വീട് കത്തി മൂന്നു പേർ മരിച്ച നിലയിൽ. കൊന്നത്തടി മരക്കാനത്തിന് സമീപമാണ് കത്തിയ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മൂന്നു പേരുടെ മൃതദേഹം കണ്ടത്. മരക്കാനം തെള്ളിപ്പടവിൽ പരേതനായ അനീഷിൻ്റെ ഭാര്യ ശുഭ, മക്കളായ അഭിനന്ദ്, അഭിനവ്, ശുഭയുടെ മാതാവ് പൊന്നമ്മ എന്നിവരായിരുന്ന ഇവിടത്തെ താമസക്കാർ. ഇതിൽ മൂന്നു പേരുടെ മൃതദേഹമാണ് കണ്ടെത്തിയിട്ടുള്ളത്. കത്തിക്കരിഞ്ഞ നിലയിലായതിനാൽ ഇത് ആരുടേതെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു.
സമീപത്ത് മറ്റ് വീടുകളൊന്നും ഇല്ലാത്തതിനാൽ സംഭവം പുറം ലോകമറിഞ്ഞില്ല. ഇന്നലെയാണ് സംഭവം നടന്നതെന്ന് കരുതുന്നു. രാത്രിയോടെയാണ് സംഭവം അറിഞ്ഞ് വെള്ളത്തൂവൽ പൊലീസ് സ്ഥലത്തെത്തിയത്. അനീഷ് രണ്ട് വർഷം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഷോർട്ട് സർക്യൂട്ട് കാരണമാകാമെന്നാണ് പ്രാഥമിക വിവരം.എന്നാൽ ഒരു മൃതദേഹം കണ്ടെത്താത്തത് ദുരൂഹത വർധിപ്പിക്കുന്നു.

