ഉക്രെയ്‌നുനേരെയുള്ള റഷ്യന്‍ ആക്രമണം നടന്നുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തിലും മോഡി ലോകഗുരുവായി മാറിയെന്നും ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ അന്തസുയര്‍ന്നു എന്നുമൊക്കെയുളള മേനിപറച്ചിലില്‍ അഭിരമിക്കുകയാണ് കേന്ദ്ര മന്ത്രിമാരും ബിജെപി നേതാക്കളും. അതിനിടയിലാണ് രാജ്യം ഏകാധിപത്യത്തിലേക്ക് പോകന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. നേരത്തെതന്നെ ഇത്തരം അപായ സൂചനകള്‍ നല്കുന്ന റിപ്പോര്‍ട്ടുകളും സര്‍വേകളും പുറത്തുവന്നിരുന്നതാണ്. ഏകാധിപത്യത്തിലേക്ക് നീങ്ങുന്ന 10 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ സ്ഥാനം പിടിച്ചു കഴിഞ്ഞുവെന്നാണ് ആഗോള ഏജന്‍സിയായ വി-ഡെം (വെറൈറ്റീസ് ഓഫ് ഡെമോക്രസി) ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഈ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഗോഥൻബർഗ് സർവകലാശാലയ്ക്കു കീഴിലാണ് സ്വീഡന്‍ ആസ്ഥാനമായ സ്വതന്ത്ര ഗവേഷക സ്ഥാപനം പ്രവർത്തിക്കുന്നത്. 179 രാജ്യങ്ങളുടെ പട്ടികയില്‍ ഉദാരീകൃത ജനാധിപത്യത്തില്‍ 93ാമതും തെരഞ്ഞെടുപ്പ് ജനാധിപത്യ സൂചികയില്‍ 100ാം സ്ഥാനത്തുമാണ് ഇന്ത്യ. ബിജെപി അധികാരത്തിലെത്തിയതിനുശേഷമുള്ള ഓരോ വര്‍ഷവും അധികാര കേന്ദ്രീകരണവും ഏകാധിപത്യ സ്വഭാവവും ശക്തിപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ബ്രസീൽ, ഹംഗറി, ഇന്ത്യ, പോളണ്ട്, സെർബിയ, തുർക്കി എന്നീ 10 രാജ്യങ്ങളിൽ ആറെണ്ണത്തിലെങ്കിലും ബഹുസ്വര വിരുദ്ധരായ പാർട്ടികളുടെ സ്വേച്ഛാധിപത്യമാണ്. ഇത്തരം പാർട്ടികൾക്കും അവരുടെ നേതാക്കൾക്കും ജനാധിപത്യ പ്രക്രിയയോട് പ്രതിബദ്ധതയില്ല. ന്യൂനപക്ഷ അവകാശങ്ങളെ അനാദരിക്കുക, രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നത് പ്രോത്സാഹിപ്പിക്കുക, രാഷ്ട്രീയ അതിക്രമങ്ങള്‍ തുടങ്ങിയവയാണ് സ്വേച്ഛാധിപത്യത്തിന്റെ അജണ്ടകള്‍. ഇത്തരം കക്ഷികള്‍ പ്രതിലോമകാരികളും അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്തുവാന്‍ ശ്രമിക്കുന്നവരുമാണ് എന്നിങ്ങനെ സ്വേച്ഛാധിപത്യരാജ്യങ്ങളെ കുറിച്ചുള്ള നിര്‍വചനങ്ങളും റിപ്പോര്‍ട്ടിലുണ്ട്. തീര്‍ച്ചയായും എട്ടുവര്‍ഷത്തോളമാകുന്ന ബിജെപിയുടെ കേന്ദ്ര ഭരണവും വിവിധ സംസ്ഥാനങ്ങളിലെ ഭരണങ്ങളും ഈ നിര്‍വചനങ്ങളോട് പൂര്‍ണമായും ചേര്‍ന്നു നില്ക്കുന്നുവെന്ന് കാണാവുന്നതാണ്. ജനാധിപത്യത്തോടുള്ള പ്രതിബദ്ധതയില്ലായ്മ ഏറ്റവും പ്രകടമായ വര്‍ഷങ്ങളായിരുന്നു കടന്നുപോയത്. നിയമനിര്‍മ്മാണ സഭകളില്‍പോലും ചര്‍ച്ചകള്‍ക്ക് അവസരം നല്കുന്നില്ല. ജനാധിപത്യത്തിന്റെ നിയതമായ വ്യവസ്ഥപ്രകാരം ഭൂരിപക്ഷമുള്ള സര്‍ക്കാരുകള്‍ക്ക് നിയമങ്ങള്‍ പാസാക്കിയെടുക്കാമെങ്കിലും ചര്‍ച്ചകള്‍ക്കും ജനാഭിപ്രായങ്ങള്‍ തേടിയതിനുശേഷവും അത് ചെയ്യുകയെന്നത് അടിസ്ഥാന തത്വങ്ങളില്‍പ്പെട്ടതാണ്.
