Site iconSite icon Janayugom Online

പോരാട്ട സ്മരണയിൽ പുന്നപ്ര രക്തസാക്ഷികൾക്ക് ഇന്ന് ആയിരങ്ങള്‍ പ്രണാമമര്‍പ്പിക്കും

പിറന്ന മണ്ണില്‍ മനുഷ്യനായി ജീവിക്കാനുള്ള അവകാശ പോരാട്ടത്തിനിടെ സര്‍ സിപിയുടെ ചോറ്റുപട്ടാളത്തിന്റെ വെടിയേറ്റ് മരിച്ച രക്തതാരകങ്ങള്‍ക്ക് ഇന്ന് നാട് പ്രണാമമര്‍പ്പിക്കും. പുന്നപ്ര തെക്ക്-വടക്ക് പഞ്ചായത്തുകളിലെ ലോക്കൽ സംഘാടക സമിതികളുടെ നേതൃത്വത്തിൽ സമരഭൂമിയിലെ ബലികുടീരത്തിൽ പകൽ 11 ന് പുഷ്പാർച്ചന നടത്തും. അമ്പലപ്പുഴ വടക്ക്, തെക്ക്, പുറക്കാട് പഞ്ചായത്തുകളിലെ ലോക്കൽ സംഘാടക സമിതികളുടെ നേതൃത്വത്തിൽ ആയിരങ്ങൾ, സിപിഐ(എം) വണ്ടാനം ലോക്കൽ കമ്മിറ്റി ഓഫിസിനു മുന്നിൽ ഒത്തുകൂടി വൈകിട്ട് നാലിന് ദേശീയപാതയിലൂടെ കപ്പക്കട ജങ്ഷൻ വഴി സമരഭൂമിയിലെത്തി പുഷ്പാർച്ചന നടത്തും. 11ന് ചേരുന്ന രക്തസാക്ഷി അനുസ്മരണ സമ്മേളനത്തിൽ വി ആര്‍ അശോകന്‍ അധ്യക്ഷത വഹിക്കും. വി കെ ബൈജു സ്വാഗതം പറയും. സിപിഐ ജില്ലാ സെക്രട്ടറി എസ് സോളമന്‍, സിപിഐ (എം) ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ തുടങ്ങിയവര്‍ സംസാരിക്കും. വൈകിട്ട് മൂന്നിന് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സമര നായകൻ വട്ടത്തറ ശങ്കരന്റെ മകൾ മീനാക്ഷി കൊളുത്തി നൽകുന്ന ദീപശിഖ പുന്നപ്ര വടക്ക്, തെക്ക്, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലൂടെ പ്രയാണം നടത്തി വൈകിട്ട് 6ന് ദീപശിഖ സമരഭൂമിയിൽ എത്തുമ്പോൾ വാരാചണ കമ്മിറ്റി പ്രസിഡന്റ് ഇ കെ ജയൻ ഏറ്റുവാങ്ങി രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിക്കും. വൈകിട്ട് 6 ന് ചേരുന്ന പൊതുസമ്മേളനം സിപിഐ(എം) ജനറല്‍ സെക്രട്ടറി എം എ ബേബി ഉദ്ഘാടനം ചെയ്യും. ഇ കെ ജയൻ അധ്യക്ഷനാകും. സി ഷാംജി സ്വാഗതം പറയും. 

സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, സിപിഐ (എം) കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത, മന്ത്രിമാരായ പി പ്രസാദ്, സജി ചെറിയാന്‍, സിപിഐ ദേശീയ കൗണ്‍സില്‍ അംഗം ടി ജെ ആഞ്ചലോസ്, ജില്ലാ സെക്രട്ടറി എസ് സോളമന്‍, സിപിഐ(എം) ജില്ലാ സെക്രട്ടറി ആര്‍ നാസര്‍, എച്ച് സലാം എംഎല്‍എ, നേതാക്കളായ പി വി സത്യനേശന്‍, വി മോഹന്‍ദാസ്, എ ഓമനക്കുട്ടന്‍, ആര്‍ രാഹുല്‍, റോസ്സല്‍രാജ് തുടങ്ങിയവര്‍ സംസാരിക്കും. കെ ജഗതീശന്‍ നന്ദി പറയും. പുന്നപ്ര രക്തസാക്ഷികൾ അന്തിയുറങ്ങുന്ന ആലപ്പുഴ വലിയചുടുകാട്ടിൽ വൈകിട്ട് അഞ്ചിന് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടക്കും. വാരാചരണ കമ്മിറ്റി പ്രസിഡന്റ് പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷത വഹിക്കും. സെക്രട്ടറി ആര്‍ സുരേഷ് സ്വാഗതം പറയും. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരന്‍, സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി വി സത്യനേശന്‍, സിപിഐ (എം) ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ എച്ച് ബാബുജാന്‍ തുടങ്ങിയവര്‍ സംസാരിക്കും. 

Exit mobile version