Site iconSite icon Janayugom Online

ഈ വിധിയെഴുത്ത് ഒരു വെല്ലുവിളിയാണ്

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പുര്‍, ഗോവ, പഞ്ചാബ് എന്നീ അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നിരിക്കുന്നു. രണ്ടുവര്‍ഷം കഴിഞ്ഞ് രാജ്യത്ത് നടക്കാനിരിക്കുന്ന പൊതു തെര‍ഞ്ഞെടുപ്പിന്റെ റിഹേഴ്‌സലെന്ന നിലയില്‍ എല്ലാവരും ഉറ്റുനോക്കിയതായിരുന്നു ഈ തെരഞ്ഞെടുപ്പുകള്‍. അഞ്ചില്‍ പഞ്ചാബ് ഒഴികെ നാലിടത്തും ബിജെപിയാണ് ഭരണം നടത്തിയിരുന്നത്. പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ ഭരണവും. ബിജെപി തങ്ങളുടെ ഭരണം നിലനിര്‍ത്തുന്നതിനുള്ള സാങ്കേതിക ഭൂരിപക്ഷം നേടിയെങ്കിലും പഞ്ചാബില്‍ കോണ്‍ഗ്രസിന് ദയനീയ പരാജയം നേരിടേണ്ടിവന്നു. പകരം ആം ആദ്മി പാര്‍ട്ടിയാണ് ഭൂരിപക്ഷത്തിലെത്തിയത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അപ്രതീക്ഷിതമായിരുന്നില്ല ഈ ഫലങ്ങള്‍. എങ്കിലും സമീപകാലത്ത് രാജ്യത്ത് ഉരുത്തിരിഞ്ഞുവന്ന ജനകീയ പ്രക്ഷോഭങ്ങളുടെ പ്രതിഫലനം ഉണ്ടാകുമെന്ന പ്രതീക്ഷ ചിലരെങ്കിലും വച്ചു പുലര്‍ത്തിയിരുന്നു. അതിനൊത്ത് ഉയരുന്നതായിരുന്നില്ല ഫലമെന്ന് പ്രാഥമികമായി വിലയിരുത്താവുന്നതാണ്. നാലിടത്തും ജയിച്ച ബിജെപിക്ക് പക്ഷേ അവരുടെ ഭരണം മെച്ചപ്പെട്ടതാണെന്ന അംഗീകാരം നല്കുന്നതായിരുന്നില്ല തെരഞ്ഞെടുപ്പ് ഫലം. എന്നാല്‍ സാമുദായിക ധ്രുവീകരണം അജണ്ടയാക്കിയതിലൂടെ അവര്‍ക്ക് മേല്‍ക്കൈ നേടാനായി. ഒരുവര്‍ഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ കേരളത്തിലും ബംഗാളിലും അധികാരത്തിലുണ്ടായിരുന്ന എല്‍ഡിഎഫും തൃണമൂല്‍ കോണ്‍ഗ്രസും നേടിയ മിന്നുന്ന വിജയവും പ്രതിപക്ഷ ഐക്യത്തിന്റെ കരുത്തിലും ഭരണവിരുദ്ധ വികാരത്തെ തുടര്‍ന്നും തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യം നേടിയ വിജയവും ആയി താരതമ്യം ചെയ്യുമ്പോള്‍ ബിജെപി വിജയത്തിന് പല കാരണങ്ങളാല്‍ മാറ്റു കുറവാണ്. അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയ വികസന — ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറിയില്ലെന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. യുപിയില്‍ കഴിഞ്ഞ തവണ കിട്ടിയ സീറ്റുകളുടെ എണ്ണത്തില്‍ കുറവുണ്ടായി. പ്രധാനമായും അധികാരത്തിന്റെയും പണാധിപത്യത്തിന്റെയും പിന്‍ബലത്തിലാണ് ബിജെപി ഈ തെരഞ്ഞെടുപ്പുകളെ നേരിട്ടത്. ഉത്തര്‍പ്രദേശില്‍ മാത്രം നൂറുകോടിയിലധികം രൂപ ചെലവിട്ടുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ആ പണാധിപത്യത്തോട് മത്സരിക്കുവാന്‍ കഴിയുന്ന പ്രസ്ഥാനങ്ങള്‍ കുറവായിരുന്നു. തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വാങ്ങി രാഷ്ട്രീയപാര്‍ട്ടികളെ സഹായിക്കുവാന്‍ കോര്‍പറേറ്റുകള്‍ക്ക് അവസരം നല്കുന്ന നടപടിയുടെ നേട്ടം ഉണ്ടായത് ബിജെപിക്കായിരുന്നു. ഓരോ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായും ഇത്തരം ബോണ്ടുകള്‍ പുറപ്പെടുവിച്ചപ്പോള്‍ 75 മുതല്‍ 82 ശതമാനവും ലഭിച്ചത് ബിജെപിക്കായിരുന്നുവെന്നതിന്റെ രേഖകള്‍ പല തവണ പുറത്തുവന്നിരുന്നു. അധികാരത്തിന്റെ തണലിലുണ്ടാക്കിയ കോടികള്‍ ഇതിനുപുറമേ ആയിരുന്നു. ഈ പണത്തിന്റെ കുത്തൊഴുക്കാണ് തോല്ക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പോലും ദൃശ്യമാകുന്നത്.


