ഗൃഹനാഥനെ കഴക്കൂട്ടത്ത് ചവിട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. കൊല്ലം നടുവിലശേരി സ്വദേശി വിജയകുമാര്‍ (48) ആണ് പിടിയിലായത്. അഞ്ചാലുംമൂടിന് സമീപം തൃക്കരുവയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ആക്രി കച്ചവടക്കാരനായ വിജയകുമാര്‍ ഒരു കൈ മാത്രമുള്ള വ്യക്തിയാണ്. ഞായറാഴ്ച രാവിലെയാണ് കഴക്കൂട്ടത്തിന് സമീപം സംഭവം നടന്നത്.
നെട്ടയകോണം സ്വദേശി ഭുവനചന്ദ്രന്‍ (65) ആണ് മരിച്ചത്. ഭുവനചന്ദ്രന്‍ ഒരു വീട്ടില്‍ ജോലി ചെയ്യുകയായിരുന്നു. ഈ വീടിന് സമീപമുള്ള കടയില്‍ മറ്റൊരാളുമായി സംസാരിക്കുന്നതിനിടെയാണ് ആക്രിക്കാരനുമായി തര്‍ക്കമുണ്ടായത്. ഭുവനചന്ദ്രന്‍ നില്‍ക്കുന്നതിന് സമീപത്തായി ആക്രിക്കാരന്‍ തുപ്പിയത് ചോദ്യംചെയ്തതോടെയാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതെന്ന് ദൃക്സാക്ഷി പറഞ്ഞു.
തര്‍ക്കത്തിനിടെ ആക്രിക്കാരന്‍ ഭുവനചന്ദ്രന്റെ വയറിന് അടിഭാഗത്തായി ചവിട്ടുകയായിരുന്നു. ശക്തമായ ചവിട്ടേറ്റ് നിലത്തുവീണ ഭുവനചന്ദ്രനെ ചുറ്റുംകൂടിയ ആളുകളാണ് കഴക്കൂട്ടത്തെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രയിലും പ്രവേശിച്ചു. ഇവിടെവച്ചാണ് മരണം സംഭവിച്ചത്.
ഭുവനചന്ദ്രന്‍ നേരത്തെ കരളിന് ശസ്ത്രക്രിയ കഴിഞ്ഞ് തുടര്‍ചികിത്സയിലായിരുന്നു. വയറിനേറ്റ ചവിട്ട് ആന്തരിക രക്തസ്രാവത്തിന് കാരണമായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. തുപ്പിയത് ചോദ്യംചെയ്തതിനാണ് ഭുവനചന്ദ്രനെ ആക്രിക്കാരന്‍ ചവിട്ടിയതെന്ന് സംഘര്‍ഷം നേരില്‍ക്കണ്ട കരിക്കുവില്‍പ്പനക്കാരന്‍ ശ്രീകുമാര്‍ പറയുന്നു.
English summary; Thiruvananthapuram householder kicked to death accused arrested
You may also like this video;