ഓട്ടിസം ഉള്‍പ്പെടെയുള്ള അവസ്ഥകളിലൂടെ കടന്നുപോകുന്നവര്‍ക്കും അവരുടെ കുടുംബത്തിനുമായി സര്‍ക്കാര്‍ പല പദ്ധതികള്‍ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും സമൂഹത്തിന്റെ മുഖ്യധാരയിലേക്കും സര്‍ക്കാരിന്റെ മുന്‍ഗണനാപട്ടികയിലേക്കും ഇവരുടെ വിഷയങ്ങള്‍ പൂര്‍ണമായും കടന്നുവന്നിട്ടുണ്ടോ എന്നത് സംശയമാണ്.
സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷനും സ്കോളര്‍ഷിപ്പും ഉള്‍പ്പെടെ സാമ്പത്തിക സഹായങ്ങളില്‍ ഭൂരിഭാഗവും കുടുംബത്തിന്റെ വാര്‍ഷിക വരുമാന പരിധിയുടെ അടിസ്ഥാനത്തിലാണ്. ഒരു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് മാത്രമെ ഈ ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളൂ. ഒരു മാസം 8,500 രൂപയില്‍ താഴെ മാത്രമാണ് പരിധി. സാധാരണ ഒരു കുടുംബത്തിന്റെ ചെലവുകള്‍ക്കപ്പുറം തെറാപ്പികളും ചികിത്സകളും നല്‍കാന്‍ ഒരു മാസം ഇതിലുമെത്രയോ തുക ആവശ്യമായി വരുമെന്ന് വ്യക്തം.
മറ്റ് സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളെപ്പോലെ തന്നെ ഭിന്നശേഷിക്കാര്‍ക്കുള്ള പ്രതിമാസ പെന്‍ഷനും 1600 രൂപയാണ് നിലവില്‍ നല്‍കിവരുന്നത്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ പെന്‍ഷന്‍ പലപ്പോഴും കുടിശികയാകുന്നു. ഈ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കണമെന്ന ആവശ്യം ഏറെ പ്രധാനമാണ്.
പെന്‍ഷനുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വാര്‍ഷിക വരുമാന പരിധി നോക്കാതെ നല്‍കണമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന രക്ഷിതാക്കളുടെ സംഘടനയായ പരിവാര്‍ കേരളയുടെ ഡയറക്ടര്‍ ആര്‍ വിശ്വനാഥന്‍ ആവശ്യപ്പെടുന്നത്. ഇവര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ 25 ശതമാനം കൂടുതല്‍ കൊടുക്കണമെന്ന നിയമം പാലിക്കപ്പെട്ടിട്ടില്ലെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. പെന്‍ഷന്‍ തുക 3000 രൂപയായെങ്കിലും അടിയന്തരമായി വര്‍ധിപ്പിക്കണമെന്നതാണ് രക്ഷിതാക്കളുടെ ആവശ്യം.
ഇവരെ പരിചരിക്കുന്ന രക്ഷിതാക്കള്‍ക്ക് പ്രതിമാസം 600 രൂപ വീതം നല്‍കുന്നതിനാണ് സംസ്ഥാന സര്‍ക്കാരിന്റെ ആശ്വാസകിരണം പദ്ധതി ആരംഭിച്ചത്. പ്രതിമാസം 600 രൂപയെന്നത് ഒന്നിനും തികയാത്ത സാഹചര്യമാണെന്ന് മാതാപിതാക്കളുടെ സംഘടനയായ ‘സേവ് ദ ഫാമിലി‘യുടെ സെക്രട്ടറി രേവമ്മ ഷാജി ചൂണ്ടിക്കാട്ടുന്നു. ഇതാണെങ്കില്‍ പലപ്പോഴും കുടിശികയാണ്. 2018 മുതല്‍ പദ്ധതിയിലേക്ക് അപേക്ഷിച്ചവര്‍ക്ക് അംഗത്വം കിട്ടിയിട്ടില്ലെന്നും ഇവര്‍ പറയുന്നു.
