Site iconSite icon Janayugom Online

പേരാമ്പ്രയില്‍ സംഘർഷത്തിന് ശ്രമം നടന്നു; ഏഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനോടുള്ള ഷാഫി പറമ്പിലിന്റെ വ്യക്തിവിരോധമാണ് പേരാമ്പ്രയില്‍ കോണ്‍ഗ്രസ് നടത്തിയ അക്രമങ്ങള്‍ക്കെല്ലാം കാരണമെന്ന് എല്‍ഡിഎഫ്. കോണ്‍ഗ്രസ് അക്രമത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ എല്‍ഡിഎഫ് നേതൃത്വത്തില്‍ ബഹുജന റാലി നടത്തി. ഇതിനിടെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഏഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. പൊലീസിനുനേരെ സ്ഫോടക വസ്തു എറിഞ്ഞ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

ഹർത്താലിന്റെ മറവിൽ യുഡിഎഫുകാർ നടത്തിയ പ്രകടനത്തിനിടെ ഷാഫി പറമ്പിൽ എംപിയുടെ നേതൃത്വത്തിൽ പൊലീസിനുനേരെ വ്യാപക അക്രമം അഴിച്ചുവിട്ടതാണ് സംഘർഷത്തിനിടയാക്കിയതെന്ന് എൽഡിഎഫ് പ്രതിഷേധയോഗം ചൂണ്ടിക്കാട്ടി. സംഘർഷമുണ്ടാക്കാൻ ബോധപൂർവ്വം ശ്രമമുണ്ടായി. കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ പഞ്ചായത്ത് പ്രസിഡന്റ് പ്രമോദിനെ കൈയേറ്റം ചെയ്യുകയായിരുന്നു. സമാധാനന്തരീക്ഷം തകർക്കാനുള്ള ആസൂത്രിത നീക്കത്തെ ജനകീയ മുന്നേറ്റം തീർത്ത് ചെറുക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. 

സമാധാനപരവും സ‍ൗഹാർദപരവുമായ രാഷ്ട്രീയ അന്തരീക്ഷം നിലനിൽക്കുന്ന ജില്ലയാണ് കോഴിക്കോട്. പേരാമ്പ്ര സികെജി കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനെത്തുടർന്നുണ്ടായ ചെറിയ തര്‍ക്കത്തെ പർവതീകരിച്ച് യുഡിഎഫ് പേരാമ്പ്രയിൽ ഹർത്താൽ പ്രഖ്യാപിക്കുകയായിരുന്നു. കടകളടപ്പിച്ച പ്രവർത്തകർ പഞ്ചായത്ത് ഓഫീസിലെത്തി പ്രസിഡന്റിനെ കയ്യേറ്റം ചെയ്യുകയും ആക്രമിക്കുകയും ചെയ്തു. വടിയും കല്ലുമെല്ലാമായി സംഘർഷം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് യുഡിഎഫുകാർ സംഘടിച്ചത്. അക്രമത്തിൽ രണ്ടു ഡിവൈഎസ്പിമാരടക്കം എട്ടുപൊലീസുകാർക്ക് പരിക്കേറ്റു. കള്ളക്കഥയുണ്ടാക്കി ജനശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കം ജനങ്ങള്‍ തള്ളിക്കളയുമെന്നും എൽഡിഎഫ് നേതാക്കൾ വ്യക്തമാക്കി.

Exit mobile version