മുന്‍ വനിതാ സഹപ്രവര്‍ത്തകയെ അപമാനിക്കാന്‍ കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളിലുള്ള പൊതു ശുചിമുറികളില്‍ പോസ്റ്ററുകള്‍ ഒട്ടിക്കുകയും ചുമരില്‍ എഴുതുകയും ചെയ്ത സംഭവത്തില്‍ രണ്ട് പ്രൊഫസര്‍മാരടക്കം മൂന്ന് പേരെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു.
കോളജ് അഡ്മിനിസ്‌ട്രേഷന്‍ മേധാവി പ്രകാശ് ഷേണായി (44) പ്രദീപ് പൂജാരി (36), ബി എസ് ഷെട്ടി (32) എന്നിവരാണ് അറസ്റ്റിലായത്. കോളജില്‍ നേരത്തെ കന്നഡ പ്രൊഫസറായി ജോലി ചെയ്തിരുന്ന വനിതയുടെ മൊബൈല്‍ നമ്പറും ഇ‑മെയില്‍ വിലാസവും അടക്കമാണ് ഇവര്‍ പോസ്റ്ററുകള്‍ തയാറാക്കി സുള്ളിയ, സുബ്രഹ്മണ്യ, സംപാജെ, മടിക്കേരി, മൈസൂരു, ചിക്കമംഗളുരു, മുടിഗെരെ, ബാലെഹോന്നൂര്‍, എന്‍ആര്‍ പുര എന്നിവിടങ്ങളിലെ ബസ് സ്റ്റാന്‍ഡുകളിലുള്ള പൊതു ശൗചാലയങ്ങളില്‍ പതിച്ചത്.
പ്രതികളിലൊരാളായ പ്രദീപ് പൂജാരിക്കെതിരെ 2019ല്‍ മറ്റൊരു വനിതാ പ്രൊഫസറെ അപകീര്‍ത്തിപ്പെടുത്തിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. കന്നഡ പഠിപ്പിക്കുന്ന പ്രൊഫസറെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തിനു പിന്നില്‍ ബണ്ട്‌വാള്‍ നഗരത്തിന് സമീപത്തെ ഒരു പ്രശസ്ത കോളജ് മാനേജ്‌മെന്റാണെന്ന് പൊലീസ് പറഞ്ഞു.
കോളജിലെ ജോലി ഉപേക്ഷിച്ച് മറ്റൊരു സ്ഥാപനത്തില്‍ ചേര്‍ന്ന ശേഷമാണ് പ്രതികള്‍ ഇവരെ ഉപ്രദവിക്കാന്‍ തുടങ്ങിയത്. കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.
English summary; Three arrested for defaming teacher
You may also like this video;