Site iconSite icon Janayugom Online

കുഴല്‍പ്പണത്തില്‍ ഒരു കോടി രൂപ സുരേന്ദ്രന്‍ തട്ടിയെടുത്തതായി തിരൂര്‍ സതീശ്

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് ബിജെപി കേരളത്തിലെത്തിച്ച കുഴല്‍പ്പണത്തില്‍ ഒരു കോടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ തട്ടിയെടുത്തതായി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശ് വെളിപ്പെടുത്തിയിരിക്കുന്നു.
പണം കൊണ്ടുവരുമ്പോൾ കോഴിക്കോടുവച്ച്‌ ഒരു കോടിരൂപ കെ സുരേന്ദ്രൻ കൈയിട്ടെടുത്തെന്ന്‌ കുഴൽപ്പണം കടത്തിയ ധർമരാജൻ പറഞ്ഞിട്ടുണ്ട്‌ .35 ലക്ഷം രൂപ തിരുവനന്തപുരത്ത്‌ വി വി രാജേഷിന്‌ കൈമാറാൻ പറഞ്ഞതായും സതീശ് പറയുന്നു. 2021 എപ്രിൽ രണ്ടിന്‌ ആറു ചാക്കിലായി ആർഎസ്‌എസ്‌ നേതാവ്‌ ധർമരാജൻ ഒമ്പത്‌ കോടി രൂപയാണ്‌ തൃശൂർ ജില്ല കമ്മറ്റി ഓഫീസിൽ എത്തിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി.എത്ര പണം, മണ്ഡലങ്ങളിൽ എവിടെയൊക്കെ വിതരണം ചെയ്തു, ആരൊക്കെ കൊണ്ടുപോയി എന്ന്‌ കൃത്യമായി അറിയാം.

ഇതുപയോഗിച്ച്‌ വാഹനങ്ങളും ഭൂമിയും വാങ്ങിക്കൂട്ടിയവരെയും അറിയാം.ഓഫീസ്‌ സെക്രട്ടറിയെന്ന നിലയിൽ സംസ്ഥാന ഓഫീസുമായും നേതാക്കളുമായും ജില്ലാകമ്മിറ്റിയുമായും ബന്ധപ്പെട്ട എല്ലാ ഇടപാടുകളും അറിയാം.ഇക്കാര്യങ്ങൾ അന്വേഷകസംഘത്തോട്‌ വെളിപ്പെടുത്തും.കൊടകര കവർച്ച നടന്നപ്പോൾ ധർമരാജൻ ആദ്യംവിളിച്ചത്‌ കെ സുരേന്ദ്രനെയും മകനെയുമാണ്‌.

പാർടി സംസ്ഥാന അധ്യക്ഷനെ എന്തിനാണ്‌ കുഴൽപ്പണക്കടത്തുകാർ ബന്ധപ്പെടുന്നത്‌. കെ സുരേന്ദ്രനെക്കുറിച്ച് എല്ലാവർക്കും അറിയാം. മരം മുറിച്ചുവിറ്റ കേസിലാണ്‌ വയനാട് എസ്റ്റേറ്റിൽനിന്ന് സുരേന്ദ്രനെ പുറത്താക്കിയത്‌.കുഴൽപ്പണക്കടത്ത്‌ പുറത്തുവിട്ടശേഷം സുരേന്ദ്രനും ജില്ലാ പ്രസിഡന്റ്‌ കെ കെ അനീഷ്‌കുമാറും വ്യക്തിഹത്യ നടത്തുകയാണ്‌.

കൂടുതൽ കാര്യങ്ങൾ ഇനിയും പറയും.അതിന്‌ തടയിടാൻ അവർക്ക്‌ കുറച്ചുകൂടി നുണക്കഥകൾ കരുതിവയ്‌ക്കേണ്ടി വരും.എന്നെ ആർക്കും വിലക്കെടുക്കാനാവില്ല.സത്യം വിളിച്ചുപറഞ്ഞതിനാൽ എത്രനാൾ ജീവിക്കുമെന്ന്‌ ഉറപ്പില്ല. ഞാൻ മരിച്ചാൽ ആരായിരിക്കും ഉത്തരവാദികളെന്ന്‌ വീട്ടുകാരെ അറിയിച്ചിട്ടുണ്ട് സതീശ്‌ പറഞ്ഞു.

Exit mobile version