Site icon Janayugom Online

മാനവ മൈത്രിയുടെ മാതൃകയായി മുത്തപ്പൻ ഗുരിക്കൾ തിറ

thira

ജാതിയുടെയും മതങ്ങളുടെയും ദൈവങ്ങളുടെയും പേരിൽ പരസ്പരം പോരടിക്കുമ്പോൾ മുത്തപ്പൻ ഗുരിക്കൾ തിറ, മാനവ മൈത്രിയുടെ മാതൃകയാകുകയാണ്. മാവൂർ കിടാപ്പിൽ മുത്തപ്പൻ കുരിക്കൾ ക്ഷേത്രത്തിലാണ് മതസാഹോദര്യത്തിന്റെ കാഴ്ച്ചയായി മുത്തപ്പൻ ഗുരിക്കൾ തിറ അരങ്ങേറിയത്. ദൈവിക പരിവേഷം നൽകി ആരാധിച്ചു പോരുന്ന ഹിന്ദുവായ മുത്തപ്പനും മുസ്ലീമായ ഗുരിക്കളും തമ്മിലുള്ള സൗഹൃദമാണ് മുത്തപ്പൻ കുരിക്കൾ തിറയിലൂടെ കാണിക്കുന്നത്.

ക്ഷേത്രത്തിലെ ഒരേ ശ്രീകോവിലിൽ തന്നെയാണ് ഇരു പ്രതിഷ്ഠകളും നടത്തിയത്. വെള്ളാട്ടും തിറയുമാണ് പ്രധാന ഉത്സവം. മുത്തപ്പൻ ഗുരിക്കൾ വെള്ളാട്ടാണ് ആദ്യം ക്ഷേത്രമുറ്റത്തെത്തുന്നത്. മുത്തപ്പന്റെ സന്നിധിയിലേക്കെത്തുന്ന ഗുരിക്കൾ തന്റെ ശക്തിയും കഴിവും മുത്തപ്പനു മുന്നിൽ അവതരിപ്പിക്കും. അതിനിടയിൽ ബാങ്കൊലി കേൾക്കുമ്പോൾ ക്ഷേത്രമുറ്റത്ത് ഗുരിക്കളുടെ നിസ്ക്കാരവുമുണ്ടാകും. തുല്യ ശക്തരാണെന്ന് കണ്ട് സൗഹൃദത്തിലാകുന്നതാണ് വെള്ളാട്ടിന്റെ കഥ. തുടർന്ന് തിറയാട്ടമാണ് നടക്കുന്നത്. ജനങ്ങളെ ആക്രമിക്കാനെത്തുന്നവരെ കീഴ്പ്പെടുത്തി സമാധാനം സ്ഥാപിക്കുന്നതാണ് തിറയാട്ടത്തിന്റെ കഥാതന്തു.

തിറയാട്ടത്തിന്റെ അവസാനം പരസ്പരം പോരടിക്കുന്നവർക്ക് മുന്നിൽ ദൈവങ്ങളെല്ലാം ഒന്നാണെന്ന സത്യം തുറന്ന് കാണിച്ചാണ് മുത്തപ്പൻ ഗുരിക്കൾ തിറ പൂർത്തിയാകുന്നത്. നിരവധി പേരാണ് ഇത്തവണയും മുത്തപ്പൻ ഗുരിക്കൾ തിറ കാണാൻ ക്ഷേത്രത്തിലെത്തിയത്. പൂർവ്വികർ കാത്തുവെച്ച പരസ്പര സ്നേഹവും സൗഹാർദവും ഇനിയും നിലനിൽക്കുമെന്ന പ്രതീക്ഷയാണ് കിടാപ്പിൽ മുത്തപ്പൻ ഗുരിക്കൾ ക്ഷേത്രത്തിലെ ഇന്നും നടക്കുന്ന തിറയാട്ടത്തിലൂടെ കാണിക്കുന്നത്.

Eng­lish Sum­ma­ry: Thi­ra, the rit­u­al of Ker­ala which resem­bles har­mo­ny of humans

You may also like this video

Exit mobile version