Site icon Janayugom Online

ഇത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഉള്‍പ്പെടുത്താൻ പാടില്ലാത്ത പ്രൊപ്പഗാന്‍ഡ സിനിമ: ദ കാശ്മീര്‍ ഫയല്‍സിനെതിരെ ജൂറി ചെയര്‍മാൻ

ഇന്നലെ ഗോവയില്‍ അവസാനിച്ച 53-ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മത്സരവിഭാഗത്തില്‍ ദ കാശ്മീര്‍ ഫയല്‍സ് ഉള്‍പ്പെടുത്തിയതിനെതിരെ ജൂറി ചെയര്‍മാൻ. ചിത്രം ജൂറി അംഗങ്ങളില്‍ അസ്വസ്ഥതയും നടക്കവുമുണ്ടാക്കിയെന്നാണ് സമാപന ചടങ്ങ് വേദിയില്‍ ഇസ്രായേലി സംവിധായകനും തിരക്കഥാകൃത്തുമായ നദാവ് ലാപിഡ് പറഞ്ഞത്.

“അന്താരാഷ്ട്ര മത്സരവിഭാഗത്തിലുണ്ടായിരുന്ന പതിനഞ്ച് സിനിമകളില്‍ പതിനാലും സിനിമാറ്റിക് ക്വാളിറ്റി പ്രകടിപ്പിച്ചവയും ഞങ്ങള്‍ ഗഹനമായി ചര്‍ച്ച ചെയ്യുകയും ചെയ്തവയാണ്. പതിനഞ്ചാമത്തെ സിനിമയായ കാശ്മീര്‍ ഫയല്‍സ് ഞങ്ങളില്‍ അസ്വസ്ഥതയും ഞെട്ടലും ഉളവാക്കി. ഇതുപോലൊരു അഭിമാനകരമായ ചലച്ചിത്ര മേളയിലെ അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്താൻ പാടില്ലാത്ത വള്‍ഗര്‍, പ്രൊപ്പഗാൻഡ സിനിമ ആയാണ് ഞങ്ങള്‍ക്ക് തോന്നിയത്. ഇക്കാര്യം പരസ്യമായി പറയാൻ എനിക്ക് ബുദ്ധിമുട്ടില്ല.”- എന്നാണ് അദ്ദേഹം പറഞ്ഞത്.

കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറഞ്ഞ സിനിമയായ കാശ്മീരി ഫയല്‍സ് ചരിത്രത്തെ വളച്ചൊടിച്ചതാണെന്നും കേന്ദ്രം ഭരിക്കുന്ന ബിജെപിക്കു വേണ്ടി തയ്യാറാക്കിയ പ്രൊപ്പഗാൻഡ സിനിമയാണെന്നും നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ വരെ ഉള്‍പ്പെടുത്തി മുസ്ലിങ്ങളെ ക്രൂരമായ കൂട്ടക്കൊലയുടെ പ്രതികളാക്കിയാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇതിലെ വസ്തുതാപരമായി തെളിയിക്കാൻ സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ക്കോ ചരിത്രകാരന്മാര്‍ക്കോ സാധിച്ചിട്ടില്ല.

മാര്‍ച്ച് 11ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ റിലീസ് രാജ്യത്തൊട്ടാകെ 630 തിയറ്ററുകളില്‍ മാത്രമായിരുന്നു. എന്നാല്‍ വിതരണക്കാരെയും തിയറ്റര്‍ ഉടമകളെയും ഞെട്ടിച്ചുകൊണ്ട് ആദ്യദിനത്തില്‍ 4.25 കോടി രൂപ കളക്ഷൻ നേടി. രണ്ടാം ദിവസം 10.10 കോടിയും. മൂന്നാം ദിവസമായപ്പോഴേക്കും തിയറ്റര്‍ ഉടമകളുടെ ആവശ്യപ്രകാരം 2000 സ്ക്രീനുകളിലേക്കും രണ്ടാം വാരത്തിലേക്ക് കടന്നപ്പോള്‍ 4000 സ്ക്രീനുകളിലേക്കുമായി തിയറ്റര്‍ കൗണ്ട് വര്‍ധിപ്പിച്ചു.

“ഐ ഹാവ് ഇലക്ട്രിക് ഡ്രീം” ആണ് ഐഎഫ്എഫ്ഐയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം നേടിയത്. വാഹിദ് മൊബശേരി ചലച്ചിത്രോത്സവത്തിലെ മികച്ച നടനും ഡനീല മറിൻ മികച്ച നടിയുമായി. മികച്ച സംവിധായകനുള്ള പുരസ്കാരം നദാര്‍ സെയ് വറിനാണ്.

Eng­lish Sum­mery: This is a pro­pa­gan­da film jury Chair­man of IFFI against The Kash­mir Files
You may also like this video

Exit mobile version