Site iconSite icon Janayugom Online

മൂന്ന് നഗരങ്ങള്‍ പുതുമോടിയിലേക്ക്

urbenurben

സംസ്ഥാനത്തെ മൂന്ന് പ്രധാന നഗരങ്ങളുടെ മുഖച്ഛായ മാറും. 2023 — 24 ലെ ബജറ്റ് പ്രഖ്യാപനമായ അര്‍ബന്‍ റെജുവിനേഷന്‍ ആന്റ് ബ്യൂട്ടിഫിക്കേഷന്‍ പദ്ധതി പ്രകാരം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളാണ് അടിമുടി മാറുന്നത്. പൈതൃക സംരക്ഷണത്തിൽ ഊന്നൽ നൽകിക്കൊണ്ട് ഈ നഗരങ്ങളുടെ നിലവാരം ഉയർത്തുകയാണ് ലക്ഷ്യം. തിരഞ്ഞെടുത്ത നഗര പ്രദേശങ്ങളും ചുറ്റുപാടുകളും മോടിപിടിപ്പിക്കുക, കാൽനടയാത്രക്കാരുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, പൊതുസ്ഥലങ്ങളും വിനോദ സ്ഥലങ്ങളും സജ്ജീകരിക്കുക, ശുചിത്വനിലവാരം ഉയര്‍ത്തുക എന്നിവയാണ് പ്രധാനമായും ചെയ്യുന്നത്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതിക്കായി 300 കോടിയാണ് ആകെ കണക്കാക്കുന്നത്. ഇതില്‍ 100 കോടി ഇതിനകം അനുവദിച്ചു. 

ചീഫ് ടൗണ്‍ പ്ലാനറാണ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. സൗന്ദര്യവല്‍ക്കരണത്തിലൂടെ ഈ മൂന്ന് നഗരങ്ങളുടെയും മുഖച്ഛായ പൂര്‍ണമായും മാറും. ടൂറിസം സാധ്യതകള്‍ വര്‍ധിക്കുകയും ജീവിത നിലവാരം ഉയരുകയും ചെയ്യും. സംസ്ഥാനത്തെ ഏറ്റവും പഴയതും വലുതുമായ കോര്‍പറേഷനുകള്‍ എന്ന നിലയിലാണ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകള്‍ പദ്ധതിക്കായി പരിഗണിച്ചത്. പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ മേല്‍നോട്ട ചുമതല ഒരു സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്‌പിവി) വഹിക്കും. തിരുവനന്തപുരം ഡെവലപ്പ്മെന്റ് അതോറിട്ടി (ട്രിഡ), തിരുവനന്തപുരത്തും ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്പ്മെന്റ് അതോറിട്ടി (ജിസിഡിഎ) കൊച്ചിയിലും ഇംപാക്ട് കേരള കോഴിക്കോട് നഗരസഭയിലും എസ് പിവി ആയി പ്രവര്‍ത്തിക്കും.

തദ്ദേശ സ്വയംഭരണ മന്ത്രി അധ്യക്ഷനും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കണ്‍വീനറുമായ സംസ്ഥാനതല സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. കോര്‍പറേഷന്‍ മേയർ അധ്യക്ഷനായ സിറ്റി ലെവൽ കമ്മിറ്റിയും അതിന്റെ കൺവീനറായി സൂപ്രണ്ടിങ് എന്‍ജിനീയറും പദ്ധതിയുടെ മേൽനോട്ടം വഹിക്കാനും ഏകോപിപ്പിക്കാനുമായി പ്രവര്‍ത്തിക്കും. പദ്ധതി ആസൂത്രണത്തിനും നടത്തിപ്പിനും അസി. എക്സിക്യൂട്ടീവ് എന്‍ജിനീയർ റാങ്കില്‍ കുറയാത്ത മുഴുവൻ സമയ സർക്കാർ ഉദ്യോഗസ്ഥനെ സിറ്റി ബ്യൂട്ടിഫിക്കേഷൻ പദ്ധതിയുടെ പ്രോജക്ട് മാനേജരായും നിയോഗിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: Three cities to Puthumodi

You may also like this video

Exit mobile version