കണക്കുകൂട്ടലുകളെല്ലാം തെറ്റി. അതങ്ങനെയാണ്, ഉമ്മന്‍ ചാണ്ടിക്കുവേണ്ടി ആര് എത്ര തിരക്കുകൂട്ടിയാലും തന്റെ യാത്ര അദ്ദേഹം തന്നെ നിശ്ചയിക്കും. തന്നെ കാത്തുനില്‍ക്കുന്നവരെ മുഴുവനും കണ്ട് പരാതിയും പരിഭവവും കേട്ടിട്ടേ ആ ജനനായകന്‍ തന്റെ വേദി വിട്ടിറങ്ങൂ. മരിച്ചിട്ടും ആ ശീലം മാറാതെയാണ് ഉമ്മന്‍ ചാണ്ടിയെന്ന രാഷ്ട്രീയ നേതാവ് മണ്ണിലേക്ക് മടങ്ങുന്നത്. പക്ഷെ, ഇവിടെ തന്നെ കാണാനെത്തിയവരില്‍ നിന്നുള്ളത് നിലവിളികളും മുദ്രാവാക്യങ്ങളുമാണ്. ഒന്നും കേള്‍ക്കാതെ, എന്നാല്‍ എല്ലാം അറിയുന്നപോലെ ചുറ്റിലും കൂടിയവര്‍ക്കായി പതിയെ പതിയെ യാത്ര ഇങ്ങ് പോരുകയാണ്.
തന്റെ രാഷ്ട്രീയാഭ്യുദയാകാംക്ഷികളെയും അനുയായികളെയും വാക്കുകള്‍ക്കൊണ്ട് പിടിച്ചിരുത്തിയ കോട്ടയത്തെ തിരുനക്കര മൈതാനത്ത് അനക്കമില്ലാതെ കിടക്കുകയാണ് ആ വലിയ മനുഷ്യസ്നേഹി. അദ്ദേഹത്തിനുചുറ്റുമായി എപ്പോഴുമുള്ളതിനേക്കാളേറെ പേര്‍ കൂടിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ അവസാനത്തെ മഹാജനസമ്പര്‍ക്കം. ജനനേതാക്കളുണ്ട്, ഉദ്യോഗസ്ഥ പരിവാരങ്ങളുണ്ട്, മന്ത്രിമാരുണ്ട്, എംപിമാരും എംഎല്‍എമാരും പൊലീസും എല്ലാം എല്ലാം… ആരുടെ കയ്യിലും പരാതികളും ഫയലുകളുമില്ല. അവരൊക്കെയും നെടുവീര്‍പ്പിട്ട് നെഞ്ചുകലങ്ങി നില്‍ക്കുന്നു.
നാനാദേശങ്ങളില്‍ നിന്നെത്തി ഇന്നലെ മുതല്‍ തിരുനക്കരയിലെ പൊതുദര്‍ശനവേദിയോട് ചേര്‍ന്ന് സ്ഥലംപിടിച്ചവരാണേറെയും. ഊണും ഉറക്കവുമുപേക്ഷിച്ച്, കുളിയും ജപവുമില്ലാതെ അവര്‍ കാത്തിരുന്നത് വിഫലമായില്ല. മണിക്കൂറുകള്‍ വൈകിയാണെങ്കിലും ഉമ്മന്‍ ചാണ്ടിയെത്തി. തങ്ങളെ കാണാനല്ല, തങ്ങള്‍ക്ക് ഒരുനോക്ക് കാണാന്‍ മാത്രം. ശരീരം കുഴഞ്ഞുപോയിട്ടും നിലത്തുവീണിട്ടും നിലച്ചുപോയ നേതാവിനെ കാണാതെ മരിച്ചാലും വേണ്ടില്ല എന്ന മട്ടില്‍ നിലയുറപ്പിച്ചിരിക്കുന്നു. എത്രയെത്ര മനുഷ്യര്‍ തിരുനക്കരയില്‍ കൂട്ടംകൂട്ടമായി പൊട്ടിക്കരയുന്നു. അതിനേക്കാളേറെ ആളുകള്‍ തങ്ങളുടെ ഉമ്മന്‍ ചാണ്ടി മരിച്ചില്ലെന്ന് മുഷ്ടിചുരുട്ടി ഉച്ചത്തില്‍ വിളിച്ചുപറയുന്നു. തങ്ങള്‍ക്ക് സ്നേഹവും നന്മയും സഹായവും സാന്ത്വനവും സമ്മാനിച്ച നേതാവിനോട് നന്ദി പറയുന്നു. ഇത് വിരോചിതമാണ്. നൊമ്പരങ്ങള്‍ക്കിടയിലും രോമാഞ്ചമുണര്‍ത്തുന്ന ഒരു യാത്രയയപ്പ്.
