Site iconSite icon Janayugom Online

ഈ വര്‍ഷത്തെ കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: നടന്‍ ജയറാമിന് പ്രത്യേക ആദരം

വിവിധ കാര്‍ഷിക മേഖലകളില്‍ മികവ് പുലര്‍ത്തുന്നവരെ ആദരിക്കുന്നതിന് വേണ്ടി കൃഷിവകുപ്പ് ഏര്‍പ്പെടുത്തിയ 2021–2022 വര്‍ഷത്തെ കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കൃഷി മന്ത്രി പി പ്രസാദാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. കാസര്‍കോട് പുത്തിഗെ ബളക്കില സ്വദേശി ശിവാനന്ദ ഏറ്റവും മികച്ച കര്‍ഷകനുള്ള അവാര്‍ഡിന് ( സിബി കല്ലിങ്കല്‍ സ്മാരക കര്‍ഷകോത്തമ അവാര്‍ഡ്)അര്‍ഹനായി.

മറ്റ് പ്രധാന അവാര്‍ഡ് ജേതാക്കള്‍-

ഏറ്റവും മികച്ച യുവ കര്‍ഷക(35 വയസില്‍ താഴെ)- ആശ ഷൈജു(ആലപ്പുഴ),ഏറ്റവും

മികച്ച യുവ കര്‍ഷകന്‍ (35 വയസില്‍ താഴെ)-മനുജോയി (കാസര്‍കോട്), ഏറ്റവും മികച്ച ഗ്രൂപ്പ് ഫാമിംഗ് സമിതി-പോളേപ്പാടം പാടശേഖര നെല്ലുത്പാദക സമിതി(ആലപ്പുഴ),

ഏറ്റവും മികച്ച തെങ്ങ് കര്‍ഷകന്‍( കേരകേസരി അവാര്‍ഡ്)- ഇ സച്ചിദാനനന്ദ ഗോപാലകൃഷ്ണന്‍( പാലക്കാട്),

ഏറ്റവും മികച്ച പച്ചക്കറി കര്‍ഷകന്‍( ഹരിതമിത്ര അവാര്‍ഡ്)-ജോര്‍ജ് ജെ(തിരുവനന്തപുരം),

ഏറ്റവും നല്ല പുഷ്പകൃഷി കര്‍ഷക(ഉദ്യാനശ്രേഷ്ഠ)-അസീന എന്‍(കൊല്ലം), ഏറ്റവും മികച്ച പട്ടികജാതി/പട്ടികവര്‍ഗ്ഗ കര്‍ഷകന്‍ (കര്‍ഷക ജ്യോതി അവാര്‍ഡ്)-കെ രാമന്‍,

ഏറ്റവും മികച്ച കര്‍ഷക വനിത( കര്‍ഷക തിലകം അവാര്‍ഡ്)-ബ്ലയിസി ജോര്‍‍ജ്ജ്(പാലക്കാട്) ,

ഏറ്റവും മികച്ച കര്‍ഷക തൊഴിലാളി( ശ്രമശക്തി അവാര്‍ഡ്)-പി സെല്‍വരാജ്(ആലപ്പുഴ).

മികച്ച കൃഷി ശാസ്ത്രഞ്ജന്‍( കൃഷി വിഞ്ജാന്‍)- ഡോ. ബെറിന്‍ പത്രോസ്( തൃശൂര്‍) .
കാര്‍ഷികരംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച്ചവെച്ച സിനിമാതാരം ജയറാം, വിദേശ പഴവര്‍ഗങ്ങളുടെ കൃഷി വിജയകരമായി നടപ്പാക്കിയ പാങ്ങോട് സ്വദേശി ജെ വിജയന്‍, കാസര്‍കോട് പാരസൈറ്റ് ബ്രീഡിംഗ് സ്റ്റേഷന്‍ അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്റ് പിഡി ദാസ് എന്നിവരെ പ്രത്യേകം ആദരിക്കും.

