രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില നിര്‍ണയിക്കാനുള്ള അധികാരം കുത്തകകള്‍ക്ക് വിട്ട് നല്‍കിയ കൂട്ടരാണ് ഇപ്പോള്‍ സമരം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തരാതരം പോലെ വില കൂട്ടാന്‍ എണ്ണ കമ്പനികള്‍ക്ക് അധികാരം നല്‍കിയവരാണ് ഇവര്‍. കോണ്‍ഗ്രസ് മാത്രമല്ല, ബിജെപിയും സമരത്തിലുണ്ട് എന്നതാണ് വിചിത്രമായ കാര്യമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ന് നിയമസഭാ സമ്മേളനം പ്രതിപക്ഷം ബഹിഷ്‌ക്കരിക്കുകയാണുണ്ടായത്. സഭയ്ക്ക് പുറത്തും പ്രകോപനപരമായ സമരങ്ങള്‍ നടത്തിയിരുന്നു. പത്ത് വര്‍ഷം മുമ്പ് 2012ലെ ഒരുനഭവം ഓര്‍ക്കുക. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലം. ജയ്പാല്‍ റെഡ്ഢിയായിരുന്നു അന്നത്തെ കേന്ദ്ര പെട്രോളിയം മന്ത്രി. ആന്ധ്രയിലെ കെജി ബേസിനില്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന്റെ വില വര്‍ധിപ്പിക്കണമെന്ന റിലയന്‍സിന്റെ ആവശ്യം അന്ന് അദ്ദേഹം അനുവദിച്ചില്ല. അംബാനിയുടെ അപ്രീതിക്ക് പാത്രമായ ജയ്പാല്‍ റെഡ്ഢിയെ തല്‍ക്ഷണം സ്ഥാനത്തുനിന്നും മാറ്റുകയാണ് കോണ്‍ഗ്രസ് ചെയ്തത്. അങ്ങനെ എണ്ണകമ്പനികളെ പ്രീണിപ്പിച്ചും ജനങ്ങളെ പിഴിഞ്ഞും മുന്നോട്ടുപോയവരാണ് കോണ്‍ഗ്രസ്. 2015ലെ ബജറ്റില്‍ പെട്രോളിനും — ഡീസലിനും യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഒരു രൂപ അധിക നികുതിയായിരുന്നു. അന്ന് ഇന്നത്തേതിന്റെ പകുതിക്കടുത്ത് വിലയേ പെട്രോളിനും-ഡീസലിനുമുണ്ടായിരുന്നുള്ളു എന്നോര്‍ക്കണം.
ഇപ്പോള്‍ ഏത് സാഹചര്യത്തിലാണ് കേരളത്തില്‍ ഇന്ധന സെസ് ഏര്‍പ്പെടുത്തേണ്ടി വന്നതെന്ന് ഇതിനകം സഭയില്‍ കൃത്യമായി വിശദീകരിച്ചതാണ്. കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള പകപോക്കല്‍ നയങ്ങള്‍ നമ്മളെ അതിന് നിര്‍ബന്ധിതരാക്കിയതാണ്. ഞെരുക്കി തോല്‍പ്പിച്ചുകളയാം എന്ന മനോഭാവമാണ് കേന്ദ്രത്തിന്. അതിന് കുടപിടിക്കുന്ന പണിയാണ് ഇവിടുത്തെ യുഡിഎഫ് നേതൃത്വം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതൊക്കെ മനസിലാക്കുന്ന ജനങ്ങള്‍ യുഡിഎഫും ബിജെപിയും ചേര്‍ന്ന് നടത്തുന്ന സമരകോലാഹലങ്ങള്‍ മുഖവിലയ്ക്കെടുക്കില്ല.
സംസ്ഥാന ബജറ്റ് സംബന്ധിച്ച വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി നിയമസഭയില്‍ വിശദമായി പറഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ ധനസ്ഥിതിയെക്കുറിച്ച് ബജറ്റ് അവതരണത്തിനു മുമ്പ് വ്യാപകമായി തെറ്റായ കാര്യങ്ങള്‍ നാട്ടില്‍ ചിലര്‍ പ്രചരിപ്പിച്ചിരുന്നു. ഇപ്പോഴും ചില കേന്ദ്രങ്ങള്‍ അവ ആവര്‍ത്തിക്കുകയാണ്. കേരളം കടക്കെണിയിലാണെന്നും ഇവിടെ ധന ധൂര്‍ത്താണെന്നും പ്രതിപക്ഷവും മാധ്യമങ്ങളില്‍ ഒരു വിഭാഗവും നല്ല രീതിയില്‍ കൊണ്ടുപിടിച്ച് പ്രചരണം നടത്തിയിരുന്നു. ഇപ്പോള്‍ അതിന്റെ ആവേശം ഒന്ന് കുറഞ്ഞിട്ടുണ്ട്.
