Site icon Janayugom Online

ആശങ്കയോടെ ലോകം; ഉക്രെയ്നില്‍ 50 ലക്ഷം പേര്‍ അഭയാര്‍ത്ഥികളായേക്കും

ഏത് യുദ്ധത്തിന്റെയും സ്വാഭാവികമായ അനന്തരഫലമെന്നതുപോലെ ഉക്രെയ്‌നില്‍ നിന്നും പൗരന്മാരുടെ പലായനം തുടങ്ങി. അതിര്‍ത്തി മേഖലകളില്‍ നിന്നുള്ള പലായനം യുദ്ധഭീതി രൂപംകൊണ്ടപ്പോള്‍ തന്നെ അല്പതോതില്‍ ആ­രംഭിച്ചിരുന്നു. ഡോണ്‍ബാസ് മേഖലയില്‍ നിന്നുള്ള ആയിരക്കണക്കിന് പേര്‍ 19 മുതല്‍തന്നെ റഷ്യയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ അഭയം തേടിയിരുന്നു. ഇവരെ പാര്‍പ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍ക്ക് പ്രസിഡന്റ് പുടിന്‍ നിര്‍ദേശം നല്കുകയും ചെയ്തിരുന്നു. 

വ്യാഴാഴ്ച പുലര്‍ച്ചെ റഷ്യ ഔപചാരിക സൈനിക നടപടി പ്രഖ്യാപിച്ചതോടെ ജനങ്ങള്‍ സുരക്ഷിത താവളങ്ങള്‍ തേടി യാത്ര ആരംഭിച്ചു. തലസ്ഥാനമായ കീവിലെ ജനങ്ങള്‍ ബങ്കറുകളിലും മെട്രോകളിലും അഭയം തേടി. വ്യാഴാഴ്ച നൂറുകണക്കിന് ഉക്രെയ്‌ന്‍കാരാണ് പോളണ്ടില്‍ അഭയാര്‍ത്ഥികളായെത്തിയതെന്ന് ആഗോളമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉക്രെയ്‌നുമായി 530 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് പോളണ്ട്. അഭയാര്‍ത്ഥികളെ സ്വീകരിക്കുമെന്ന് പോളണ്ട് പ്രസിഡന്റ് ആൻഡ്രെജ് ഡൂഡ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഹോസ്റ്റലുകളും ഡോര്‍മിറ്ററികളും ഇതിനായി സജ്ജീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അഭയാര്‍ത്ഥികളെ സ്വീകരിക്കുമന്ന് ഫിൻലൻഡ് പ്രധാനമന്ത്രി സന മരിനും അറിയിച്ചിരുന്നു.

സൈനിക നടപടിയുടെ രണ്ടാം ദിവസമായ ഇന്നലെ റഷ്യന്‍ സേന കീവിലേക്ക് അടുത്തുകൊണ്ടിരിക്കുന്നുവെന്ന വിവരങ്ങള്‍ പുറത്തുവന്നതോടെ അവിടെനിന്നും മറ്റ് പ്രദേശങ്ങളിലേക്കുള്ള പലായനവും ആരംഭിച്ചു. ഇത് നഗരത്തിലെ പാതകളില്‍ വന്‍തോതിലുള്ള ഗതാഗത തടസം സൃഷ്ടിച്ചു. പോളണ്ടിനു പുറമേ ചെക്ക്, റൊമാനിയ, സ്ലോവാക്യ എന്നീ രാജ്യങ്ങളെ ലക്ഷ്യമാക്കിയാണ് ഉക്രെയ്‌ന്‍കാരുടെ പലായനം. രാജ്യത്തു നിന്ന് 50 ലക്ഷം വരെ ജനങ്ങള്‍ പലായനം ചെയ്യുമെന്നാണ് യൂണിസെഫിന്റെ കണക്കുകൂട്ടല്‍. അതേസമയം പത്തു മുതല്‍ 50 ലക്ഷം വരെ പേരുടെ പലായനമുണ്ടാകുമെന്ന് യുഎസും മുപ്പത് മുതല്‍ 50 ലക്ഷം വരെ ജനങ്ങള്‍ കുടിയൊഴിപ്പിക്കപ്പെട്ടേക്കുമെന്നാണ് ഉക്രെയ്‌ന്‍ സര്‍ക്കാരും കണക്കാക്കിയിരിക്കുന്നത്. ഡോണ്‍ബാസ് മേഖലയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കുമെന്ന് റഷ്യ നേരത്തെ തന്നെ വ്യക്തമാക്കിയിന്നു. 

Eng­lish Summary:There may be as many as 5 mil­lion refugees in Ukraine
You may also like this video

Exit mobile version