ആഴിമലതീരത്തെ പാറക്കെട്ടിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച യുവാവ് കടലിൽ വീണ് മരിച്ചു. പുനലൂർ ഇളമ്പൽ ആരംപുന്ന ജ്യോതിഷ് ഭവനിൽ സുകുമാരന്റെയും ഗീതയുടെയും മകനായ ജ്യോതിഷ് എസ്(24) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3.45 ഓടെയായിരുന്നു അപകടം. പദ്മനാഭസ്വാമിക്ഷേത്രത്തിലെ ദർശനം കഴിഞ്ഞ് ആഴിമല ശിവക്ഷേത്രത്തിൽ എത്തിയ തീർത്ഥാടക സംഘത്തിലെ അംഗമാണ് ജ്യോതിഷ്.
ക്ഷേത്ര ദർശനം നടത്തിയശേഷം കടൽത്തീരം കാണുന്നതിനായി താഴത്തെ പാറക്കെട്ടുകളിലെത്തി സെൽഫിയെടുക്കുന്നതിനിടയിൽ ജ്യോതിഷ് നിന്നിരുന്ന പാറക്കെട്ടിലേയ്ക്ക് ആഞ്ഞടിച്ച തിരയുടെ ശക്തിയില്‍ കടലിലേക്ക് വഴുതിവീണ് കാണാതാവുകയായിരുന്നു. സംഭവം കണ്ട സുഹൃത്തുകളും ഒപ്പമെത്തിയ സ്ത്രീകളും നിലവിളിച്ചതോടെ ലൈഫ് ഗാർഡുൾപ്പെടെ എത്തി വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്‌റ്റേഷനിൽ വിവരമറിയിച്ചു.
എസ്എച്ച്ഒ എച്ച് അനിൽകുമാർ, എസ്ഐ ജി എസ് പദ്മകുമാർ എന്നിവരുടെ നേതൃത്വത്തിൽ എഎസ്ഐ അജിത്, സിപിഒ പ്രസൂൺ, കോസ്റ്റൽ വാർഡൻമാരായ സുനീറ്റ്, സിൽവർസ്റ്റർ, സാദിഖ് എന്നിവർ പട്രോളിങ് ബോട്ടുപയോഗിച്ച് നടത്തിയ തിരച്ചിലിൽ അടിമലത്തുറ ഫാത്തിമാത പളളിയ്ക്ക് സമീപത്ത് കടലിൽ നിന്ന് യുവാവിനെ കണ്ടെത്തി ബോട്ടിലേയ്ക്ക് വലിച്ചുകയറ്റിയെങ്കിലും മരിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേയ്ക്ക് മാറ്റി. പുനലൂരിലെ സ്റ്റുഡിയോയിൽ ഫോട്ടോഗ്രാഫി പഠിക്കുകയായിരുന്നു മരിച്ച ജ്യോതിഷ്. സഹോദരി ജ്യോതി.
English Summary: Thiruvananthapuram: A young man fell to his death in the sea while taking selfies in the state
You may like this video also