Site iconSite icon Janayugom Online

പൊലീസിനെ കളങ്കപ്പെടുത്തുന്നവര്‍ സേനയില്‍ വേണ്ട: മുഖ്യമന്ത്രി

അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കുമ്പോഴും പൊലീസിലെ ചിലർ സേനയെ കളങ്കപ്പെടുത്തുന്ന നിലയിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അധികാര പ്രയോഗം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിലയിൽ ആവാൻ പാടില്ല. സേനയുടെ മാഹാത്മ്യം കളങ്കപ്പെടുത്തുന്ന ആരെയും സംരക്ഷിക്കില്ല. അത്തരക്കാർ സേനയുടെ ഭാഗമല്ലാതാകും. ജനങ്ങളോട് പരുഷമായ പെരുമാറ്റവും മൂന്നാം മുറയുമല്ല കൂടുതൽ സുതാര്യവും സൗഹാർദ്ദപരവുമായി പെരുമാറണം. പൊലീസ് സ്റ്റേഷനുകളിൽ ക്യാമറ സംവിധാനം ഏർപ്പെടുത്തും. 

18 മാസം വരെ ദൃശ്യങ്ങൾ സൂക്ഷിക്കും. ഇതുവഴി സ്റ്റേഷനിലെ ദൈനംദിന പ്രവർത്തനങ്ങൾ നിരീക്ഷിക്കാം. പൊലീസ് സേനയിലെ നേരിയ പരാതികൾ പോലും പരിഹരിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതുതായി നിർമ്മാണം പൂർത്തീകരിച്ച കൊല്ലം റൂറൽ ജില്ലാ പൊലീസ് ആസ്ഥാനം കൊട്ടാരക്കരയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയ ധ്രുവീകരണം ചെറുക്കാനും ദുരന്തനിവാരണ- രക്ഷാപ്രവർത്തനരംഗം, ലഹരി വിരുദ്ധ പ്രവർത്തനം എന്നീ മേഖലകളിലും മികച്ച ഇടപെടലാണ് കേരള പൊലീസ് നടത്തുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. 

മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപി, എംഎൽഎമാരായ പി എസ് സുപാൽ, കോവൂർ കുഞ്ഞുമോൻ, പി സി വിഷ്ണുനാഥ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ ഡാനിയേൽ, സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് തുടങ്ങിയവർ പങ്കെടുത്തു.
കൊല്ലം അച്ചൻകോവിൽ, വയനാട്ടിലെ പനമരം പൊലീസ് സ്റ്റേഷന്‍ കെട്ടിടങ്ങൾ, ആലപ്പുഴ പട്ടണക്കാട്, ആലപ്പുഴ സൗത്ത്, തൃക്കുന്നപ്പുഴ, എറണാകുളത്തെ നോർത്ത് പറവൂർ, ചെങ്ങമനാട്, മുളന്തുരുത്തി, ഊന്നുകൽ സ്റ്റേഷനുകളിലെ ശിശുസൗഹൃദ ഇടങ്ങൾ ആലപ്പുഴയിലെയും വയനാട്ടിലെയും പൊലീസ് കൺട്രോൾ റൂം, കോട്ടയത്തെ റിപ്പീറ്റർ സ്റ്റേഷൻ, പള്ളിക്കത്തോട് സ്റ്റേഷനിലെ അനുബന്ധ സൗകര്യങ്ങൾ എന്നിവയും ഇതോടൊപ്പം ഓണ്‍ലൈനായി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. കോട്ടയം ചങ്ങനാശേരി, കാസര്‍കോട് ബേക്കൽ സബ് ഡിവിഷനുകള്‍, മേൽപ്പറമ്പ, സൈബർ ക്രൈം, വനിതാ, തൃശൂർ സിറ്റി ഈസ്റ്റ്, കണ്ണൂരിലെ കണ്ണവം, കൊട്ടാരക്കര പൊലീസ് സ്റ്റേഷനുകള്‍ തുടങ്ങിയവയുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു. 

Eng­lish Summary:Those who tar­nish the police are not want­ed in the force: Chief Minister
You may also like this video

Exit mobile version