Site iconSite icon Janayugom Online

മറുകണ്ടം ചാടിയവര്‍ പരാജയം നുണഞ്ഞു

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ പാര്‍ട്ടികളില്‍ നിന്ന് രാജിവച്ച് പുതിയ കൂടാരത്തിലെത്തി മത്സരിച്ച ഭൂരിപക്ഷം സ്ഥാനാര്‍ത്ഥികള്‍ക്കും പരാജയം. കോണ്‍ഗ്രസ്, ബിജെപി, എസ്‌പി അടക്കമുള്ള പാര്‍ട്ടികളില്‍ നിന്ന് മറുകണ്ടം ചാടിയെത്തിയ 168 പേരാണ് ഇത്തവണ മത്സരരംഗത്ത് ഉണ്ടായിരുന്നത്. ഇതില്‍ 39 പേര്‍ ദയനീയമായി പരാജയപ്പെട്ടു. ബിജെപി ശക്തി കേന്ദ്രമായ ഉത്തര്‍പ്രദേശില്‍ 25 പേരാണ് കൂറുമാറിയെത്തി മത്സര വേഷം കെട്ടിയത്. ഇതില്‍ 15 പേരെ ജനം തള്ളി. 19 പേര്‍ സ്ഥാനാര്‍ത്ഥികളായി രംഗത്തുവന്ന മഹാരാഷ്ട്രയില്‍ 10 പേര്‍ പരാജയം നുണഞ്ഞു. തെലങ്കാനയിലും 19 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണം ചേരി മാറി മത്സരിച്ചതെങ്കില്‍, 14 പേരെ വോട്ടര്‍മാര്‍ വീട്ടിലിരുത്തി. 

യുപിയില്‍ 25 പേരില്‍ 10 പേരാണ് വിജയിച്ചത്. ജിതിന്‍ പ്രസാദ്, എസ്‌പി അംഗം ലാല്‍ജി വര്‍മ, രാം ശിരോമണി വര്‍മ, രാമപ്രസാദ് ചൗധരി, സുനിതാ വര്‍മ, കൃഷ്ണ ദേവി ശിവശങ്കര്‍ സിങ് പട്ടേല്‍, കോണ്‍ഗ്രസ് അംഗം ഡാനിഷ് അലി, രാകേഷ് രാഥോഡ്, ഉജ്വല്‍ രാമന്‍, നിഷാദ് പാര്‍ട്ടി അംഗം വിനോദ് കുമാര്‍ ബിന്ദ് എന്നിവര്‍ മാത്രമാണ് ജയിച്ചത്. 

മഹാരാഷ്ട്രയിലും പാര്‍ട്ടി മാറിയെത്തിയ 19ല്‍ 10 പേര്‍ ദയനീയമായി പരാജയപ്പെട്ടു. ശരദ് പവാര്‍ പക്ഷ എന്‍സിപിയിലെ അമര്‍ സഹ്രദോ കാലെ, മോഹിത് പട്ടേല്‍, എക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിലെ ദാരിയഷില്‍ മാനെ, സന്ദീപ് പനോരെ ബുംറ, നരേഷ് മാഷക്, ശ്രീനിരംഗ് ബാര്‍നെ, ശ്രീകാന്ത് ഷിന്‍ഡെ, ശിവസേന ഉദ്ധവ് പക്ഷത്തെ ബാബുസാഹേബ് രാജാറാം വാക്ചുരെ, സഞ്ജയ് ദിന പാട്ടില്‍ എന്നിവരാണ് വിജയിച്ചത്. ഇതേ അവസ്ഥയാണ് തെലങ്കാനയിലും ആവര്‍ത്തിച്ചത്. കൂറുമാറിയെത്തി മത്സരിച്ച വനിതാ സ്ഥാനാര്‍ത്ഥികളും പലയിടത്തും തോറ്റു. 20 വനിതാ നേതാക്കളാണ് തെരഞ്ഞെടുപ്പിന് മുമ്പ് കൂടുമാറ്റം നടത്തിയത്. ആറ് പേര്‍ മാത്രമാണ് വിജയത്തിന്റെ മധുരം നുണഞ്ഞത്. 

Eng­lish Summary:Those who jumped the oth­er way were defeated
You may also like this video

Exit mobile version