കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രതിഷേധിക്കാനെത്തിയ ജയ് ഭീം നഗറിൽ നിന്നുള്ള സ്ത്രീകളെ വിലക്കി പ്രദേശവാസികള്‍. “റീക്ലെയിം ദി നൈറ്റ്” പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ ബഹുജൻ സ്ത്രീകളെയാണ് പ്രദേശവാസികളായിട്ടുള്ളവര്‍തന്നെ അപമാനിച്ച് പുറത്താക്കിയത്.
ചേരികളില്‍ താമസിക്കുന്നവരായതിനാലാണ് തങ്ങളെ പ്രതിഷേധിക്കുന്നതില്‍നിന്നും വിലക്കിയതെന്ന് ബഹുജൻ സ്ത്രീകള്‍ പ്രതികരിച്ചു. നിങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കാനുള്ള വേദിയല്ല ഇതെന്ന് പ്രതിഷേധം തടയാനെത്തിയവര്‍ പറഞ്ഞതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
മുംബൈയിലെ സാമ്പത്തികമായി ഉയർന്ന വിഭാഗത്തില്‍പ്പെട്ടവര്‍ താമസിക്കുന്ന ഹിരാനന്ദാനി ഗാർഡൻസിലെ സ്ത്രീകള്‍ 14ന് രാത്രിയില്‍ സംഘടിപ്പിച്ച “റീക്ലെയിം ദി നൈറ്റ്” പ്രതിഷേധ പരിപാടിയിലാണ് ഇവരും പങ്കുകൊള്ളാനെത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച സന്ദേശം കണ്ടാണ് ബഹുജൻ സ്ത്രീകള്‍ ഗലേറിയ ഷോപ്പിങ് മാളില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയത്.
എന്നാല്‍ ഇവരെ കണ്ടതോടെ ഹിരനന്ദാനി നിവാസികൾ കയ്യിൽ നിന്ന് പ്ലക്കാർഡുകൾ പിടിച്ചുവാങ്ങുകയും പുറത്തുപോകാൻ ആവശ്യപ്പെടുകയുമായിരുന്നു. പ്രതിഷേധത്തില്‍ നിന്ന് പുറത്തുകടക്കാൻ ആവശ്യപ്പെട്ട് ഇവര്‍ മര്‍ദ്ദിച്ചതായും സ്ത്രീകള്‍ വ്യക്തമാക്കി.
സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ തുറന്ന സ്ഥലങ്ങളിൽ താമസിക്കുന്ന തങ്ങള്‍ക്ക് മനസിലാകുമെന്നും ലൈംഗികാതിക്രമങ്ങളെ നിരന്തരം ഭയന്ന് കഴിയുന്നവരാണ് തങ്ങളെന്നും ബഹുജൻ സ്ത്രീകള്‍ പറഞ്ഞു. പൊതു ഇടത്തിൽ സംഘടിപ്പിച്ച പ്രതിഷേധമായതുകൊണ്ടാണ് തങ്ങള്‍ വന്നതെന്നും വളരെ വേദനിപ്പിക്കുന്ന അനുഭവമാണ് നേരിടേണ്ടിവന്നതെന്നും അവര്‍ പറഞ്ഞു.