Site iconSite icon Janayugom Online

വ്യാജക്കത്ത് വിവാദം: തിരുവനന്തപുരത്ത് കോണ്‍ഗ്രസ്-ബിജെപി കലാപം

വ്യാജക്കത്ത് സംഭവത്തിൽ മേയറുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിൽ ബിജെപിയും കോണ്‍ഗ്രസും ഇന്നും അക്രമംഅഴിച്ചുവിട്ടു. യൂത്ത് കോണ്‍ഗ്രസും മഹിളാ കോണ്‍ഗ്രസും യുവമോര്‍ച്ചയുമാണ് രാവിലെ മത്സരിച്ച് പ്രതിഷേധം നടത്തിയത്. കോര്‍പറേഷനിലേക്ക് തള്ളിക്കയറാനുള്ള സമരക്കാരുടെ ശ്രമങ്ങളെ പൊലീസ് തടയാന്‍ ശ്രമിച്ചത് കലാപന്തരീക്ഷം സൃഷ്ടിച്ചു. ഉന്തിലും തള്ളിലും പലര്‍ക്കും പരിക്കേറ്റു. പൊലീസ് ബാരിക്കേടുകള്‍ തകര്‍ത്ത് മുന്നേറാനുള്ള യുവമോര്‍ച്ച നീക്കം തടയാന്‍ ജലപീരങ്കിയും ടിയര്‍ ഗ്യാസും പ്രയോഗിച്ചു. കവാടത്തില്‍ നിന്നിരുന്ന മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ ഭയന്നോടി. ഈ തിരക്കില്‍ ജെബി മേത്തര്‍ എംപി അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു.

ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ആദ്യം പ്രകോപനം സൃഷ്ടിച്ചത്. ഇവര്‍ പൊലീസ് തമ്മിൽ ഉന്തും തള്ളുമായി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനൊരുങ്ങിയ പൊലീസിനെ യുഡിഎഫ് പ്രവർത്തകർ നേരിട്ടു. നഗരസഭയുടെ കവാടം ഇവര്‍ ബലമായി അടച്ചിട്ടു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകാൻ എത്തിച്ച പൊലീസ് ബസ് പ്രതിഷേധക്കാർ തടഞ്ഞു. നഗരസഭയുടെ ഗേറ്റ് പ്രതിഷേധക്കാർ പൂട്ടിയതിനെ തുടർന്ന് മറ്റൊരു ഗേറ്റ് വഴി വാഹനം പുറത്തുപോയി. പിറകെയാണ് മഹിളാ കോണ്‍ഗ്രസ് പ്രകടനം എത്തിയത്.

വൈകാതെ യുവമോര്‍ച്ച പ്രവര്‍ത്തകരും മാര്‍ച്ചുമായി എത്തിയതോടെ കോര്‍പറേഷന്‍ പരിസരം ഭീകരാന്തരീക്ഷത്തിലായി. കോര്‍പറേഷന്റെ മതില്‍ ചാടിക്കടന്നാണ് പ്രതിഷേധം നടത്തിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനടക്കമുള്ളവര്‍ സ്ഥലത്തെത്തിയാണ് പൊലീസിനെയും കോര്‍പറേഷനെയും സര്‍ക്കാരിനെയും വെല്ലുവിളിച്ച് സമരത്തിന് നേതൃത്വം നല്‍കുന്നത്. സമരം കേരളം മുഴുവന്‍ വ്യാപിപ്പിക്കുമെന്നാണ് കെ സുരേന്ദ്രന്റെ പ്രഖ്യാപനം. പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.

 

Eng­lish sum­ma­ry: Con­gress-BJP riots at Thiru­vanan­tha­pu­ram cor­po­ra­tion

 

 

Exit mobile version