Site iconSite icon Janayugom Online

‘സഹായം ചോദിച്ചവർക്ക് പരിഹാസം മാത്രം’ വയോധികയെ അധിക്ഷേപിച്ച് കേന്ദ്ര സഹമന്ത്രി

കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരിച്ചു ലഭിക്കാന്‍ സഹായിക്കുമോ എന്നു ചോദിച്ചെത്തിയ വയോധികയ്ക്ക് നേരെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ ആക്ഷേപം. “അത് മുഖ്യമന്ത്രിയോട് ചോദിക്കണം” എന്നായിരുന്നു മറുപടി. “മുഖ്യമന്ത്രിയെ തിരക്കി പോകാൻ പറ്റുമോ” എന്ന് ചോദിച്ചപ്പോൾ, “എങ്കിൽ എന്റെ നെഞ്ചത്തോട്ട് കയറിക്കോ” എന്നായി മന്ത്രിയുടെ പരിഹാസ രൂപത്തിലുള്ള പ്രതികരണം. പൊറത്തിശ്ശേരി കണ്ടാരംതറയിൽ നടന്ന ‘ഉത്തരേന്ത്യന്‍ മോഡല്‍ ’ കലുങ്ക് സൗഹൃദ വികസന സംവാദത്തിനിടെയായിരുന്നു സംഭവം. കേട്ടുനിന്നവര്‍ പൊട്ടിച്ചിരിക്കുകയും രംഗം പരിഹാസത്തിൽ നിറയുകയും ചെയ്തു. തുടർന്ന്, ‘ഞങ്ങളുടെ മന്ത്രിയല്ലേ നിങ്ങൾ?” എന്ന് വയോധിക ചോദിച്ചപ്പോൾ, ‘അല്ല, ഞാൻ ഈ രാജ്യത്തിന്റെ മന്ത്രിയാണ്. നിങ്ങൾ മുഖ്യമന്ത്രിയെ കണ്ട് ഇഡി പിടിച്ചെടുത്ത പണം സ്വീകരിക്കാൻ പറയൂ, എന്നിട്ട് നിങ്ങൾക്ക് വീതിച്ച് തരാൻ പറയൂ’ എന്നും അദ്ദേഹം പറഞ്ഞു.
കൊച്ചു വേലായുധന് വീട് നിര്‍മ്മിച്ചു നൽകുമെന്ന് പ്രഖ്യാപിച്ചവര്‍ കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം മടക്കി കൊടുക്കണമെന്നും അതിനായി കരുവന്നൂരിൽ ഒരു കൗണ്ടര്‍ തുടങ്ങട്ടെയെന്നും സുരേഷ്‍ ഗോപി വെല്ലുവിളിച്ചു. നേതാക്കള്‍ ഇറങ്ങി കരുവന്നൂരിൽ കൗണ്ടര്‍ തുടങ്ങണം. കാശ് മര്യാദയ്ക്ക് തിരിച്ചുകൊടുക്കണമെന്നും സുരേഷ്‍ഗോപി പറഞ്ഞു. കരുവന്നൂരിൽ ഇഡി പിടിച്ച സ്വത്തുക്കൾ നിക്ഷേപകർക്ക് മടക്കി നൽകാൻ തയ്യാറാണ്. ആ സ്വത്തുക്കൾ സ്വീകരിക്കേണ്ടെന്നാണ് സഹകരണ വകുപ്പിന്റെ നിലപാട്. ആ പണം സ്വീകരിക്കാൻ നിങ്ങളുടെ മുഖ്യമന്ത്രിയോട് പറയണമെന്നുമായിരുന്നു കരുവന്നൂര്‍ വിഷയം ഉന്നയിച്ച വയോധികയ്ക്ക് സുരേഷ് ഗോപി നൽകിയ മറുപടി.

തൃശൂർ പുള്ളില്‍ കലുങ്ക് സംവാദത്തിനിടെ വീട് പണിയാൻ സഹായം ചോദിച്ചെത്തിയ കൊച്ചുവേലായുധന്റെ നിവേദനം നിരസിച്ചത് കൈപ്പിഴയെന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി കഴിഞ്ഞ ദിവസം വിശദീകരിച്ചത്. വീട് പണിയാൻ ഇറങ്ങിയവർ കരുവന്നൂരിലും ഇറങ്ങട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. കൊടുങ്ങല്ലൂരിലും ഇരിങ്ങാലക്കുടയിലും സംഘടിപ്പിച്ച കലുങ്ക് സംവാദ സദസിലായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. കൊച്ചുവേലായുധന്റെ വീടിനായുള്ള അപേക്ഷ സുരേഷ് ഗോപി കയ്യിൽ വാങ്ങാതിരുന്നത് വലിയ വിവാദമായിരുന്നു.

Exit mobile version