Site icon Janayugom Online

ഇത്തവണ പരാജയപ്പെട്ടത് 11 മന്ത്രിമാര്‍

minister

സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയില്‍ ജനങ്ങള്‍ക്കുള്ള ശക്തമായ പ്രതിഷേധം വ്യക്തമാക്കുന്നതായിരുന്നു ഉപമുഖ്യമന്ത്രിയുള്‍പ്പെടെ 11 മന്ത്രിസഭാംഗങ്ങളുടെ തോല്‍വി. ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യ സിരാത്തു സീറ്റില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ പല്ലവി പട്ടേലിനോട് പരാജയപ്പെട്ടത് 7,337 വോട്ടുകള്‍ക്കാണ്. മന്ത്രി സുരേഷ് റാണ ഷമില്‍ ജില്ലയിലെ താന ഭവന്‍ മണ്ഡലത്തില്‍ 10,000ലധികം വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ആര്‍എല്‍ഡിയുടെ അഷ്റഫ് അലി ഖാനാണ് ഇവിടെ വിജയിച്ചത്.

ഗ്രാമവികസനമന്ത്രി മോട്ടി സിങ് എന്നറിയപ്പെടുന്ന രാജേന്ദ്ര പ്രതാപ് സിങ് പ്രതാപ്ഗഡിലെ പാട്ടി സീറ്റില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ രാംസിങ്ങിനോട് 22,051 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. മറ്റൊരു മന്ത്രിയായ ഛത്രപാല്‍ സിങ് ഗാങ്‌വര്‍ ബഹേരി സീറ്റില്‍ 3,355 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. സമാജ്‌വാദി പാര്‍ട്ടിയുടെ അതൗര്‍ റഹ്‌മാനാണ് വിജയിച്ചത്.

മന്ത്രി ചന്ദ്രിക പ്രസാദ് ഉപാധ്യായ ചിത്രകൂടില്‍ 20,876 വോട്ടുകള്‍ക്ക് പരാജയമടഞ്ഞു. സമാജ്‌വാദി പാര്‍ട്ടിയുടെ അനില്‍കുമാര്‍ ആണ് ഇവിടെ വിജയിച്ചത്. ബല്ലിയ ജില്ലയിലെ ബരിയ സീറ്റില്‍ മത്സരിച്ച മന്ത്രി ആനന്ദ് സ്വരൂപ് ശുക്ലയും പരാജയപ്പെട്ടു. 12,951 വോട്ടുകള്‍ക്ക് സമാജ്‌വാദി പാര്‍ട്ടിയുടെ ജയ്പ്രകാശ് അഞ്ചാലാണ് ശുക്ലയെ തോല്‍പ്പിച്ചത്. നിലവിലെ എംഎല്‍എ സുരേന്ദ്ര സിങ്ങിനെ മാറ്റിയാണ് ബിജെപി മന്ത്രിക്ക് മണ്ഡലം നല്‍കിയത്.

കായികമന്ത്രി ഉപേന്ദ്ര തിവാരി 19,354 വോട്ടുകള്‍ക്കും രണ്‍വേന്ദ്ര സിങ് ധുന്നി 25,181 വോട്ടുകള്‍ക്കും ലഖന്‍ സിങ് രാജ്പുത് 473 വോട്ടുകള്‍ക്കും സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളോട് പരാജയപ്പെട്ടു. അടിസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ മന്ത്രിയായ സതീഷ് ചന്ദ്ര ദ്വിവേദി മുന്‍ നിയമസഭാ സ്പീക്കറും എസ്‌പി നേതാവുമായ മാതാ പ്രസാദ് പാണ്ഡെയോട് 1,662 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. മറ്റൊരു മന്ത്രിയായ സംഗീത ബല്‍വന്ത് ഗാസിപുര്‍ സീറ്റില്‍ 1,692 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.

Eng­lish Sum­ma­ry: This time 11 min­is­ters were defeated

You may like this video also

Exit mobile version