Site iconSite icon Janayugom Online

ഈ കഥകൾക്കും എന്തോ പറയാനുണ്ട്

മലയാള ചെറുകഥ നവീനമായ പല തലങ്ങളിലും വ്യതിരിക്തമായ ഉൾക്കാഴ്ചയോടെ ഉയർന്നു നിൽക്കുന്നു. ഒട്ടേറെ കഥാകൃത്തുക്കൾ തങ്ങളുടെ ഭാവന കൊണ്ടും പ്രതിഭാ വിലാസം കൊണ്ടും മലയാള ഭാഷയെ സമ്പന്നമാക്കിക്കൊണ്ടിരിക്കുന്നു. കഥകളിൽ ക്രാഫ്റ്റിലും ബിംബകൽപ്പനയിലുമൊക്കെ നവം നവങ്ങളായ പരീക്ഷണങ്ങളും നടന്നു വരുന്നു. മഴനൂലിഴകൾ എന്ന സമാഹാരത്തിലൂടെ ഈ രംഗത്ത് കടന്നു വന്ന ഫമിതയും പ്രതീക്ഷകൾ ഉണർത്തുന്നു. നീലവരയുള്ള മഞ്ഞ ശലഭങ്ങൾ പതിനഞ്ച് കഥകളുടെ സമാഹാരമാണ്. യുദ്ധവും രാഷ്ട്രീയവും പ്രണയവും വിരഹവും നർമ്മവും സ്ത്രീ പ്രശ്നങ്ങളും പ്രകൃതിയും അമ്മയുമെല്ലാം ആ കഥകളിൽ കടന്നു വരുന്നു. ഭാവനയുടെ ചിറകിൽ പറക്കുന്ന കഥകളും ഈ സമാഹാരത്തിൽ ഇഴ ചേർത്തിരിക്കുന്നു. ദ്യുതിയുടെ പിറവി അതിശയകരമായ ഒരു രാത്രിയിലാണ്. അവിടെ കടന്നു വന്ന ഗന്ധർവൻ ചേർത്തു പിടിച്ചപ്പോൾ അഭൗമമായ അനുഭൂതിയിൽ അവൾ ലയിച്ചു പോവുന്നു. പ്രണയത്തിന്റെ അനുപമവും മാസ്മരികവുമായ ലയമാണ് ഈ കഥയിൽ വരച്ചിടുന്നത്. 

അപൂർണമെന്ന കഥയിലും പ്രണയത്തെ ഭാവഹാദികളോടെ വരച്ചിടുന്നു. അവൻ്റെ ശ്വാസമാവുന്ന അവളാണ് കഥയിലെ നായിക. പേരിടാനാവാത്ത പ്രണയത്തിനുമപ്പുറമുള്ള ബന്ധത്തെ എന്തു പേരിട്ടാണ് വിളിക്കേണ്ടത്! യുദ്ധക്കൊതിയിൽ എന്നും മനുഷ്യൻ അഭിരമിക്കുന്നു. ഇതിഹാസങ്ങൾ പോലും ചോരക്കൊതിയിൽ എഴുതപ്പെട്ടു. ഹിരോഷിമയും നാഗസാക്കിയും ഇന്ന് ഗാസയും ചുടലക്കളമാവുന്നു. അലിയൂ യുദ്ധക്കളത്തിലെ നിസഹായനായ കുട്ടിയുടെ കഥയാണ്. അലിയൂവിൽ അലിയാത്ത കടുകട്ടി മനസാണ് നിർഭാഗ്യവശാൽ മനുഷ്യന്. കടലാസു പൂക്കളിൽ ഒരു സ്ത്രീപക്ഷ രാഷ്ട്രീയമുണ്ട്. വിഹ്വലതകളിൽ പൊറുതിമുട്ടുന്ന പെണ്ണിനെ കാണാതിരുന്നു കൂടാ! നർമ്മത്തിന്റെ മർമ്മമറിയാം കഥാകാരിക്ക് എന്ന് തെളിയിക്കുന്ന കഥയാണ് സെന്റിമെന്റലിസത്തിന്റെ മദ്രാസ് വേർഷൻ. ബന്ധങ്ങളുടെ കെട്ടുപാടുകളിൽ ഇങ്ങനെ ചില അഴിയാക്കുരുക്കുകൾ വന്നു പെടാറുണ്ട്. നമുക്ക് ചില പരിചിതരായ കഥാപാത്രങ്ങളാണ് ഈ കഥയിൽ നിരക്കുന്നത്. 

വനിതാ ദിനമായ മാർച്ച് എട്ടിൽ ഒരു വനിതയുടെ കഥ വ്യത്യസ്തതയോടെ അവതരിപ്പിക്കുന്നു. തന്റെ സ്വപ്നങ്ങൾ തല്ലിത്തകർത്ത് ഒരു കുടുംബ ജീവിതത്തിലേക്ക് കടക്കേണ്ടി വന്ന പെണ്ണിന്റെ വ്യാകുലതകൾ ഈ കഥ നന്നായി സംവേദനം ചെയ്യുന്നു. കാലമേറെ പുരോഗമിച്ചെന്ന് നാം ഊറ്റം കൊള്ളുമ്പോഴും പുരുഷാധിപത്യത്തിന്റെ ദംഷ്ട്രകൾ പെണ്ണിനെ വരിഞ്ഞു മുറുക്കുന്നുണ്ട്. ഒരു മോചനം ആഗ്രഹിക്കുന്ന പെണ്ണ് സ്വന്തം കാലിൽ നിൽക്കാൻ വഴികൾ തേടുന്നു. പ്രണയത്തിന്റെ സുഗന്ധം തേടി പതിവായി മൂന്നാറെത്തുന്ന നായകനിലൂടെ പ്രണയത്തെ നന്നായി അടയാളപ്പെടുത്തുന്നു മൂന്നാർ എന്ന കഥ. ഭാഷയുടെ മികവും ലാളിത്യവും ചാരുതയും കൊണ്ട് സമ്പന്നമാണ് ഈ കഥ. മൂന്നാറിന്റെ വശ്യമനോഹാരിത കഥയിൽ തുന്നിച്ചേർത്തിരിക്കുന്നു. ഓർമ്മയിലെ അപ്പുപ്പൻ താടികൾ ആത്മഭാഷണം കൂടിയാവണം. എണ്ണക്കറുപ്പുള്ള സുന്ദരി ബിന്ദു നമ്മുടെ ഹൃദയത്തിലേറുന്നു. കെ എസ് ചിത്രയാവാൻ കൊതിച്ച കൂട്ടുകാരി നമ്മിൽ വിഷാദമുണർത്തി കടന്നു പോവുന്നു. അത്രമേലെന്നും നിലാവിനെ സ്നേഹിച്ചവൾ. അവളൊരു മധുരനൊമ്പരക്കാറ്റായി മാറി. 

