Site iconSite icon Janayugom Online

തൊടുപുഴ കൊലപാതകം: ഒന്നാംപ്രതിയുടെ ബന്ധുവും അറസ്റ്റിൽ

സാമ്പത്തിക തർക്കത്തെ തുടർന്ന് മുൻ ബിസിനസ് പങ്കാളിയെ കൊലപ്പടുത്തിയ കേസിൽ ഒരാളെ കൂടി അറസ്റ്റില്‍. ഭരണങ്ങാനം എട്ടിലൊന്ന് പാറപ്പുറത്ത് എബിൻ തോമസ് (35) ആണ് പിടിയിലായത്. ഇയാൾ ഒന്നാംപ്രതി ജോമോൻ ജോസഫിന്റെ ബന്ധുവാണ്. കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങൾ എബിന് അറിയാമായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൂടാതെ ജോമോന് സാമ്പത്തിക സഹായവും നൽകിയിരുന്നു.

കൊല്ലപ്പെട്ട ചുങ്കം സ്വദേശി ബിജു ജോസഫിനെ തട്ടിക്കൊണ്ടുപോകുന്നത് മുതലുള്ള വിവരങ്ങൾ എബിന് അറിയാമായിരുന്നു. ബിജു മരണപ്പെട്ടെന്നും മൃതദേഹം കുഴിച്ചിട്ടെന്നും വ്യക്തതയുണ്ടായിരുന്നെങ്കിലും കുഴിച്ചിട്ട സ്ഥലം അറിയില്ലായിരുന്നു. കൊലപാതകത്തിന് ശേഷം ജോമോൻ എബിനെ ഫോണിൽ വിളിച്ച് വിവരങ്ങൾ പറഞ്ഞിരുന്നു. ശേഷമാണ് പുതിയ ഫോൺ വാങ്ങാൻ 25,000 രൂപ ട്രാൻസ്‍ഫർ ചെയ്‌‍ത് കൊടുത്തത്. ജോമോനുമായി എബിന് ബിസിനസ് പങ്കാളിത്തം ഒന്നുമില്ലെങ്കിലും കാറ്ററിങ് സർവീസിൽ സഹായിച്ചിരുന്നതായാണ് വിവരം.

അതേസമയം ജോമോന്റെ ഭാര്യ ഒളിവിലാണ്. ചോദ്യംചെയ്യലിന് ഹാജരാകാൻ ഇവർക്ക് നോട്ടീസ് നൽകിയെങ്കിലും എത്തിയില്ല. ഇവരെ അന്വേഷിച്ച് കഴിഞ്ഞദിവസം പൊലീസ് വീട്ടിലെത്തിയെങ്കിലും സ്ഥലത്തുണ്ടായിരുന്നില്ല. ചോദ്യംചെയ്‍ത് സംഭവത്തിലെ പങ്ക് വ്യക്തത വരുത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. വരുംദിവസങ്ങളിൽ ഇവർ കീഴടങ്ങാൻ സാധ്യതയുണ്ട്. ബിജുവിന്റെ മൃതദേഹം ഇവർ കണ്ടതാണെന്നും കിടപ്പുമുറിയിലെ രക്തക്കറ കഴുകി കളഞ്ഞത് ഇവരാണെന്നുമാണ് വിവരം. ജോമോൻ, മുഹമ്മദ് അസ്‍ലം, ജോമിൻ കുര്യൻ എന്നിവരുടെ കസ്റ്റഡി കാലാവധി ശനിയാഴ്‍ച അവസാനിക്കും.

Exit mobile version