8 May 2024, Wednesday

വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത യാഥാര്‍ത്ഥ്യങ്ങളുടെ നിഷേധം

Janayugom Webdesk
February 19, 2022 5:00 am

നരേന്ദ്രമോഡിയുടെ ഇന്ത്യ നിരീക്ഷണത്തിനും വിമർശനത്തിനും വിധേയമാകുമ്പോൾ യാഥാർത്ഥ്യങ്ങൾക്കുനേരെ നിഷേധവും വിമർശകർക്കെതിരെ വാളെടുക്കുന്നതും പതിവു കാഴ്ചയാണ്. ആ പരമ്പരയിലെ ഏറ്റവും പുതിയ രോഷപ്രകടനമാണ് വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ബുധനാഴ്ച ഉണ്ടായത്. സിംഗപ്പുർ പാർലമെന്റിന്റെ പ്രിവിലേജസ് കമ്മിറ്റി സമർപ്പിച്ച ഒരു റിപ്പോർട്ടിൻമേൽ നടന്ന ചർച്ചയിൽ പ്രധാനമന്ത്രി ലി ഷിയാൻ ലോങ് നടത്തിയ പ്രസംഗത്തിലെ ഒരു ഹ്രസ്വ പരാമർശമാണ് മോഡി സർക്കാരിനെ പ്രകോപിപ്പിച്ചത്. പാർലമെന്റിൽ കളവായി ആരോപണം ഉന്നയിച്ചുവെന്ന് സമ്മതിക്കുകയും 2021ൽ അംഗത്വം രാജിവയ്ക്കുകയും ചെയ്ത മുൻ എംപി റായിഷ് ഖാന്റെ മേൽ 35,000 സിംഗപ്പുർ ഡോളർ പിഴ ചുമത്തിയ പ്രിവിലേജസ് കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ചു സംസാരിക്കവെയാണ് ലീ ഇന്ത്യയെ സംബന്ധിച്ച പരാമർശം നടത്തിയത്. ‘തങ്ങളുടെ രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിയ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി നെഹ്രുവും ഇസ്രയേൽ പ്രധാനമന്ത്രി ഡേവിഡ് ബെൻ ഗുരിയോണം അസാമാന്യം ധീരവും സംസ്കാരസമ്പന്നവും അനന്യമായ പ്രാപ്തിയും പ്രകടിപ്പിച്ചവരാണ്.

കഠിന പരീക്ഷണങ്ങളിലൂടെയാണ് അവര്‍ ജനതകളുടെയും രാഷ്ട്രങ്ങളുടെയും നേതാക്കളായി ഉയര്‍ന്നുവന്നത്. എന്നാല്‍ അത്തരം നേതാക്കളുടെ കാഴ്ചപ്പാടുകള്‍ ആ രാഷ്ട്രങ്ങള്‍ക്ക് ഇന്ന് കെെമോശം വന്നിരിക്കുന്നു.’ നെഹ്രുവിന്റെ ഇന്ത്യയിലെ ഇന്ന് ലോകസഭയില്‍ പകുതിയോളം പേര്‍ ബലാല്‍സംഗം, കൊലപാതകം അടക്കം ഗുരുതര കുറ്റാരോപണം നേരിടുന്നവരാണ് എന്ന് ലീ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ തെരഞ്ഞെടുപ്പുകള്‍ നിരീക്ഷണ വിധേയമാക്കുന്ന ‘അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്’ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പഠനങ്ങള്‍ 2019ല്‍ തെരഞ്ഞെടുക്കപ്പെട്ട ലോക്‌സഭാംഗങ്ങളില്‍ 43 ശതമാനം പേ രും ക്രിമിനല്‍ കുറ്റാരോപിതരാണെന്ന് കണ്ടെത്തിയിരുന്നു. അവയില്‍ പലതും രാഷ്ട്രീയ പ്രേരിതം ആവാമെങ്കില്‍ പോലും അവഗണിക്കാവുന്ന വസ്തുതകള്‍ അല്ല. പാര്‍ലമെന്റ് അംഗങ്ങളുടെ നിലവാരത്തകര്‍ച്ചയെപ്പറ്റി ലീ നടത്തിയ വിമര്‍ശനത്തെക്കാള്‍ പ്രഥമ ഇന്ത്യന്‍ പ്രധാനമന്ത്രിയെപ്പറ്റി പ്രകീര്‍ത്തിച്ചു നടത്തിയ പരാമര്‍ശമാണ് മോഡി ഭരണകൂടത്തെ ചൊടിപ്പിച്ചിട്ടുണ്ടാവുക.

