Site iconSite icon Janayugom Online

ആയിരങ്ങള്‍ സാക്ഷി; സുധാകര്‍ റെഡ്ഡിക്ക് വിടനല്‍കി

സിപിഐ മുൻ ജനറൽ സെക്രട്ടറിയും മുൻ ലോക്‌സഭാംഗവുമായിരുന്ന എസ് സുധാകർ റെഡ്ഡിക്ക് ആയിരങ്ങളുടെ അന്ത്യാഭിവാദ്യം. വെള്ളിയാഴ്ച രാത്രി അന്തരിച്ച അദ്ദേഹത്തിന്റെ മൃതദേഹം ഇന്നലെ രാവിലെ പത്തോടെ സിപിഐ തെലങ്കാന സംസ്ഥാന ആസ്ഥാനമായ മഖ്ദൂം ഭവനില്‍ എത്തിച്ച് പൊതുദര്‍ശനത്തിനു വച്ചു. പ്രിയനേതാവിന് ആദരാഞ്ജലി നേരാന്‍ അതിനകം തന്നെ ആയിരക്കണക്കിന് പേരെത്തിയിരുന്നു. മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഉപമുഖ്യമന്ത്രി മല്ലു ഭാട്ടി വിക്രമാര്‍ക്ക, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐ(എം) ജനറല്‍ സെക്രട്ടറി എം എ ബേബി, തെലങ്കാന സംസ്ഥാന സെക്രട്ടറി ജോണ്‍ വെസ്ലി, സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ നാരായണ, സയ്യദ് അസീസ് പാഷ, ആനി രാജ, കേരള സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാര്‍ എംപി, മന്ത്രി കെ രാജന്‍, തെലങ്കാന സംസ്ഥാന സെക്രട്ടറി കുനംനേനി സാംബശിവ റാവു, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പല്ല വെങ്കട്ട് റെഡ്ഡി, സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് എം വി രമണ, ടിപിസിസി പ്രസിഡന്റ് മഹേഷ് കുമാർ ഗൗഡ്, എഐസിസി ജനറൽ സെക്രട്ടറി മീനാക്ഷി നടരാജൻ, ബിആര്‍എസ് നേതാവ് കെ ടി രാമറാവു, തെലങ്കാന മാധ്യമ അക്കാദമി അധ്യക്ഷന്‍ ശ്രീനിവാസ റാവു എന്നിവര്‍ക്ക് പുറമേ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കള്‍ തുടങ്ങി നിരവധി പേര്‍ അന്ത്യോപചാരമര്‍പ്പിച്ചു.

ജീവിത പങ്കാളി വിജയലക്ഷ്മി, മക്കളായ നിഖില്‍, കപില്‍ എന്നിവരുള്‍പ്പെടെ ബന്ധുക്കളും കര്‍ഷകത്തൊഴിലാളികള്‍, യുവജന — വിദ്യാര്‍ത്ഥികള്‍, മഹിളകള്‍ എന്നിങ്ങനെ ജീവിതത്തിന്റെ നാനാതുറകളിലുള്ള ആയിരങ്ങള്‍ പ്രിയനേതാവിന് കണ്ണീരോടെ അന്ത്യാഞ്ജലി നേര്‍ന്നു.തുടർന്ന് പൂര്‍ണ ഔദ്യോഗിക ബഹുമതികള്‍ക്കുശേഷം നൂറുകണക്കിന് ചുവപ്പ് വോളണ്ടിയര്‍മാരുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും അകമ്പടിയോടെ തുറന്ന വാഹനത്തില്‍ ഗാന്ധി ബോധന ആശുപത്രിയിലെത്തിച്ച മൃതദേഹം പഠനത്തിനായി കൈമാറി. കണ്ണുകള്‍ എൽബി പ്രസാദ് നേത്രാശുപത്രിക്കാണ് നല്‍കിയത്.

Exit mobile version