തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പില്‍ വൈകിട്ട് ആറ് വരെ പോളിങ് സ്റ്റേഷനിൽ എത്തുന്ന മുഴുവൻ പേർക്കും വോട്ട് ചെയ്യാൻ അവസരം നൽകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. വോട്ടെടുപ്പ് അവസാനിപ്പിക്കാൻ നിശ്ചയിച്ച സമയത്തിന് പോളിങ് സ്റ്റേഷനിൽ ക്യൂവിൽ നിൽക്കുന്ന എല്ലാവരെയും വോട്ട് ചെയ്യാൻ അനുവദിക്കും. ഇവർക്ക് പ്രിസൈഡിങ് ഓഫീസർ ഒപ്പിട്ട സ്ലിപ്പ് നൽകും. ഏറ്റവും അവസാനത്തെ ആൾക്ക് ഒന്ന് എന്ന ക്രമത്തിലാണ് സ്ലിപ്പ് നൽകുക. വോട്ടെടുപ്പ് അവസാനിപ്പിക്കുന്നതിനുള്ള സമയം കഴിഞ്ഞാലും ക്യൂവിലുള്ള സമ്മതിദായകർ എല്ലാവരും വോട്ട് ചെയ്യുന്നത് വരെ വോട്ടെടുപ്പ് തുടരും.
നോട്ടയും വിവിപാറ്റും ഇല്ല
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് മെഷീനിൽ നോട്ട (NOTA) രേഖപ്പെടുത്താൻ കഴിയില്ല. അതുപോലെ വിവിപാറ്റ് മെഷീനും ഉണ്ടാകില്ല.
വോട്ട് ചെയ്യാനുള്ള തിരിച്ചറിയൽ രേഖകള്‍
തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിട്ടുള്ള വോട്ടർ തിരിച്ചറിയൽ കാർഡ്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിട്ടുള്ള വോട്ടർ സ്ലിപ്പ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ച എസ്എസ്എൽസി സർട്ടിഫിക്കറ്റ്/ബുക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തെരഞ്ഞെടുപ്പ് തീയതിക്ക് ആറു മാസക്കാലയളവിന് മുൻപ് വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ് ബുക്ക് എന്നിവയിൽ ഏതെങ്കിലും ഒരെണ്ണം തിരിച്ചറിയൽ രേഖയായി ഹാജരാക്കാം.

