സംസ്ഥാന സ്കൂൾ കായികമേളയിൽ ട്രാക്കിലെ മത്സരങ്ങൾ പുരോഗമിക്കുമ്പോൾ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിനുള്ള പോരാട്ടം പാലക്കാടും മലപ്പുറവും ശക്‌തമാക്കി. ട്രാക്ക് ഉണർന്ന ആദ്യദിനം കേവലം ഒരു പോയിന്റിന് മാത്രം മുന്നിൽ നിന്ന മലപ്പുറം ഇന്നലെ പോയിന്റ് ടേബിളിൽ ഏറെ മുന്നിലെത്തി.
അത്‌ലറ്റിക്‌സിൽ 28 ഇനത്തിൽ മത്സരങ്ങൾ പൂർത്തിയായപ്പോൾ 63 പോയിന്റ് നേടിയാണ് മലപ്പുറം ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചത്. എട്ട് സ്വർണവും ആറ് വെള്ളിയും അഞ്ച് വെങ്കലവും അടക്കമാണ് മലപ്പുറം കുതിപ്പ് നടത്തിയത്. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ പാലക്കാട് 52 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ഏഴ് സ്വർണവും മൂന്ന് വെള്ളിയും എട്ട് വെങ്കലവും പാലക്കാടിന് സ്വന്തമായിട്ടുണ്ട്. കായിക മേളയുടെ വേഗരാജാക്കന്മാരുടെ പട്ടാഭിഷേകത്തിനും നാലാം ദിനം സാക്ഷ്യം വഹിച്ചു.
എറണാകുളം ജില്ലയിലെ കീരമ്പാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കന്‍ഡറി സ്കൂളിലെ അൻസ്വാഫ് കെ അഷ്റാഫും തിരുവനന്തപുരം ജി വി രാജ സ്പോർട്സ് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി രഹ്നയും വേഗരാജ‑റാണി പട്ടം സ്വന്തമാക്കി. ജൂനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ പാലക്കാട് ചിറ്റൂർ ജിഎച്ച്എസ്എസിലെ ജെ നിവേദ് കൃഷ്ണ സ്വർണം നേടി. ജൂനിയർ പെൺകുട്ടികളുടെ നൂറ് മീറ്ററിൽ ആലപ്പുഴയുടെ ശ്രേയ ആർ സുവർണതീരമണഞ്ഞു. സബ‌്ജൂനിയർ ആൺകുട്ടികളില്‍ കാസർകോടിന്റെ നിയാസ് എ ഹംസ, പെണ്‍കുട്ടികളില്‍ ഇടുക്കിയുടെ ദേവപ്രിയ എന്നിവര്‍ സ്വർണം നേടി. അത്‌ലറ്റിക്‌സിന്റെ രണ്ടാം ദിനം സീനിയർ പെൺ പോൾവോൾട്ടിൽ മാത്രമാണ് റെക്കോഡ് നേട്ടം. കോതമംഗലം മാർബേസിലിലെ ജീനാ ബേസിൽ 3.43 മീറ്റർ ചാടിയാണ് പുതിയ റെക്കോഡിട്ടത്.
കായികമേള അവസാനിക്കാൻ മൂന്നു ദിവസം ബാക്കിനിൽക്കെ 1,776 പോയിന്റുകളുമായി തിരുവനന്തപുരം മേധാവിത്തം തുടരുകയാണ്. 701 പോയിന്റുമായി തൃശൂരും 612 പോയിന്റുമായി കണ്ണൂരും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ചാമ്പ്യൻ സ്കൂളിനായുള്ള പോരാട്ടത്തിലും വാശിയേറുകയാണ്. അത്‌ലറ്റിക്‌സിൽ കോതമംഗലം മാർബേസിൽ എച്ച് എസ്എസ് 30 പോയിന്റുകൾ നേടി മുന്നിലുണ്ട്. മൂന്നാം തവണയും ചാമ്പ്യൻപട്ടം ലക്ഷ്യമിടുന്ന മലപ്പുറം ഐഡിയൽ ഇഎച്ച്എസ്എസ് 16 പോയിന്റുകളുമായി രണ്ടാം സ്ഥാനത്താണ്. 14 പോയിന്റുകളുമായി ഇടുക്കി കാൽവരി മൗണ്ട് സിഎച്ച്എസ് മൂന്നാം സ്ഥാനത്തുണ്ട്. ഇന്ന് 18 ഇനങ്ങളിലാണ് ഫൈനൽ.