Site iconSite icon Janayugom Online

രണ്ടാമത്തെ ചര്‍മ്മവും ശേഖരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സ്‌കിന്‍ ബാങ്ക് ടീം

തിരുവനന്തപുരത്ത് 91വയസുകാരിയുടെ ചര്‍മ്മം സ്വീകരിച്ച് മെഡിക്കല്‍ കോളേജിലെ സ്‌കിന്‍ ബാങ്ക് ടീം. ആനന്ദവല്ലി അമ്മാളിന്റെ ചര്‍മ്മമാണ് അധികൃതര്‍ സ്വീകരിച്ചത്.ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ന്യൂറോ സര്‍ജറി വിഭാഗം മേധാവിയായ ഡോ. ഈശ്വറിന്റെ അമ്മയുടെ കണ്ണുകള്‍, ചര്‍മ്മം എന്നിവയാണ് ദാനം ചെയ്തത്. അമ്മയുടെ ആഗ്രഹമായിരുന്നു മരണാനന്തര അവയവദാനം. എന്നാല്‍ പ്രായക്കൂടുതല്‍ ആയതിനാല്‍ മറ്റ് അവയവങ്ങള്‍ എടുക്കാനായില്ല. വീട്ടില്‍ വച്ച് മരണമടഞ്ഞ അമ്മയെ അവയവദാനത്തിനായി ആശുപത്രിയിലെത്തിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. തുടര്‍ന്നാണ് സ്‌കിന്‍ബാങ്കിലെ ടീം പ്രായോഗിക ബുദ്ധിമുട്ടുകള്‍ മറികടന്ന് വീട്ടിലെത്തി ചര്‍മ്മം സ്വീകരിച്ചതെന്ന് മകൻ ഈശ്വര്‍ പറഞ്ഞു. 

പിന്നാലെ അവയവദാനം നടത്തിയ അമ്മയുടെ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിക്കുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു. സ്‌കിന്‍ ബാങ്ക് ടീമിനെയും മന്ത്രി അഭിനന്ദിച്ചു. കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കിയ സ്‌കിന്‍ ബാങ്കില്‍ ലഭിക്കുന്ന രണ്ടാമത്തെ ചര്‍മ്മമാണിത്. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് സ്‌കിന്‍ ബാങ്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ കൂടി സ്‌കിന്‍ ബാങ്ക് സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 

Exit mobile version