Site iconSite icon Janayugom Online

പതിമൂന്നു വയസുകാരിയെ ബലാത്സംഗം ചെയ്തു; അഞ്ച് സ്കൂൾ അധ്യാപകർ അറസ്റ്റിൽ

ഒഡീഷയിൽ 13 വയസുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ അഞ്ച് സ്കൂൾ അധ്യാപകർ അറസ്റ്റിൽ. കേന്ദ്രപാറ ജില്ലയിലെ സ്വകാര്യ സ്കൂൾ അധ്യാപകരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. ഏഴാം ക്ലാസ് വിദ്യാർഥിയുടെ പിതാവും ജില്ലാ ശിശുക്ഷേമ സമിതിയും രാജ്കണിക പൊലീസ് സ്റ്റേഷനിൽ പരാതികൾ നൽകിയതിനെ തുടർന്നാണ് അറസ്റ്റ് നടന്നതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

അധ്യാപകർ വളരെക്കാലമായി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് 13കാരി പറഞ്ഞതിനെത്തുടർന്നാണ് തുടർന്ന് വിദ്യാർഥിയുടെ മാതാപിതാക്കൾ ജില്ലാ ശിശുക്ഷേമ സമിതിയെ സമീപിച്ചത്. ഫെബ്രുവരി 18 ന് പരാതി ലഭിച്ചതായും അന്വേഷണത്തിന് ശേഷം, നിയമനടപടികൾക്കായി കേസ് പൊലീസിന് കൈമാറിയതായും ചൈൽഡ് വെൽഫെയർ കമ്മിറ്റി പറഞ്ഞു. ആരോപണത്തിൽ പ്രത്യേക അന്വേഷണം നടത്താൻ ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് പാനൽ നിർദ്ദേശിച്ചതായും അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി വൈദ്യപരിശോധന നടത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകരെ അറസ്റ്റ് ചെയ്തതെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും രാജ്കണിക പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇൻ‑ചാർജ് സഞ്ജയ് മല്ലിക് വ്യക്തമാക്കി.

Exit mobile version