Site icon Janayugom Online

മൂന്നാം തവണയും ഷി: ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി കോണ്‍ഗ്രസ് സമാപിച്ചു

Xi

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന് മൂന്നാമൂഴം. സുപ്രധാന ഭരണ ഭേദഗതി ഉള്‍പ്പെടെ പാസാക്കി നിര്‍ണായകമായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി കോണ്‍ഗ്രസ് ഇന്നലെ സമാപിച്ചു. ഏഴ് ദിവസമാണ് പാര്‍ട്ടി കോണ്‍ഗ്രസ് നീണ്ടുനിന്നത്.
അധികാരത്തിൽ 10 വർഷം പൂർത്തിയാക്കിയ ഷി ഒഴികെയുള്ള ഉന്നതര്‍ സ്ഥാനമൊഴിഞ്ഞു. സ്ഥാനശ്രേണിയിൽ രണ്ടാമനായ പ്രധാനമന്ത്രി ലി കെചിയാങ് (67) അടക്കമുള്ള പ്രമുഖര്‍ കേന്ദ്രകമ്മിറ്റിയിൽ ഇല്ല. 69 കാരനായ ഷി ജിന്‍പിങ്ങിനെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. അടുത്തവര്‍ഷമായിരിക്കും പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പ്രഖ്യാപനം ഉണ്ടാവുക.
അധികാര കേന്ദ്രീകരണം ഒഴിവാക്കാൻ ഒരാൾ രണ്ടു തവണയിൽ കൂടുതൽ പ്രസിഡന്റ് പദവിയിൽ തുടരരുതെന്ന് ഡെങ് സിയാവോ പിങ്ങിന്റെ കാലത്ത് 12-ാം കോൺഗ്രസ് (1982) ഏർപ്പെടുത്തിയ വ്യവസ്ഥ ഭേദഗതി ചെയ്‌താണ് ഷി മൂന്നാംതവണയും അധികാരത്തില്‍ തുടരുക. മുമ്പ് മാവോ സെതുങ് മാത്രമാണ് മൂന്നുതവണ പദവി വഹിച്ചിട്ടുള്ളത്. വിദേശകാര്യമന്ത്രി വാങ് യി(69) പ്രായപരിധിക്കതീതമായി കേന്ദ്രകമ്മിറ്റിയില്‍ സ്ഥാനം നിലനിര്‍ത്തി.
9.6 കോടി അംഗങ്ങളുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ നയിക്കുന്നത് 205 അംഗ കേന്ദ്ര കമ്മിറ്റിയും 25 അംഗ പോളിറ്റ് ബ്യൂറോയുമാണ്. പോളിറ്റ് ബ്യൂറോ അംഗങ്ങളിലെ ഏഴ് പേർ ചേർന്ന സ്റ്റാൻഡിങ് കമ്മിറ്റിയാണ് നിർണായക അധികാരകേന്ദ്രം. പോളിറ്റ് ബ്യൂറോയെയും സ്റ്റാൻഡിങ് കമ്മിറ്റിയെയും പാർട്ടി കോൺഗ്രസാണ് തെരഞ്ഞെടുക്കുക. സ്റ്റാൻഡിങ് കമ്മിറ്റിയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവിനെ തെരഞ്ഞെടുക്കുക. 

Eng­lish Sum­ma­ry: Third time Xi: The Chi­nese Com­mu­nist Par­ty Con­gress has concluded

You may like this video also

Exit mobile version