മഞ്ഞ ശലഭങ്ങളുടെ ഉണർത്തുപാട്ടിൽ രാഷ്ട്രീയവും പ്രണയവും സുന്ദരമായി ഇഴ കോർത്തിരിക്കുന്നു. പ്രണയത്തിന്റെ സുഗന്ധമുള്ള പൂക്കൾക്കിടയിലൂടെ കഥാകാരി നമ്മെ വഴി നടത്തുന്നു. മാഞ്ഞുപോയ അവനെത്തേടി അവൾ വിഹ്വലയാവുമ്പോൾ അവൻ നമ്മിലേക്കും പടരുന്നു. കോളറാ കാലത്തെ പ്രണയം പോലെ യുദ്ധത്തിന്റെ മണമുള്ള ഒരു പ്രണയം. നീലവരകൾ തീർത്തും രാഷ്ട്രീയകഥയാണ്. വെറുപ്പിന്റെ വക്താക്കളുടെ പരിഷ്കാരങ്ങളിൽ ഒരു സമൂഹത്തിന്റെ ഉന്മൂലനം ലക്ഷ്യമുണ്ടല്ലോ. രേഖകളിൽ മനുഷ്യനെ തളച്ചിടാൻ ശ്രമിക്കുമ്പോൾ, വേരുകൾ തേടി പ്രാണഭയത്തോടെ ഓടേണ്ട അവസ്ഥയെ ചിത്രീകരിക്കുമ്പോൾ അതിലുള്ളത് വ്യക്തമായ രാഷ്ട്രീയ ബോധമാണ്. പേരിന്റെ അർത്ഥങ്ങൾ മാറി മറിയുമ്പോൾ നമുക്കും മന്ത്രിക്കാം ലോകാ സമസ്താ സുഖിനോ ഭവന്തു! തെക്കേമുറ്റത്തെ തേന്മാവിൽ മനുഷ്യർ പ്രകൃതിയെ മറക്കുന്നത് പ്രമേയമാവുന്നു. ബഷീർ ഫിലോസഫിയെ പരിഹാസ്യമായി കാണുന്ന പ്രായോഗികതയുടെ കാലം. തേന്മാവും പ്ലാവും ആഞ്ഞിലിയും ഒരു സംസ്കൃതിയുടെ സ്മരണയായി മാറുന്നു. മാങ്ങ വീഴുന്ന ശബ്ദം പ്രണയത്തിന് പ്രചോദനമാവുന്ന ബിംബമാവുന്നു ഇവിടെ. ഭാഷയുടെ ലാവണ്യം ഈ കഥയിൽ ദൃശ്യമാണ്. 

മഴ പറയാൻ ബാക്കി വച്ച ചില പ്രണയ സങ്കൽപ്പങ്ങളിൽ പ്രളയം ഒരു സാക്ഷിയാണ്. ഒരു കൈ പ്രഹരിക്കവേ മറു കൈ കൊണ്ടു തലോടുന്ന പ്രകൃതിയെ നമ്മൾ തച്ചു തകർക്കാനാണ് നോക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണങ്ങളിലേക്ക് നമ്മുടെ ചിന്തയെ ഉണർത്തുന്ന പരിസ്ഥിതിയുടെ രാഷ്ട്രീയം ഈ കഥയിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ട്. സാഹോദര്യത്തിന്റെ പുതിയ ഭാഷ്യങ്ങൾ ഈ കഥ പരിചയപ്പെടുത്തുന്നു.
ഫമിത കഥകളുടെ ക്രാഫ്റ്റിൽ ഏറെ പരീക്ഷണങ്ങൾക്ക് മുതിർന്നിട്ടില്ല. ക്ലേശകരമായ ഒരു വായന ഈ കഥകൾക്ക് വേണ്ടി വരില്ല. അവരുടെ കഥാപരിസരം നമുക്ക് സുപരിചിതമായ ഇടങ്ങളാണ്. വാക്കുകൾ മാന്ത്രികമായി കോർത്തിണക്കുന്നില്ല. എന്നാൽ ഭാവനയുടെ ചിറകുകളിൽ യാത്ര നടത്തുന്നുമുണ്ട്. മലയാള ചെറുകഥയുടെ വിശാലമായ ക്യാൻവാസിൽ തന്റേതായ ഇടം തേടുകയാണ് ഈ കഥാകാരി. 

നീല വരയുള്ള മഞ്ഞ ശലഭങ്ങൾ
(കഥ)
ഫമിത
സുജിലി, ചാത്തന്നൂർ
വില: 160 രൂപ

Exit mobile version