Site iconSite icon Janayugom Online

അവര്‍ ഇവിടെ ചുറ്റിത്തിരിയേണ്ട സമയമല്ല വനിതാ സൈനിക ഉദ്യോഗസ്ഥരെ ഒഴിവാക്കുന്നതിനെതിരെ സുപ്രീം കോടതി

സ്ഥിരം കമ്മിഷന് അര്‍ഹതയില്ലെന്ന് കണ്ടെത്തിയ വനിതാ സൈനിക ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് ഒഴിവാക്കരുതെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഓഗസ്റ്റില്‍ വാദം കേള്‍ക്കുന്നതിനായി 69 ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് സൂര്യകാന്ത്, എന്‍ കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ദേശം.
സുപ്രീം കോടതിയില്‍ ചുറ്റിനടക്കാന്‍ അവരോട് ആവശ്യപ്പെടേണ്ട സമയമല്ലിത്. നിലവിലെ സാഹചര്യത്തില്‍ അവരുടെ മനോവീര്യം തകര്‍ക്കരുത്. അവര്‍ മിടുക്കരായ ഉദ്യോഗസ്ഥരാണ്. നിങ്ങള്‍ക്ക് അവരുടെ സേവനം മറ്റെവിടെയെങ്കിലും ഉപയോഗിക്കാം. രാജ്യത്തെ സേവിക്കാന്‍ അവര്‍ക്ക് മികച്ച സ്ഥലമുണ്ടെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. 

സായുധസേനയെ ചെറുപ്പമായി നിലനിര്‍ത്താനുള്ള നയത്തെ അടിസ്ഥാനമാക്കിയുള്ള ഭരണപരമായ തീരുമാനമാണിതെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തിന് യുവ ഓഫിസര്‍മാരെ ആവശ്യമാണെന്നും എല്ലാവര്‍ഷവും 250 പേര്‍ക്ക് മാത്രമേ സ്ഥിരം കമ്മിഷന്‍ നല്‍കുന്നുള്ളുവെന്നും അവര്‍ അറിയിച്ചു.
ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് മാധ്യമങ്ങളെ അറിയിച്ച വനിതാ സൈനിക ഓഫിസര്‍മാരില്‍ ഒരാളായ കേണല്‍ സോഫിയ ഖുറേഷിയുടെ കാര്യവും മുതിര്‍ന്ന അഭിഭാഷക മേനക ഗുരുസ്വാമി പരാമര്‍ശിച്ചു. സ്ഥിരം കമ്മിഷന്‍ സംബന്ധിച്ച സമാന ആവശ്യവുമായി സോഫിയ ഖുറേഷിക്ക് കോടതിയെ സമീപിക്കേണ്ടി വന്നുവെന്നും ഇപ്പോള്‍ അവര്‍ രാജ്യത്തെ അഭിമാനഭരിതരാക്കിയെന്നും അഭിഭാഷക മേനക ഗുരുസ്വാമി പറഞ്ഞു. പരമോന്നത കോടതിയുടെ മുമ്പാകെയുള്ള കേസ് പൂര്‍ണമായും നിയമപരമായ കാര്യമാണെന്നും ഉദ്യോഗസ്ഥരുടെ നേട്ടങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും ബെഞ്ച് പറഞ്ഞു.

Exit mobile version