തിരുനക്കര ഇങ്ങനെയാണെങ്കില്‍ ഇനിയുള്ള 10 കിലോമീറ്റര്‍ ഏതുവിധമാകുമെന്ന് ഒരാള്‍ക്കും പ്രവചിക്കാനാവില്ല. വികാരങ്ങളത്രയും അടക്കിപ്പിടിച്ച് കാത്തിരിക്കുന്ന പുതുപ്പള്ളിയിലേക്കുള്ള ആ പാതകള്‍ താണ്ടുന്നതെങ്ങനെയെന്ന് ചിന്തിക്കാനേ ആവില്ല. ആ വഴിയോരങ്ങളിലെ ഓരോ വീടിനും വീട്ടുകാര്‍ക്കും അത്രമേല്‍ പ്രിയപ്പെട്ടവനാണ് കുഞ്ഞൂഞ്ഞ്. അണപൊട്ടിയൊഴുകുന്ന കണ്ണുനീര്‍പ്പുഴയിലൂടെയാവും പുതുപ്പള്ളിയിലെ വലിയ പള്ളിയിലെ കല്ലറ വരെയുള്ള ഉമ്മന്‍ ചാണ്ടിയുടെ അന്ത്യയാത്ര.
ഒരു കുടുംബം തങ്ങളുടെ ഹൃഗനാഥനെ നാടിനുവേണ്ടി വിട്ടുകൊടുത്തിരിക്കുന്ന ഹൃദയനിര്‍ഭരമായ ചിന്തയാണ് ഉയരുന്നത്. മരണം എത്തിയാല്‍ നാടും വലയങ്ങളും അവസാനം ദേഹിയെ വീടിനും വീട്ടുകാര്‍ക്കും വിട്ടുകൊടുക്കുന്ന കീഴ്‌വഴക്കങ്ങളെല്ലാം ഇവിടെ തെറ്റിയിരിക്കുന്നു. കുഞ്ഞൂഞ്ഞിനെ കാണാനെത്തിയവരുടെ വേദനയിലലിഞ്ഞ്, തന്റെ ദുഃഖമെല്ലാം അവരുടേതാണെന്നറഞ്ഞ പത്നി മറിയാമ്മ. ഇതുവരെ അപ്പന് ലഭിച്ചതില്‍ വച്ച് ഏറ്റവും വലിയ അംഗീകാരമാണ് ഈ കാണുന്ന ജനസഞ്ചയവവും അവരുടെ വികാരങ്ങളുമെന്ന് തുറന്നുപറഞ്ഞ് മകള്‍ അച്ചു ഉമ്മനും സര്‍വരോടും കൈകൂപ്പി നന്ദി പറഞ്ഞുകൊണ്ടേയിരിക്കുന്ന മകന്‍ ചാണ്ടി ഉമ്മനും മകള്‍ മരിയ ഉമ്മനും… കുഞ്ഞൂഞ്ഞിനോളം നന്മയുള്ള ഒരു കുടുംബം.
ഇനിയിങ്ങനെയൊരു മനുഷ്യന്‍ പിറക്കുമോ എന്നാണ് ചോദ്യം. വേണമെന്നാണ് ഇവിടെ കൂടിയവരെല്ലാം ഒരേ മനസോടെ പറയുന്നത്. പുതിയ തലമുറ ഉമ്മന്‍ ചാണ്ടിയായി മാറണം. ജനങ്ങളുടെ ഹൃദയങ്ങളില്‍ സ്ഥാനം പിടിക്കണം. അവരുടെ സഹോദരനും നേതാവുമാകണം. അതാണ് ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്ര നല്‍കുന്ന ആഹ്വാനം.
English Sammury: oommen chandy vilapayathra to puthuppally