കുറവാണ് നേരിടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്തെ 147 താപ വൈദ്യുതി നിലയങ്ങളും കല്‍ക്കരി ക്ഷാമത്തെ അഭിമുഖീകരിക്കുകയാണ്. മിക്ക സംസ്ഥാനങ്ങളിലും വൈദ്യുതി നിയന്ത്രണങ്ങള്‍ നിലവിലുണ്ട്. ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഗുജറാത്ത്, ഝാര്‍ഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളില്‍ മൂന്നുമുതല്‍ എട്ടു മണിക്കൂര്‍ വരെയാണ് പവര്‍കട്ട് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മുഴുവന്‍ സമയവും വൈദ്യുതി നല്‍കാന്‍ സാധിക്കാത്തതിനാല്‍ മെട്രോ ഉള്‍പ്പടെയുള്ള തന്ത്രപ്രധാന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടസപ്പെട്ടേക്കാമെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. ആശുപത്രികളുടെ അടക്കം പ്രവര്‍ത്തനത്തെ ബാധിക്കുന്ന പശ്ചാത്തലത്തില്‍ ഊര്‍ജ മന്ത്രി സത്യേന്ദര്‍ ജെയ്ന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തു.
ഉത്തര്‍പ്രദേശില്‍ ആകെ ആവശ്യമുള്ളതിന്റെ നാലിലൊന്ന് കല്‍ക്കരി ശേഖരം മാത്രമെ അവശേഷിക്കുന്നുള്ളൂ. പഞ്ചാബില്‍ കൃഷിക്ക് വൈദ്യുതി ലഭിക്കാത്തതിനെത്തുടര്‍ന്ന് കൃഷിക്കാര്‍ പ്രക്ഷോഭം തുടങ്ങി. കടുത്ത ചൂടിനെ തുടര്‍ന്ന് വൈദ്യുതി ആവശ്യകതയില്‍ 40 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ബിഹാറില്‍ ഗ്രാമ–നഗര വ്യത്യാസമില്ലാതെ പവര്‍കട്ട് തുടരുന്നു. മധ്യപ്രദേശ്, ത്രിപുര, ഗോവ എന്നിവിടങ്ങളിലും കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും വൈദ്യുതി പ്രതിസന്ധി തുടരുന്നുണ്ട്.
താപ വൈദ്യുതി നിലയങ്ങളില്‍ ആവശ്യമായതിന്റെ നാലിലൊന്ന് മാത്രമാണ് ശേഖരമായിട്ടുള്ളത്. വരും ദിവസങ്ങളില്‍ ഇത് ഉപയോഗിച്ച്‌ തീരുന്നതോടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും.
വ്യവസായമേഖലകളില്‍ വൈദ്യുതി നിയന്ത്രണം നേരിട്ടതോടെ ഫാക്ടറികള്‍ പ്രവര്‍ത്തനം നിർത്തി. ഇത് കോവിഡ് കാരണമുണ്ടായ മാന്ദ്യത്തില്‍ നിന്ന് തിരിച്ചെടുക്കലിന്റെ പാതയിലുള്ള സമ്പദ് വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയായി മാറും.

മെയ് മൂന്നിനും വൈദ്യുതി നിയന്ത്രണമുണ്ടായേക്കും

 

തിരുവനന്തപുരം: മേയ് മൂന്നിന് 400 മെഗാവാട്ട് കുറവ് പ്രതീക്ഷിക്കുന്നുവെന്നും അന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്ന് കെഎസ്ഇബി ചെയര്‍മാന്‍ ബി അശോക് പറഞ്ഞു. വൈദ്യുതി നിയന്ത്രണത്തിന്റെ സാഹചര്യം ഒഴിവാക്കുവാനുള്ള കഠിന പ്രയത്നത്തിലാണ് കെഎസ്ഇബി. മെയ് 31 വരെ യൂണിറ്റിന് 20 രൂപ നിരക്കില്‍ 250 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങും. അടുത്ത രണ്ട് ദിവസങ്ങളിൽ കാര്യമായ വൈദ്യുതി ക്ഷാമമുണ്ടാകില്ലെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: Pow­er cri­sis wors­ens: Coun­try stagnates

You may like this video also

Exit mobile version