ഇതുകൂടി വായിക്കാം; വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത യാഥാര്‍ത്ഥ്യങ്ങളുടെ നിഷേധം
തെറ്റിക്കാതെ പാലിച്ചുപോരുന്ന കീഴ്‌വഴക്കവുമാണത്. എന്നാല്‍ രാജ്യത്തിന്റെ വലിയൊരു വിഭാഗത്തെയും സാമ്പത്തികാവസ്ഥയെയും ബാധിക്കുന്ന മൂന്ന് കാര്‍ഷിക കരിനിയമങ്ങള്‍ പോലും അതിന് വിധേയമാക്കാതെ പാസാക്കിയെടുത്തുവെന്നത് ജനാധിപത്യവിരുദ്ധതയുടെ ഒടുവിലത്തെ ഉദാഹരണമാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ വേട്ട, രാഷ്ട്രീയ എതിരാളികളോടുള്ള ശത്രുതാപരമായ സമീപനം, അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിവയ്ക്ക് സമീപകാലത്തെടുത്താല്‍ പോലും ഉദാഹരണങ്ങള്‍ പലതാണ്. സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായ നികുതി വകുപ്പ് തുടങ്ങിയ അന്വേഷണ ഏജന്‍സികളും വകുപ്പുകളും കേന്ദ്ര സര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തികളായി ഇത്തരം വേട്ടയ്ക്ക് ഉപയോഗിക്കപ്പെടുകയാണ്. എതിര്‍പക്ഷത്തുള്ള രാഷ്ട്രീയ നേതാക്കളും മാധ്യമ പ്രവര്‍ത്തരും മനുഷ്യാവകാശ — സാമൂഹ്യ പ്രവര്‍ത്തകരുമടക്കം ആയിരക്കണക്കിനാളുകളാണ് ഇത്തരം വേട്ടയുടെ ഫലമായി ദീര്‍ഘകാലമായി ജയിലുകളില്‍ കഴിയുന്നത്. അടുത്തകാലത്ത് പുറത്തുവന്ന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ ദേശീയ ജയില്‍ റിപ്പോര്‍ട്ട് പ്രകാരം വിചാരണത്തടവുകാരായി കഴിയുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചുവെന്നാണ്. ഇതുസംബന്ധിച്ച വിശദമായ പരിശോധന നടത്തിയാല്‍ കൂടുതലും സ്വേച്ഛാധിപത്യ സ്വഭാവമുള്ള സര്‍ക്കാരുകള്‍ എതിരാളികളെ വേട്ടയാടുന്നതിന് നടത്തിയ നീക്കത്തിന്റെ ഭാഗമായാണ് പലരും ജയിലുകളില്‍ കഴിയുന്നതെന്ന് വ്യക്തമാകും. ഭരണകൂടത്താലും അവയുടെ സംരക്ഷിത സംഘങ്ങളാലും നടക്കുന്ന ന്യൂനപക്ഷ വേട്ടയുടെ വാര്‍ത്തകളില്ലാതെ ഒരുദിനം പോലും രാജ്യത്ത് കടന്നുപോകുന്നുമില്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന പേരുണ്ടായിരുന്ന ഇന്ത്യയെ കുറിച്ചാണ് ഇത്തരത്തിലൊരു റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളതെന്നത് ഗൗരവത്തോടെ കാണേണ്ടതാണ്. അമേരിക്കന്‍ എന്‍ജിഒ ആയ ഫ്രീഡം ഹൗസിന്റെ റിപ്പോര്‍ട്ടില്‍ ഇന്ത്യയെ ഭാഗിക സ്വാതന്ത്ര്യമുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജനാധിപത്യം, മതേതരത്വം തുടങ്ങിയ മഹത്തായ പ്രമാണങ്ങളെ കുറിച്ച് വാചാടോപങ്ങളും അവകാശവാദങ്ങളും നടത്തുമ്പോള്‍തന്നെ സ്വേച്ഛാധിപത്യത്തിന്റെ ഉന്നതരൂപം പ്രകടിപ്പിച്ചാണ് മോഡിയും ബിജെപിയും മുന്നോട്ടുപോകുന്നത്. ഈയൊരു സാഹചര്യത്തില്‍ ജനാധിപത്യവും ഉന്നത ഭരണഘടനാ സ്ഥാപനങ്ങളും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതിന് ജനകീയമായ ഇടപെടലുകള്‍ അനിവാര്യമാണ്. കൂടുതല്‍ കരുത്തോടെയുള്ള പ്രതിരോധങ്ങളിലൂടെ മാത്രമേ അവയെ സംരക്ഷിച്ചുനിര്‍ത്തുവാന്‍ സാധിക്കുകയുള്ളൂ.
You may also like this video;