Site iconSite icon Janayugom Online

തിരുവനന്തപുരം ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും

സിപിഐ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഒമ്പത് വരെയാണ് സമ്മേളനം. ഇന്ന് കണിയാപുരം രാമചന്ദ്രന്‍ നഗറില്‍ (പുത്തരിക്കണ്ടം മൈതാനം) പതാക ഉയരും. നെടുമങ്ങാട് പി എം സുൽത്താൻ സ്മൃതി മണ്ഡപത്തില്‍ നിന്നും പതാക ജാഥ വി ശശി എംഎല്‍എയും നെയ്യാറ്റിന്‍കരയില്‍ കെ കെ ശ്രീധറിന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നും ബാനര്‍ ജാഥ ‍പി കെ രാജുവും ചാക്കയിലെ എൻ അരവിന്ദൻ സ്മൃതി മണ്ഡപത്തില്‍ നിന്നും കൊടിമര ജാഥ പള്ളിച്ചല്‍ വിജയനും ഉദ്ഘാടനം ചെയ്യും. പതാക ജി ആര്‍ അനിലും ബാനര്‍ മാങ്കോട് രാധാകൃഷ്ണനും കൊടിമരം എന്‍ രാജനും ഏറ്റുവാങ്ങും. ജെ വേണുഗോപാലന്‍ നായര്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് സാംസ്കാരിക സമ്മേളനം മന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ മുഖ്യപ്രഭാഷണം നടത്തും. കവി കുരീപ്പുഴ ശ്രീകുമാർ, സംവിധായകൻ വി സി അഭിലാഷ്, വി പി ഉണ്ണികൃഷ്ണൻ, ജയശ്ചന്ദ്രൻ കല്ലിങ്കൽ തുടങ്ങിയവർ സംസാരിക്കും. 

നാളെ വൈകിട്ട് റെഡ് വോളണ്ടിയര്‍ മാര്‍ച്ചും അരലക്ഷം പേരുടെ ബഹുജനറാലിയും നടക്കും. വെളിയം ഭാർഗവൻ നഗറില്‍ (പുത്തരിക്കണ്ടം മൈതാനം) പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ രാജൻ, ജി ആർ അനിൽ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എൻ രാജൻ തുടങ്ങിയവർ സംസാരിക്കും. എട്ട്, ഒമ്പത് തീയതികളിൽ കാനം രാജേന്ദ്രൻ നഗറി (വഴുതക്കാട് ടാഗോർ തിയേറ്റര്‍) ലാണ് പ്രതിനിധി സമ്മേളനം. ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ ജി ആർ അനിൽ, ജെ ചിഞ്ചുറാണി, നേതാക്കളായ സത്യൻ മൊകേരി, രാജാജി മാത്യു തോമസ്, കെ ആർ ചന്ദ്രമോഹനൻ, സി പി മുരളി തുടങ്ങിയവർ പങ്കെടുക്കും. 17 മണ്ഡലം സമ്മേളനങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട 410 പ്രതിനിധികൾ സമ്മേളനത്തില്‍ പങ്കെടുക്കും. ഒമ്പതിന് വൈകിട്ട് സമാപിക്കും. 

Exit mobile version