കേരളത്തിന്റെ കടത്തിന്റെ കണക്ക് നോക്കാം. 2020–21 സാമ്പത്തിക വര്‍ഷത്തില്‍ ആഭ്യന്തര വരുമാനത്തിന്റെ 38.51 ശതമാനമായിരുന്നു കടം. ആ കടം 2021–22 ല്‍ 37.01 ശതമാനമായി കുറഞ്ഞു. 1.5 ശതമാനത്തിന്റെ കുറവ്. 2022–23 ലെ പുതുക്കിയ കണക്കുകള്‍ പ്രകാരം ഇത് 36.38 ശതമാനമാണ്. 2022–23 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം കടം- ആഭ്യന്തര വരുമാനം 36.05 ശതമാനമാണ് പ്രതീക്ഷിക്കുന്നത്. അതായത്, 2020–21 മുതല്‍ 2023–24 വരെയുള്ള നാലുവര്‍ഷക്കാലയളവില്‍ 2.46 ശതമാനം കുറവാണ് കടം ആഭ്യന്തര വരുമാനം അനുപാതത്തിലുണ്ടായിരിക്കുന്നത്.
കോവിഡ് കാലത്ത് സാമ്പത്തികരംഗത്ത് തളര്‍ച്ച നേരിട്ടിരുന്നു. ജീവനും ജീവനോപാധികളും നിലനിര്‍ത്താന്‍ സര്‍ക്കാരിന് അധിക ചെലവ് ഏറ്റെടുക്കേണ്ടിവന്നു. ആ സാഹചര്യത്തില്‍ കടം വര്‍ധിച്ചത് സ്വാഭാവികമാണ്. ഇത് കേരളത്തില്‍ മാത്രമല്ല, അഖിലേന്ത്യാ തലത്തിലും ആഗോളതലത്തിലും ഉണ്ടായിട്ടുണ്ട്. ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണ്ണമാകുമ്പോള്‍, വരുമാനം നിലയ്ക്കുമ്പോള്‍, അസാധാരണ സാമ്പത്തിക സാഹചര്യം ഉടലെടുക്കുന്നു. ഇതാണ് 2020–21ല്‍ ഇവിടെയും ഉണ്ടായത്. സമാനതകളില്ലാത്ത ആ സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ കടം ആഭ്യന്തര വരുമാന അനുപാതം ശരാശരി 30–31 ശതമാനത്തില്‍ നിന്ന് 38.51 ശതമാനമായി ഉയര്‍ന്നത്.
ഇതിന്റെ കാരണം, കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടുകൂടി കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച അധിക വായ്പാ പരിധിയുടെ വിനിയോഗമാണ്. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശക്തമായ സമ്മര്‍ദ്ദം ഈ തീരുമാനമെടുക്കുന്നതിന് പിന്നിലുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജനോപകാരപ്രദമായ ഇടപെടലുകള്‍ക്കുവേണ്ടി വായ്പയെടുത്തത് മഹാ സാമ്പത്തിക അപരാധമാണെന്ന ആക്ഷേപം സാധാരണ നിലയില്‍ കണക്കിലെടുക്കേണ്ട ഒന്നല്ല.
വരുമാനമില്ലാത്ത സംസ്ഥാനത്ത് കടം മാത്രം പെരുകുന്നു എന്നാണ് കുപ്രചരണം നടത്തിയത്. ഇപ്പോള്‍ പുറത്തുവന്ന കണക്കുകള്‍ കുപ്രചാരകരുടെ വായടപ്പിച്ചിരിക്കുകയാണ്. നേരത്തെ പറഞ്ഞതെല്ലാം പൊളിഞ്ഞിരിക്കുന്നു. പുതിയ അടവ് എന്ന നിലയില്‍ നികുതി കൊള്ള, നികുതി ഭീകരത എന്ന് മുറവിളി കൂട്ടുകയാണ്.
കേരളത്തിന്റെ കടത്തിന്റെ വളര്‍ച്ച കുതിച്ചുയരുകയാണ് എന്നത് വസ്തുതാ വിരുദ്ധമായ പ്രചരണമാണ്. 2021–22 ല്‍ മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് കടം വളര്‍ന്നത് 13.04 ശതമാനമാണ്. 2022–23 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം കടത്തിന്റെ വളര്‍ച്ച 10.33 ശതമാനമായി കുറഞ്ഞു. 2023–24 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം കടത്തിന്റെ വളര്‍ച്ച 10.21 ശതമാനമാണ്.
ഈ കണക്കുകള്‍ കടവര്‍ധനയുടെയും കടക്കെണിയുടെയും ലക്ഷണങ്ങളല്ല. ജനങ്ങളുടെ യുക്തിക്കു നരെ തല്‍പ്പര കക്ഷികള്‍ വെച്ച കെണിയില്‍ ഒരാളും പെടാന്‍ പോകുന്നില്ല. സംസാരിക്കുന്ന കണക്കുകള്‍ വസ്തുതകളെ തുറന്നുകാട്ടുമ്പോള്‍ കടക്കെണി എന്ന പ്രചരണം ഏറ്റെടുത്തവര്‍ക്ക് അത് പൂട്ടിവയ്‌ക്കേണ്ടിവന്നത് നാം കാണുകയാണല്ലോ- മുഖ്യമന്ത്രി വ്യക്തമാക്കി.
English Summary;Those who gave fuel price fixing to monopolies are now protesting: Chief Minister
You may also like this video