Site icon Janayugom Online

തലസ്ഥാനത്തെ വസന്ത നാളുകള്‍ക്ക് ഇന്ന് സമാപനം

രണ്ടാഴ്ചയായി തലസ്ഥാനത്തിന് ഉത്സവഭംഗി പകര്‍ന്ന നഗരവസന്തത്തിന് ഇന്നു സമാപനം. ഡിസംബര്‍ 21ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത നഗരവസന്തം കാഴ്ചയുടെയും സംഗീതത്തിന്റേയും രുചിയുടെയും എല്ലാം വസന്തമായി തലസ്ഥാന ജനത ഏറ്റെടുത്തിരുന്നു. തിരുവനന്തപുരത്തെ പതിവ് പുഷ്പമേളക്കാഴ്ചകളില്‍ നിന്നും വ്യത്യസ്ഥമായാണ് നഗരവസന്തം സംഘടിപ്പിച്ചത്. രാത്രി ഒരു മണിവരെനീളുന്ന ആഘോഷങ്ങള്‍ നൈറ്റ് ലൈഫ് ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതായിരുന്നു. തലസ്ഥാന നഗരത്തില്‍ ആദ്യമായാണ് നൈറ്റ് ലൈഫിനു പ്രാധാന്യം നല്‍കിക്കൊണ്ട് ഒരു മേള സംഘടിപ്പിക്കപ്പെടുന്നത്. സമാപന ദിവസമായ നാളെയും രാത്രി ഒരു മണിവരെ നഗരവസന്തത്തിലെ ആഘോഷങ്ങള്‍ നീണ്ടു നില്‍ക്കും. അതിനു ശേഷം അടുത്ത വര്‍ഷം വീണ്ടും വരാമെന്ന പ്രതീക്ഷയില്‍ വസന്തം പടിയിറങ്ങും. ക്രിസ്തുമസ് ദിനത്തിലേതുപോലെ നഗരവസന്തത്തോടൊപ്പം പുതുവത്സരപ്പിറവിയാഘോഷിക്കാന്‍ പതിനായിരങ്ങളാണ് എത്തിയത്.

സൗന്ദര്യം നിറയുന്ന പൂച്ചെടികളുടെയും അലങ്കാരച്ചെടികളുടേയും ബോണ്‍സായ് വൃക്ഷങ്ങളുടെയും മത്സ്യങ്ങളുടെയും പ്രദര്‍ശനം കണ്ടും, ട്രേഡ് ഫെയറില്‍ നിന്നും ഉത്പന്നങ്ങള്‍ വാങ്ങിയും ഫുഡ്‌കോര്‍ട്ടിലെ സ്വാദ് നുകര്‍ന്നും പുതുവര്‍ഷം പിറക്കുന്നതുവരെ ജനസാഗരം നഗര വസന്തവേദിയില്‍ത്തുടര്‍ന്നു. ആഘോഷങ്ങള്‍ കൊഴുപ്പിക്കാന്‍ കേരള പൊലീസിലെ കലാകാരന്മാര്‍ അവതരിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയും ഗായത്രി അശോകും ശ്രീരഞ്ജിനിയും ചേര്‍ന്നവതരിപ്പിച്ച കര്‍ണാടിക്, ഗസല്‍ കണ്‍സേര്‍ട്ടുമുണ്ടായിരുന്നു. തുടര്‍ന്ന് കനല്‍ ബാന്‍ഡിന്റെ നാടന്‍പാട്ടിന്റെ താളത്തിനൊപ്പം നൃത്തംവെച്ചാണ് നഗരവസന്തത്തിലെത്തിയവര്‍ പുതുവര്‍ഷത്തിലേക്ക് കടന്നത്.

പുതുവര്‍ഷത്തിലെ ആദ്യ ദിവസമായ ഇന്നലെയും വന്‍ ജനത്തിരക്കായിരുന്നു. ഞായറാഴ്ചയായതിനാല്‍ ഇന്നലെ പതിവിലും അധികം പേര്‍ പുഷ്‌പോത്സവം കാണാനെത്തി. നിശാഗന്ധിയില്‍ നാടന്‍പാട്ടു കലാകാരി ശൈലജയും സംഘവും അവതരിപ്പിച്ച നാടന്‍പാട്ടും പിന്നണി ഗായിക ദിവ്യയുടെ സംഗീത നിശയും അരങ്ങേറി. സമാപന ദിനമായ ഇന്നും നഗരവസന്തത്തിലെ പതിവു വിഭവങ്ങളെല്ലാം ആസ്വാദകരെ കാത്തിരിക്കുന്നുണ്ട്. സംസ്ഥാന ടൂറിസം വകുപ്പും തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കേരള റോസ് സൊസൈറ്റിയും സംയുക്തമായി തിരുവനന്തപുരം നഗരസഭയുടെ സഹകരണത്തോടെയാണ് നഗര വസന്തം സംഘടിപ്പിച്ചത്.

നഗര വസന്തം; അവാര്‍ഡുകള്‍ സമ്മാനിച്ചു

നഗര വസന്തത്തിലെ പുഷ്‌മേളയിലെ വിവിധ മത്സരങ്ങളില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ സമ്മാനിച്ചു. കൊമേഴ്‌സല്യല്‍ ഫ്‌ളോറിസ്റ്റുകള്‍ക്കും വ്യക്തികള്‍ക്കും റസിഡന്‍സ് അസോസിയേഷനുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വേണ്ടി മാസ് അറേഞ്ച്‌മെന്റ്, ഷാലോ അറേഞ്ച്‌മെന്റ്, ഡ്രൈ ഫ്‌ളവര്‍ അറേഞ്ച്‌മെന്റ്, ഡബിള്‍ കണ്ടെയ്‌നര്‍ അറേഞ്ച്‌മെന്റ്, ഫ്്‌ളോട്ടിങ് അറേഞ്ച്‌മെന്റ്, വെജിറ്റബിള്‍ കാര്‍വിങ്, ലൂസ് ബൊക്കെ, ബ്രൈഡല്‍ ബൊക്കെ എന്നിങ്ങനെ നിരവധി മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. മത്സരവിജയികള്‍ക്ക് വി.കെ. പ്രശാന്ത് എംഎല്‍എ അവാര്‍ഡുകള്‍ വിതരണം ചെയ്തു. 40 വര്‍ഷത്തോളമായി കൊമേഴ്‌സ്യല്‍ ഫ്‌ളോറിസ്റ്റ് രംഗത്തുള്ള സാബു ജോണിനെ വേദിയില്‍വച്ച് എംഎല്‍എ ആദരിച്ചു. കേരള റോസ് സൊസൈറ്റി സെക്രട്ടറി കെ.വിക്രമന്‍ നായര്‍, ട്രഷറര്‍ എന്‍.സുഭാഷ്, അമ്പലത്തറ ചന്ദ്രബാബു, ജയശേഖരന്‍ നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Exit mobile version