സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ഗണനാക്രമത്തില്‍ അടിയന്തരമായ മാറ്റം വരുത്തണമെന്ന് സിപിഐ സംസ്ഥാന അസി. സെക്രട്ടറി പി പി സുനീര്‍. വിവിധ ആവശ്യങ്ങളുന്നയിച്ച് അധ്യാപകസര്‍വീസ് സംഘടനാ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ച സംസ്ഥാന നേതാക്കളുടെ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എത്രനാള്‍ അധികാരത്തില്‍ ഇരുന്നു എന്നല്ല, അത്രയും നാള്‍ എന്തെല്ലാം ചെയ്തു എന്നതാണ് ജനങ്ങള്‍ വിലയിരുത്തുക. ജനങ്ങളോടൊപ്പമാണെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. ആ ജാഗ്രതപ്പെടുത്തലിനുവേണ്ടിയുള്ള ഇത്തരം സമരങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ കരുതലോടെയുള്ള സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാര്‍ക്ക് നല്‍കിയിട്ടുള്ള വാഗ്ദാനം സര്‍ക്കാര്‍ പാലിക്കണം. ഔദാര്യത്തിനുവേണ്ടി കൈ നീട്ടുന്നവരല്ല സര്‍ക്കാര്‍ ജീവനക്കാര്‍.
ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതു മൂലമാണ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ കഴിയാത്തതെന്ന പ്രചരണം കേരളം കേട്ടു തഴമ്പിച്ചതാണ്. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ മോശക്കാരണെന്ന് പ്രചരിപ്പിച്ചുകൊണ്ട് ഒറ്റപ്പെടുത്താന്‍ ശ്രമിച്ചാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
You may also like this video