Site iconSite icon Janayugom Online

തിരുവനന്തപുരം വിമാനത്താവളം ഉപയോക്തൃ വികസന ഫീസ് വര്‍ധന പിന്‍വലിക്കണം: ബിനോയ് വിശ്വം

വിമാനത്താവളത്തിൽ യാത്ര ചെയ്യുന്ന ആയിരക്കണക്കിന് യാത്രക്കാരെ പ്രതികൂലമായി ബാധിക്കുന്ന ഉപയോക്തൃ വികസന ഫീസ് (യുഡിഎഫ്) വര്‍ധന പിന്‍വലിക്കണമെന്ന് സിപിഐ പാര്‍ലമെന്ററിഗ്രൂപ്പ് നേതാവും സംസ്ഥാന സെക്രട്ടറിയുമായ ബിനോയ് വിശ്വം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര യാത്രക്കാർക്കുള്ള ഫീസ് ആഭ്യന്തര യാത്രക്കാർ നൽകുന്ന തുകയുടെ ഇരട്ടിയായി വർധിപ്പിച്ചത് പ്രവാസി മലയാളി സമൂഹത്തിന് വന്‍ ബാധ്യതയാകുമെന്ന് വ്യോമയാന വകുപ്പ് മന്ത്രി റാം മോഹന്‍ നായിഡുവിന് അയച്ച കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. 

തിരുവനന്തപുരം വിമാനത്താവളം അഡാനി ഗ്രൂപ്പിന് കൈമാറിയതിന് ശേഷം യാത്രക്കാരുടെ ദുരിതം വർധിച്ചിരിക്കുകയാണ്. തിരുവനന്തപുരം വിമാനത്താവളം തലസ്ഥാന ജില്ലയില്‍ മാത്രമല്ല സമീപ പ്രദേശങ്ങളിലുള്ളവരും ആശ്രയിക്കുന്നതാണ്. വിമാനത്താവളങ്ങളുടെയും അനുബന്ധ സേവനങ്ങളുടെയും തുടർച്ചയായ സ്വകാര്യവൽക്കരണം വിമാനയാത്രാ ചെലവ് വർധിപ്പിക്കുകയും സാധാരണക്കാർക്ക് താങ്ങാനാവുന്നതിലപ്പുറവുമായിരിക്കുന്നു. വ്യോമയാന മേഖലയിലെ അഡാനി ഗ്രൂപ്പിന്റെ കടന്നുവരവ് ഇതിനകം തന്നെ യാത്രക്കാർക്ക് വളരെയധികം ബുദ്ധിമുട്ടുകളും സാമ്പത്തിക ബാധ്യതകളും വരുത്തിവെക്കുകയാണ്. പുതിയ എൻഡിഎ സർക്കാർ അധികാരമേറ്റതിനുശേഷം കോർപറേറ്റ് അനുകൂല നയത്തിന്റെ ഭാഗമായി ആദ്യം തിരിച്ചടി നേരിടുന്ന ഒന്നായി തിരുവനന്തപുരം വിമാനത്താവളവും അതിലൂടെയുള്ള യാത്രക്കാരും മാറുകയാണെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു. 

Eng­lish Sum­ma­ry: Thiru­vanan­tha­pu­ram air­port should with­draw user devel­op­ment fee hike: Binoy Vishwam

You may also like this video

Exit mobile version