Site iconSite icon Janayugom Online

വെള്ളാർമലയിൽ നിന്നും വഞ്ചിപ്പാട്ടുമായി അവരെത്തി

ദുരന്തമുഖത്തു നിന്നും പ്രത്യാശയുടെ പൊൻവെളിച്ചം വിതറി വെള്ളാർമലയിൽ നിന്നും ഇത്തവണയും അവരെത്തി. വയനാട് ചൂരൽമലയിലെ വെള്ളാർമല ഗവ. എച്ച്എസ്എസിലെ വിദ്യാർത്ഥികൾ സംസ്ഥാന കലോത്സവം വഞ്ചിപ്പാട്ടിൽ മത്സരിച്ച് എ ഗ്രേഡ് നേടി. എട്ടാം തവണയാണ് സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നത്. 

2024 ജൂണിൽ സർവതും നഷ്ടപ്പെട്ട വെള്ളാർമലയിലെ ഒരു കൂട്ടം മനുഷ്യരുടെ ശക്തമായ തിരിച്ചുവരവിന്റെ ഭാഗമാണിത്. കഴിഞ്ഞതവണയും ഈ സ്കൂളിലെ വിദ്യാർത്ഥികൾ മത്സരത്തിനെത്തിയിരുന്നു. മണ്ണിടിച്ചിലിൽ ബന്ധുക്കളെയും വീടുകളും നഷ്ടപ്പെട്ടവരാണ് വഞ്ചിപ്പാട്ടിൽ പങ്കെടുത്ത പത്തിൽ എട്ടുപേരും. ഇവരെല്ലാം വാടക വീടുകളിലാണ് ഇപ്പോൾ കഴിയുന്നത്. കലോത്സവത്തിനെത്തിയ കുട്ടികൾ ആവേശത്തിലായിരുന്നു, ഒപ്പം നാടിന്റെയും കുട്ടികളുടെയും പ്രിയപ്പെട്ട ഉണ്ണികൃഷ്ണൻ മാഷും. കുട്ടനാട്ടുകാരനായ മാഷാണ്, ഇവരെ വഞ്ചിപ്പാട്ട് അഭ്യസിപ്പിക്കുന്നത്. ഭീഷ്മപർവമാണ് അവതരിപ്പിച്ചത്. 

പ്രധാന പാട്ടുകാരിയായ അർച്ചനയുടെ ബന്ധുവായിരുന്നു വിവാഹനിശ്ചയം കഴിഞ്ഞ ശ്രുതി, മണ്ണിടിച്ചിലിൽ മാതാപിതാക്കൾ ഉൾപ്പടെ കുടുംബത്തിലെ എല്ലാവരെയും നഷ്ടപ്പെട്ട ശ്രുതിയുടെ ദുരന്തകഥ, ലോകം കണ്ണീരോടെയാണ് അറിഞ്ഞത്.
ഏറെ വെെകാതെ പ്രതിശ്രുതവരനെയും ശ്രുതിക്ക് നഷ്ടമായി. അഞ്ജന, അനൗഫ, ഹൃദ്യ, വീണ, നിഹാല, ഷഹാന തുടങ്ങിയവരാണ് ടീമിലെ അംഗങ്ങൾ. സ്കൂളിലെ മുപ്പതോളം കുരുന്നുകളെയാണ് അന്ന് മണ്ണിടിച്ചിലിൽ നഷ്ടമായത്. സ്കൂൾ അപ്പാടെ മണ്ണോട് ചേർന്നു. മുൻ വർഷങ്ങളിലും സ്കൂളിൽ നിന്നും നാടകം, സംഘനൃത്തം എന്നീ ഇനങ്ങളിൽ സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്ത് എഗ്രേഡ് നേടിയിരുന്നു. വെള്ളാർമലയിലെ വിദ്യാർത്ഥികളെ കാണാനും പിന്തുണ അറിയിക്കാനുമെത്തിയ റവന്യുമന്ത്രി കെ രാജൻ ഇവരുടെ പാട്ടിനൊപ്പം കൂടുകയും ഓറഞ്ച് സമ്മാനിക്കുകയും ചെയ്തു.

Exit mobile version