Site iconSite icon Janayugom Online

മോഹൻലാൽ ഉദ്ധരിച്ച ആ വരികൾ ‘വീണപൂവി’ലേത് അല്ല; വരികളെ ചൊല്ലി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച

ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം സ്വീകരിച്ച ശേഷം മോഹൻലാൽ നടത്തിയ പ്രസംഗം വളരെ വൈകാരികമായിരുന്നു. മലയാള സിനിമയുടെ പൈതൃകവും ക്രിയാത്മകതയും ഹൃദ്യമായി അവതരിപ്പിച്ചായിരുന്നു പ്രസംഗം. രണ്ട് അവസരങ്ങളിലാണ് മോഹൻലാൽ മലയാളത്തിൽ സംസാരിച്ചത്. ഇതിൽ ആദ്യത്തേത് കുമാരനാശാന്റേത് എന്നു പറഞ്ഞു രണ്ടു വരി കവിതാശകലം പറഞ്ഞപ്പോഴായിരുന്നു. ‘ചിതയിലാഴ്ന്നു പോയതുമല്ലോ, ചിരമനോഹരമായ പൂവിതു’, എന്ന വരികളാണ് കുമാരനാശാന്റെ ‘വീണപൂവി‘ലേത് എന്ന പേരിൽ അദ്ദേഹം പറഞ്ഞത്.

ഈ വരികളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നതും. മോഹൻലാൽ പറഞ്ഞ വരികൾ ‘വീണപൂവിലേത്’ അല്ല എന്നാണ് സമൂഹമാധ്യമങ്ങളിലെ ചർച്ചകളിൽ പറയുന്നത്. വീണപൂവിൽ മാത്രമല്ല, ആശാന്റെ കവിതകളിൽ ഒന്നിലും ഇത്തരത്തിൽ ഒരു വരിയില്ലെന്നും പറയുന്നു. മോഹൻലാൽ ഉദ്ധരിച്ച വരികൾ ചങ്ങമ്പുഴ എഴുതിയതാണെന്നും അല്ല വൈലോപ്പിള്ളി ശ്രീധരമേനോന്റെയാണെന്നും ചിലർ അഭിപ്രായപ്പെടുന്നു. എന്നാലിത് ജി. ശങ്കരക്കുറിപ്പിന്റെ ‘പൂമ്പാറ്റ’ എന്ന കവിതയിലെ ഭാഗമാണെന്നും പറയുന്നുവരുണ്ട്.

ചാറ്റ് ജിപിറ്റിയോ എഐയുടെ സഹായമോ തേടിയിട്ടുണ്ടാകുമെന്നും അതാണ് വഴിതെറ്റിച്ചതെന്നും പറയുന്നവരുണ്ട്. എന്തായാലും ദേശീയ പുരസ്കാര വേദിയിലെ മോഹൻലാലിന്റെ പ്രസംഗം കാരണം പലരും വീണ്ടും ആശാനെയും വീണപൂവിനെയും തേടിയെത്തിയതിൽ സന്തോഷം പങ്കുവയ്ക്കുന്നവരും ഉണ്ട്. ഏതായാലും ആ വരികൾ ഏതു കവിതയിൽ നിന്നാണെന്നുള്ള അന്വേഷണവും തുടരുന്നു.

Exit mobile version