Site iconSite icon Janayugom Online

പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്ക് തടവുശിക്ഷ നൽകണം: ഹൈക്കോടതി

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവർക്ക് തടവുശിക്ഷ നൽകാൻ നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നതിന്റെ സാധ്യത ആരാഞ്ഞ് ഹൈക്കോടതി. ഇവരെ പിടികൂടാനുള്ള ചുമതല പൊലീസിന് നൽകാൻ കഴിയുമോ എന്നത് പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു. മാലിന്യം വലിച്ചെറിയുന്നത് തടയാൻ നിരീക്ഷണ ചുമതല പൊലീസിനെ ഏൽപ്പിച്ച ശ്രീലങ്കൻ മാതൃക ചൂണ്ടിക്കാട്ടിയാണ് പൊലീസിനും കൂടി ചുമതല നൽകാനാകുമോ എന്ന് കോടതി ചോദിച്ചത്. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമഭേദഗതി സർക്കാരിന്റെ പരിഗണനയിലാണെന്നും ഈ നിയമസഭാ സമ്മേളനത്തിൽ പാസാക്കാനായില്ലെങ്കിൽ ഓർഡിനൻസ് വഴി ഭേദഗതി കൊണ്ടുവരുമെന്നും അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളിധരൻ കോടതിയിൽ അറിയിച്ചു. കൊച്ചിയിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസും ജസ്റ്റിസ് പി ഗോപിനാഥും അടങ്ങിയ ഡിവിഷൻ ബെഞ്ച് ഈ നിർദേശം മുന്നോട്ടുവച്ചത്.
ദേശീയപാത നിർമാണത്തിനായി മാലിന്യം ഉപയോഗിക്കുന്ന കാര്യത്തിൽ ദേശീയപാത അതോറിറ്റി നിലപാട് അറിയിക്കാത്തതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. കോൺക്രീറ്റ് അവശിഷ്ടങ്ങൾ ഉപയോഗിക്കുന്ന കാര്യത്തിലും നിലപാട് അറിയിക്കാൻ കോടതി നിർദ്ദേശിച്ചു.
15 ശതമാനം മാത്രം തദ്ദേശ സ്ഥാപനങ്ങളെ മാലിന്യം ശേഖരിക്കുന്നതിൽ വീഴ്ച വരുത്തുന്നുള്ളൂ. ഇത് പരിഹരിക്കാൻ ശ്രമിക്കുകയാണെന്ന് സർക്കാർ അറിയിച്ചു. പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ ബൂത്തുകൾ സ്ഥാപിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. തദ്ദേശഭരണ സ്ഥാപനങ്ങൾ ഇതിന് പറ്റിയ സ്ഥലങ്ങൾ കണ്ടെത്തണമെന്നും കോടതി നിർദ്ദേശിച്ചു.

Eng­lish summary;Those who lit­ter in pub­lic should be jailed: HC

you may also like this video;

Exit mobile version