Site iconSite icon Janayugom Online

സുസ്ഥിര വികസന നയം ഉണ്ടാകണം: മന്ത്രി കെ രാജൻ

മനുഷ്യനും പ്രകൃതിയും കേന്ദ്ര ബിന്ദുവാകുന്ന സുസ്ഥിര വികസന നയമാണ് ഇനിയുള്ള നാളുകളിൽ ഉണ്ടാവേണ്ടതെന്ന് റവന്യൂ-ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. പള്ളിക്കൽ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ വികസനത്തിലും ഇനി പ്രകൃതിയും പഠന വിഷയമാക്കണം. പ്രകൃതിദുരന്തങ്ങളെ ചെറുക്കാൻ കഴിയുന്ന രീതിയിലാവണം വികസനം. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്നതാണ് റവന്യു വകുപ്പിന്റെ മുഖ മുദ്രാവാക്യം. അത്യന്താധുനിക രീതികൾ ഉപയോഗപ്പെടുത്തി നാലുവർഷം കൊണ്ട് സംസ്ഥാനത്തെ ഡിജിറ്റൽ റീ സർവേ പൂർത്തിയാക്കും. ഭൂരഹിതരായ എല്ലാവരെയും ഭൂമിയുടെ അവകാശികളാക്കും. സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളിൽ മാത്രം ആയാൽ പോര. ഉദ്യോഗസ്ഥരുടെ മാനസിക വ്യാപാരവും സ്മാർട്ടാവണം. സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും അഞ്ചു വർഷം കൊണ്ട് സ്മാർട്ടാക്കും. പെരിങ്ങനാട് വില്ലേജ് ഓഫീസ് സ്മാർട്ട് ആക്കുന്നതിനായി 44 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.

ആനയടി, കൂടൽ റോഡിലെ ആനയടി — പഴകുളം ഭാഗത്തെ മുടങ്ങിക്കിടന്ന നിർമാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. പള്ളിക്കൽ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ. അടൂർ മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ടാക്കും. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ എല്ലാം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. റവന്യു മന്ത്രി, ഡെപ്യൂട്ടി സ്പീക്കർ, ജില്ലാ കളക്ടർ എന്നിവർ വില്ലേജ് ഓഫീസ് അങ്കണത്തിൽ വൃക്ഷ തൈകൾ നട്ടു.

59,10, 000 രൂപ ചിലവഴിച്ചാണ് വില്ലേജ് ഓഫീസിന്റെ പുതിയ ബഹുനില കെട്ടിടം പൂർത്തിയാക്കിയത്. ഇരുനിലകളിലുമായി 149.39 ച. മീ വീതിയും സ്റ്റെയർ കാബിൻ 20. 18 ച. മീ ഉൾപ്പെടെ 318.96 ച. മീ വിസ്തീർണമാണുള്ളത്. പ്ലാൻ സ്കീം 2016ൽ ഉൾപ്പെടുത്തിയാണ് വില്ലേജ് ഓഫീസ് കം റസിഡൻഷ്യൽ ക്വാർട്ടേഴ്സ് നിർമാണം പൂർത്തിയാക്കിയത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, പളളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്,

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ. പി. സന്തോഷ്, ആര്യാ വിജയൻ, പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മനു, അടൂർ നഗരസഭ ചെയർമാൻ ഡി. സജി, എഡിഎം അലക്സ് പി. തോമസ്, അടൂർ തഹസീൽദാർ ജോൺ സാം, അടൂർ തഹസീൽദാർ ഭൂരേഖ ഡി. സന്തോഷ് കുമാർ, സിപിഐ ജില്ലാ സെക്രട്ടറി എ. പി. ജയൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

ENGLISH SUMMARY; There should be a sus­tain­able devel­op­ment pol­i­cy: Min­is­ter K Rajan

YOU MAY ALSO LIKE THIS VIDEO

Exit mobile version