 


ഇതുകൂടി വായിക്കാം; മോഡി ഭരണം രാജ്യത്തെ റേപിസ്ഥാനാക്കുന്നു


രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ത്യാഗപൂര്‍ണമായ പോരാട്ടത്തില്‍ ഏര്‍പ്പെടുകയും കോളനി വിമോചിത രാഷ്ട്രത്തിന് സാമ്പത്തികവും സാംസ്കാരികവും രാഷ്ട്രീയവുമായ അടിത്തറ പാകുകയും ചെയ്ത നെഹ്രു അടക്കം ദേശീയ നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനും രാഷ്ട്ര നിര്‍മ്മിതിയില്‍ അവര്‍ക്കുള്ള പങ്കിനെ തമസ്കരിക്കാനുമുള്ള കുപ്രചരണത്തിന് പ്രധാനമന്ത്രി മോഡി തന്നെ നേതൃത്വം കൊടുക്കുമ്പോഴാണ് ലീയുടെ പരാമര്‍ശം ശ്രദ്ധേയമാകുന്നത്. ഏഴര പതിറ്റാണ്ട് പിന്നിട്ട സ്വതന്ത്ര ഇന്ത്യയുടെ സമസ്ത പരാധീനതകളുടെയും പരാജയത്തിന്റെയും ഉത്തരവാദിത്തം നെഹ്രുവിന്റെ മേല്‍ ആരോപിക്കാനാണ് അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള നിര്‍ണായ തെരഞ്ഞെടുപ്പില്‍ മോഡിയും കൂട്ടരും പ്രചാരണത്തില്‍ ഉടനീളം ശ്രമിച്ചത്.

 


ഇതുകൂടി വായിക്കാം;  മോഡിയുടെ വീഴ്ച തുടങ്ങിയ 2021


കഴിഞ്ഞ എട്ടര വര്‍ഷത്തെ ഭരണ പരാജയങ്ങളുടെ ഉത്തരവാദിത്തം 58 വര്‍ഷം മുമ്പ് അന്തരിച്ച നെഹ്രുവിന്റെമേല്‍ കെട്ടിയേല്‍പ്പിച്ച് കെെകഴുകുകയാണ് നരേന്ദ്രമോഡി. സമകാലിക ഇന്ത്യയില്‍ കുതിച്ചുയരുന്ന തൊഴിലില്ലായ്മയും പട്ടിണിയും ചൂണ്ടിക്കാണിക്കുന്ന ഉത്തരവാദിത്തപ്പെട്ട പഠനങ്ങള്‍ക്കു നേരെയും ലീയുടെ പരാമര്‍ശത്തിനോടുള്ള പ്രതികരണവും ഫലത്തില്‍ മോഡിയുടെ ഭരണപരാജയത്തെയാണ് തുറന്നുകാട്ടുന്നത്. രാഷ്ട്രപിതാവിനും രാഷ്ട്രശില്പിക്കും എതിരായ മോഡിയുടെയും ബിജെപി-സംഘപരിവാര്‍ വൃത്തങ്ങളുടെയും നിഷേധാത്മക പ്രചാരണങ്ങള്‍ രാജ്യത്തിന്റെ ചരിത്രത്തെതന്നെ വളച്ചൊടിക്കാന്‍ അവര്‍ നടത്തുന്ന കുത്സിത ശ്രമങ്ങളെയാണ് അനാവരണം ചെയ്യുന്നത്. സ്വതന്ത്ര ഇന്ത്യ കെെവരിച്ച സമസ്ത നേട്ടങ്ങളും തങ്ങളുടേതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ മതനിരപേക്ഷതയിലും ജനാധിപത്യത്തിലും നിയമവാഴ്ചയിലും അധിഷ്ഠിതമായ ഇന്ത്യ എന്ന സങ്കല്പത്തെ തന്നെ നിരാകരിക്കാനാണ് ശ്രമിക്കുന്നത്. ഹിംസാത്മകമായ വര്‍ഗീയതയും ജനങ്ങളെ ഭിന്നിപ്പിക്കുന്ന വിദ്വേഷാധിഷ്ഠിത രാഷ്ട്രീയ വ്യവഹാരവും രാജ്യത്താകെ അരാജകത്വം അടിച്ചേല്‍പ്പിക്കുന്ന ഭരണകൂട സംസ്കാരവും ചോദ്യം ചെയ്യപ്പെടുമ്പോള്‍ ആ നയങ്ങള്‍ തിരുത്താന്‍ മുതിരാതെ വിമര്‍ശകര്‍ക്കു നേരെ കുരച്ചുചാടുന്നത് സ്വേഛാധിപത്യ അസഹിഷ്ണുതയുടെ പ്രതിഫലനമാണ്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.