സര്‍ക്കാര്‍ അടിയന്തരമായി ചെയ്യേണ്ട മറ്റൊരു കാര്യമാണ് ഇവര്‍ക്കായുള്ള പുനരധിവാസ കേന്ദ്രങ്ങള്‍ ആരംഭിക്കുകയെന്നത്. ഡേ കെയര്‍ സെന്ററുകള്‍ എന്ന നിലയില്‍ മാത്രമല്ല ഇവ ഉണ്ടാകേണ്ടത്. രക്ഷിതാക്കള്‍ക്ക് പ്രായമാകുംതോറും ഈ മക്കളുടെ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് പറ്റാതെയാകുന്നു. സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ നിലവിലുള്ള പുനരധിവാസ കേന്ദ്രങ്ങള്‍ ഇതിന് അപര്യാപ്തമാണ്. ഒരു ജില്ലയില്‍ ഒരു കേന്ദ്രമെങ്കിലും സ്ഥാപിച്ച്, ഇവര്‍ക്കുള്ള വിവിധ തെറാപ്പികളും മാനസിക പിന്തുണയും തൊഴില്‍ പരിശീലനവും ഉറപ്പുവരുത്തണം. അതിനായി പരിശീലനം ലഭിച്ചവരുടെ സേവനം ലഭ്യമാക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെടുന്നു. ഇതിന് പുറമെ, എല്ലാ പ്രാഥമിക‑സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങളിലും ഒരു മുറിയെങ്കിലും ഈ കുട്ടികള്‍ക്ക്/മുതിര്‍ന്നവര്‍ക്ക് തെറാപ്പികള്‍ നല്‍കാനുള്ള സൗകര്യത്തിനായി മാറ്റിവയ്ക്കണം. ആഴ്ചയില്‍ ഒന്നോ രണ്ടോ തെറാപ്പികളെങ്കിലും ഒരാള്‍ക്ക് ലഭിക്കുന്നതിന് സര്‍ക്കാര്‍ നടപടിയെടുക്കണം.
മാനസിക വെല്ലുവിളി നേരിടുന്ന മുതിർന്നവരെ പുനരധിവസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും ഈ മേഖലയിൽ പ്രവർത്തിക്കുന്നതും പരിചയ സമ്പന്നരുമായ എന്‍ജിഒകൾക്ക് സംസ്ഥാന സര്‍ക്കാര്‍ ഗ്രാന്റ് അനുവദിക്കുന്നുണ്ട്. ‘പ്രതീക്ഷ’ എന്ന പേരിലുള്ള പദ്ധതി പ്രകാരം ഒരാൾക്ക് ഒരു വർഷത്തേക്ക് ഭക്ഷണം, താമസം ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്കായി 39,700 രൂപയാണ് ആകെ നല്‍കുന്നത്. അതായത് ഒരാള്‍ക്കുള്ള ചെലവിനത്തില്‍ ഒരു മാസം മൂവായിരത്തിലധികം രൂപ മാത്രം. സര്‍ക്കാരിന്റെയും സ്വകാര്യസ്ഥാപനങ്ങളുടെയും ഫണ്ടില്‍ നിന്ന് കോടിക്കണക്കിന് രൂപ സഹായമായി ലഭിക്കുന്ന മറ്റ് ചില സ്ഥാപനങ്ങളെക്കുറിച്ചുള്ള പരാതികള്‍ പ്രസക്തമാകുന്നത് ഈ സാഹചര്യത്തിലാണ്. രക്ഷിതാക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന സ്ഥാപനങ്ങളില്‍ പലതും സാമ്പത്തിക സഹായങ്ങള്‍ ലഭിക്കാതെ അടച്ചുപൂട്ടേണ്ടിവരുന്ന സാഹചര്യമാണുള്ളതെന്നും സര്‍ക്കാര്‍ മനസിലാക്കേണ്ടതുണ്ട്.
ഓട്ടിസം, സെറിബ്രല്‍ പാള്‍സി ഉള്‍പ്പെടെ വെല്ലുവിളികള്‍ നേരിടുന്നവരുടെയും അവരുടെ രക്ഷിതാക്കളുടെയും ജീവിതത്തില്‍ ഓരോ ദിവസവും അനുഭവിക്കുന്ന കാര്യങ്ങള്‍ പൊതുസമൂഹത്തിലേക്ക് അതേ തീവ്രതയില്‍ എത്തിക്കാന്‍ എത്ര വിശദീകരിച്ചാലും സാധിക്കില്ലെന്നതാണ് വസ്തുത. അനുഭവസ്ഥർക്കു മാത്രമറിയാവുന്ന പൊള്ളിക്കുന്ന സത്യങ്ങള്‍. പെട്ടെന്നൊരു ദിവസം മുതല്‍ ദുരിതക്കടലിലേക്ക് വഴിമാറിയൊഴുകിയ ജീവിതങ്ങളാണവരുടേത്. തങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മക്കളുടെ കാര്യം എന്താകും, ആര് സംരക്ഷിക്കും എന്ന ആശങ്കകള്‍ക്ക് പരിഹാരം കാണേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. ഇവരുടെ ജീവിതങ്ങള്‍ക്ക് അല്പമെങ്കിലും വെളിച്ചം പകര്‍ന്നുനല്‍കേണ്ടതിന്റെ ഉത്തരവാദിത്തം കൂടി, എല്ലാവരുടെയും ക്ഷേമം ലക്ഷ്യമിടുന്ന നവകേരളത്തിനുണ്ട്. അതിനായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ മുന്‍ഗണനാപട്ടികയില്‍ ഇവരുടെ വിഷയങ്ങളും ഇടംപിടിക്കേണ്ടതുണ്ട്.
അവസാനിച്ചു
You may also like this video