Site iconSite icon Janayugom Online

തിരികെ നടക്കുമ്പോൾ

സ്വപ്നങ്ങളിൽ നിന്നും
ജീവിതത്തിലേക്കുള്ള
പാതകളിലാണ്
ഭാവികാലങ്ങളുടെ
പടിക്കെട്ടുകൾ കയറിയത്
പടികൾ തെളിക്കുന്ന
പാതയ്ക്ക് ഇരുവശമുണ്ട്
ഒരിടത്ത് വിശ്വാസത്തിന്റെ
ആഴമേറിയ താഴ്‌വാരം
മറ്റിടം പ്രതീക്ഷകളുടെ
നിണമണിഞ്ഞ പൂവുകൾ
വിടർന്നു നിന്നിരുന്ന
മിഴിനീരിന്റെ സമുദ്രം
പാതയുടെ അവസാനം
അദൃശ്യമായിരുന്നു
അവിടെയന്ന് ദൈവം
മനുഷ്യന്റെ ഭാവികൾ
പറയുന്ന നേരമായിരുന്നു
ഊഴത്തിലെത്തുന്നവർക്ക്
പല തലങ്ങളിലുള്ള
ഇരിപ്പിടങ്ങളുണ്ടായിരുന്നു
ശേഷം ഭാവികാലത്തിന്റെ
വ്യാമോഹ കളങ്ങളിലാണ്
മറന്നുപോയ ജീവന്റെ
ചതിയാഴങ്ങൾ
ബോധ്യമാക്കുന്നത്
പടികളിറങ്ങാൻ
തുടങ്ങിയപ്പോഴാണ്
പറ്റിപ്പിടിപ്പിച്ച ഓർമ്മകളിൽ
സമവാക്യങ്ങളുടെ
പലനിറമുള്ള
തുണിപ്പുതപ്പുകൾ
മൂടിയ ദൈവങ്ങളെത്തിയത്
എന്റെ ചിന്തകളൊന്നാകെ
ദക്ഷിണയായി ചോദിച്ചത്
നിരാശനായ ഞാൻ
തിരികെ നടക്കുമ്പോഴും
വിശ്വാസത്തിന്റെ
താഴ്‌വാരം നിറയെ
പുഞ്ചിരിയിൽ തീർത്ത
വാഗ്ദാനങ്ങളുടെ
ശവങ്ങളും ശവമഞ്ചങ്ങളും
പിന്നാലെ പെരുകി വന്നിരുന്നു
നിണമണിഞ്ഞ പൂവുകൾ
മിഴിനീരിന്റെ ഗ്രീഷ്മങ്ങളിൽ
അന്നും വിറച്ചു നിന്നിരുന്നു
ഞാൻ നടന്ന പടിക്കെട്ട്
രാഷ്ട്രത്തിന്റെ ഭാഗമായിരുന്നു,
ഭാവി പറഞ്ഞ ദൈവം
രാഷ്ട്രീയവുമായിരുന്നു
എന്റെ പേര് അവിടെ
രക്തസാക്ഷിയെന്നായിരുന്നു!

Exit mobile version