Site iconSite icon Janayugom Online

തിരുമല അനിലിൻ്റെ ആത്മഹത്യ; പാർട്ടി നേതൃത്വത്തിനെതിരെ വിമർശനവുമായി മുൻ ബിജെപി വക്താവ് എം എസ് കുമാർ

തിരുവനന്തപുരം നഗരസഭയിലെ കൗണ്‍സിലറും ബിജെപി നേതാവുമായ തിരുമല അനിലിന്റെ ആത്മഹത്യയില്‍ പാര്‍ട്ടിക്കെതിരെ വിമര്‍ശനവുമായി മുന്‍ ബിജെപി വക്താവ് എം എസ് കുമാര്‍. കൂടെ നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നവര്‍ സഹകരിക്കാതെ മാറിനിന്നുവെന്നും, സ്വന്തം മക്കളെ വരെ മറന്ന് അനില്‍കുമാറിന് കടുംകൈ ചെയ്യേണ്ടിവന്നത് അതുകൊണ്ടുകൂടിയാകാമെന്നും എം എസ് കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. വായ്പ എടുത്തിട്ട് തിരിച്ചടക്കാത്തവരെ കൊണ്ട് അടപ്പിക്കാനെങ്കിലും കഴിയുമായിരുന്നുവെങ്കിലും അതും ചെയ്തില്ല. മരിച്ചു കഴിഞ്ഞു നെഞ്ചത്ത് റീത്തു വയ്ക്കുന്നതല്ല രാഷ്ട്രീയ പ്രവർത്തനമെന്നും എം എസ് കുമാര്‍ പറയുന്നു. 

“തദ്ദേശ തെരഞ്ഞെടുപ്പില്‍ നഗരസഭയിലെ പ്രധാന ചര്‍ച്ചാവിഷയം അനിലിന്റെ ആത്മഹത്യ ആയിരിക്കും. രാഷ്ട്രീയത്തിൽ ഒരുപാടു ഉയരങ്ങളിൽ എത്തേണ്ട ആ ചെറുപ്പക്കാരന് പാതിവഴിയിൽ ശരീരം ഉപേക്ഷിച്ചു മടങ്ങേണ്ടി വന്നത് അദ്ദേഹം ഒരു സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗം ആയിപോയതുകൊണ്ടാണ്. അവസാന നാളുകളിൽ അദ്ദേഹം അനുഭവിച്ചിട്ടുണ്ടാകാവുന്ന മാനസിക സമ്മർദ്ദം എനിക്ക് ഊഹിക്കാൻ കഴിയും. സമാനസാഹചര്യത്തിലൂടെയാണ് ഞാനും കടന്നുപോകുന്നത്. ഞാൻ കൂടി ഉള്ള സംഘത്തിൽ നിന്നും വായ്പ എടുത്തിട്ടുള്ള 70% പേരും എന്റെ പാർട്ടിക്കാരാണ്. തിരിച്ചടക്കാത്തവരിൽ 90% വും അതേ പാർട്ടിക്കാർ തന്നെ. അതിൽ സാധാരണ പ്രവർത്തകർ മുതൽ സംസ്ഥാന ഭാരവാഹികൾ (സെൽ കൺവീനർമാർ ഉൾപ്പെടെ) ഉണ്ട്. മറ്റു പാർട്ടികളിൽ നിന്ന് നമ്മുടെ സഹായത്രികരായി കൂടി കേന്ദ്ര നേതാക്കളുമായി വരെ വലിയ അടുപ്പം സൃഷ്ടിച്ചെടുത്ത നേതാക്കളും ഉണ്ട്. അവരോടൊക്കെ ചോദിച്ചും പറഞ്ഞും മടുത്തത് കൊണ്ട് അവരുടെയെല്ലാം പേരുകളും അവരടക്കേണ്ട തുകയും എല്ലാം എഫ്ബിയിലൂടെ വെളിപ്പെടുത്താൻ തീരുമാനിക്കുന്നത്. അടുത്ത പോസ്റ്റ് ഈ പേരുകൾ വെളിപ്പെടുത്തിക്കൊണ്ടുള്ളതാകും. ജീവിതത്തിൽ ഇന്നുവരെ ഒരു അഴിമതിയും നടത്തിയിട്ടില്ലാത്ത ഞാൻ ഇവരെയൊക്കെ സഹായിച്ചുപോയി എന്ന വലിയ തെറ്റിന് ഇന്ന് അനഭിമതനും വെറുക്കപ്പെട്ടവനും ആയി മാറി”. നിക്ഷേപം വായ്പയായി കൈപറ്റി മുങ്ങിനടക്കുന്നവർ മാന്യന്മാരും ജനനേതാക്കളും ആകുന്ന ആ കളി ഇനി വേണ്ട. ജനങ്ങൾ അറിയട്ടെ. ഇവരെ മുൻനിർത്തി നഗരഭരണം പിടിക്കാൻ ഒരുങ്ങുന്ന നേതാക്കൾ തിരിച്ചറിയുക. ജനങ്ങൾ വിവേകം ഉള്ളവരും കാര്യങ്ങൾ തിരിച്ചറിയുന്നവരും ആണെന്നും എം എസ് കുമാര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കുന്നു.

Exit mobile version