ഇതുകൂടി വായിക്കാം; ജനാധിപത്യത്തിനായി കൂടുതല്‍ പ്രതിരോധങ്ങളുണ്ടാവണം


പ്രാദേശിക കക്ഷികള്‍ അവരുടെ ജാതി — അധികാര രാഷ്ട്രീയ താല്പര്യങ്ങളുടെ സങ്കുചിതമായ അറകളില്‍ നിന്ന് പുറത്തുകടക്കാതിരുന്നതും ബിജെപിയുടെ വിജയത്തെ സഹായിച്ചുവെന്ന് കാണാവുന്നതാണ്. യുപി തന്നെയാണ് ഉദാഹരണം. അവിടെ സമാജ്‌വാദി പാര്‍ട്ടി, സീറ്റുകളില്‍ മെച്ചമുണ്ടാക്കിയതിനൊപ്പം കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടുകളും കൂടുതല്‍ നേടി. 2017ല്‍ 21.82 ശതമാനമായിരുന്നു വോട്ടുവിഹിതമെങ്കില്‍ ഇത്തവണ അത് 30 ശതമാനത്തിലധികമാണ്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് മോശം പ്രകടനമായിരുന്നു ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുടേതെങ്കിലും അവര്‍ക്ക് ഇത്തവണ 12.65 ശതമാനം വോട്ട് വിഹിതമുണ്ട്. രണ്ട് കക്ഷികള്‍ക്കും ലഭിച്ചത് കൂട്ടിയാല്‍ ബിജെപിക്കു ലഭിച്ചതിനെക്കാള്‍ കൂടുതലാണ്. മിക്ക സംസ്ഥാനങ്ങളിലും ഈ ചിത്രം ദൃശ്യമാണ്. ഇത്തരം പാര്‍ട്ടികളുടെ യോജിപ്പിനുള്ള വഴികള്‍ ഗൗരവത്തോടെ തേടണമെന്ന പാഠം ഈ തെരഞ്ഞെടുപ്പ് നല്കുന്നുണ്ട്. അതുപോലെതന്നെ പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടിയുടെ വിജയവും കോണ്‍ഗ്രസിനുണ്ടായ ദയനീയ പരാജയവും പഠനാര്‍ഹമാണ്. പഞ്ചാബില്‍ നിന്നുള്ളവര്‍ ഡല്‍ഹിയിലും തിരിച്ചും നിരവധിയാണ്. എന്തൊക്കെ വിമര്‍ശനങ്ങളുണ്ടെങ്കിലും എഎപിയുടെ ക്ഷേമ — വികസന പ്രവര്‍ത്തനങ്ങളും സാധാരണക്കാരുടെ ഉന്നമനത്തിനുള്ള പദ്ധതികളും ഈ വിഭാഗത്തിന്റെ അനുഭവങ്ങളുടെ കൈമാറ്റത്തിലൂടെയും തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളിലൂടെയും പഞ്ചാബി ജനതയെ സ്വാധീനിച്ചുവെന്നത് വസ്തുതയാണ്. ഒപ്പം തെര‍ഞ്ഞെടുപ്പ് പടിവാതില്ക്കലെത്തിയപ്പോള്‍ മാത്രമല്ല, പ്രചരണ ഘട്ടത്തില്‍പോലും പതിവ് തമ്മിലടികളിലും കയ്യിലെത്തിയേക്കാവുന്ന അധികാരത്തിന്റെ അപ്പക്കഷണത്തിനായുള്ള പിടിവലികളിലും ശ്രദ്ധയൂന്നിയതില്‍ മനംമടുത്ത പഞ്ചാബികള്‍ കോണ്‍ഗ്രസിനെ പാഠം പഠിപ്പിക്കണമെന്ന് തീരുമാനിക്കുകയായിരുന്നു. എന്നിട്ടും പഠിക്കുമോയെന്നുള്ളത് കാത്തിരുന്നു കാണണം. ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതൃത്വം ലക്ഷ്യബോധമോ തെര‍ഞ്ഞെടുപ്പ് തന്ത്രങ്ങളോ ഉള്ളവരല്ലെന്നതുതന്നെ കാരണം. ബിജെപിയെ ചെറുക്കുന്നതിനുള്ള കൂട്ടായ്മയ്ക്കുവേണ്ടി നയപരവും അനിവാര്യവുമായ സംഘടനാ പ്രക്രിയയും ക്രിയാത്മകമായ തീരുമാനങ്ങളും അവരില്‍ നിന്നുണ്ടാകുന്നുമില്ല. ഓരോ തെര‍ഞ്ഞെടുപ്പ് കഴിയുമ്പോഴും അതാണ് സ്ഥിതി. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പ് വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യസ്നേഹികളായ മനുഷ്യരും മതേതര — ജനാധിപത്യ പ്രസ്ഥാനങ്ങളും വളരെ ഭാരിച്ച ഉത്തരവാദിത്തമാണ് ഏറ്റെടുക്കേണ്ടത്. രണ്ടുവര്‍ഷമകലെ നില്ക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്പിക്കുവാനാകുമെന്ന പ്രതീക്ഷ അസ്ഥാനത്താണ് എന്നതല്ല ഈ വിധിയുടെ ചുവരെഴുത്ത്. ജയിച്ചവര്‍ ഭരിക്കുകയും തോറ്റവര്‍ പുറത്തിരിക്കുകയും തന്നെ ചെയ്യും. പക്ഷേ തോല്‍വിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട്, സങ്കുചിത താല്പര്യങ്ങള്‍ക്കപ്പുറം രാജ്യത്തിന്റെ നിലനില്പും ജനങ്ങളുടെ ഭാവിയുമാണ് പ്രധാനമെന്ന് തിരിച്ചറിയുന്നവര്‍ ഭൂരിപക്ഷമാവുമെന്നുതന്നെ പ്രതീക്ഷിക്കണം. ആ വെല്ലുവിളി ഏറ്റെടുക്കുവാനാണ് ഈ തെരഞ്ഞെടുപ്പ് വിധി പൊതുസമൂഹത്തോട് ആവശ്യപ്പെടുന്നത്.

You may also like this video;

Exit mobile version