ഗ്രൂപ്പ് ഫാമിംഗ്, ഉത്പാദന വര്‍ധനവ്, ഗുണ നിലവാരമുള്ള നടീല്‍ വസ്തുക്കളുടെ ഉത്പാദനം, കൃഷി അനുബന്ധ മേഖലകളിലെ മികവ്, മണ്ണ് സംരക്ഷണം, നീര്‍ത്തട പദ്ധതി നടപ്പാക്കല്‍, മികച്ച കര്‍ഷക തൊഴിലാളി, ശാസ്ത്ര ഗവേഷണ മേഖലയിലെ മികവ്, ഫാം ജേര്‍ണലിസ്റ്റ്, അച്ചടി/ദൃശ്യ/ശ്രവ്യ മാധ്യമങ്ങള്‍ വഴിയുള്ള പ്രസിദ്ധീകരണം, ജൈവകൃഷി പ്രോത്സാഹനം, പൈതൃക കൃഷി പ്രോത്സാഹനം, ഹൈടെക് കൃഷി നടപ്പാക്കല്‍, പഠനത്തോടൊപ്പം വിദ്യാര്‍ത്ഥികളുടെ കൃഷിയിലെ മികവ്, കൃഷിയില്‍ നൂതന ആശയങ്ങള്‍ നടപ്പാക്കല്‍,

കാര്‍ഷിക മേഖലയിലെ മൂല്യവര്‍ദ്ധനവ്, കൃഷി വിജ്ഞാന വ്യാപനത്തില്‍ മികവ് പുലര്‍ത്തുന്ന ഉദ്യോഗസ്ഥര്‍ തുടങ്ങി വിവിധ കാര്‍ഷിക മേഖലകളിലെ സമഗ്രമായ സംഭാവന നല്‍കുന്നവരെ ആദരിക്കുന്നതിന് വേണ്ടിയാണ് കര്‍ഷക അവാര്‍ഡ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ജനറല്‍ വിഭാഗത്തില്‍ 38 ഇനങ്ങളിലും പച്ചക്കറി വിഭാഗത്തില്‍ 15 ഇനങ്ങളിലും ജൈവ അവാര്‍ഡ് വിഭാഗത്തില്‍ മൂന്ന് ഇനങ്ങളിലുമായി ആകെ 56 ഇനങ്ങളിലാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. ഇവയില്‍ 47 ഇനങ്ങളിലാണ് അപേക്ഷ ലഭിച്ചത്. ജനറല്‍ വിഭാഗത്തിലെ 32 ഇനങ്ങളിലായി 189 അപേക്ഷകളും പച്ചക്കറി വിഭാഗത്തിലെ 14 ഇനങ്ങളിലായി 117 അപേക്ഷകളും ജൈവ അവാര്‍ഡ് വിഭാഗത്തില്‍ ഒരു അപേക്ഷയും ലഭിച്ചു.

47 ഇനങ്ങളിലെ അവാര്‍ഡുകള്‍ നിശ്ചയിക്കുന്നതിന് ഫീല്‍ഡുതല പരിശോധനയ്ക്കായി വിദഗ്‌ദ്ധ ടീമുകളെയാണ് നിയോഗിച്ചത്. ഈ ടീമുകള്‍ ഫീല്‍ഡുതല പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തില്‍ കൃഷി സെക്രട്ടറി ചെയര്‍മാനായ അവാര്‍ഡ് നിര്‍ണയ കമ്മിറ്റി മുമ്പാകെ ടീം ലീഡര്‍മാര്‍ അവാര്‍ഡിനായി അപേക്ഷിച്ചവരുടെ മികവ് അവതരിപ്പിച്ച് അവാര്‍ഡ് ജേതാക്കളെ ഏകകണ്ഠമായാണ് തെരഞ്ഞടുത്തത്. അവാർഡുകളുടെ വിതരണം 2022 ഏപ്രിൽ മാസത്തിലെ പ്രധാന സമ്മേളനങ്ങളോടനുബന്ധിച്ച് വിതരണം ചെയ്യുമെന്ന് മന്ത്രി പി പ്രസാദ് അറിയിച്ചു.കാർഷികോത്പാദന കമ്മിഷണർ ഇഷിതാറോയ് , കൃഷി സെക്രട്ടറി അലി അസ്ഗർ പാഷ , കൃഷി ഡയറക്ടർ റ്റിവി സുബാഷ് , കൃഷി അഡീഷണൽ സെക്രട്ടറി സാബീർ ഹുസൈൻ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

അവാര്‍ഡ്-വിശദവിവരങ്ങള്‍

Exit mobile version